Connect with us

Kannur

കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്‌ അവധി

Published

|

Last Updated

കണ്ണൂര്‍: മഴ ശക്തമായ സാഹചര്യത്തില്‍ വെള്ളിയാഴ്ച കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍  ടി വി സുഭാഷ് അവധി പ്രഖ്യാപിച്ചു. സി ബി എസ് ഇ, ഐ സി എസ് സ്‌കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാല്‍ സര്‍വകലാശാല പരീക്ഷ കള്‍ക്ക് അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു.

മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂര്‍,തിരൂരങ്ങാടി എന്നീ തീരദേശ താലൂക്കുകളിലെ പ്രൊപഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്‌
ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അവധി പ്രഖ്യാപിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട മഹാ ചുഴലിക്കാറ്റ് കാരണം ജില്ലയിലെ തീരപ്രദേശത്ത് കനത്ത മഴയും കടല്‍ ക്ഷോഭവും തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാന്‍ സാധ്യതയുള്ളതിനാലുമാണ് അവധി. അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന്‌ അവധി പ്രഖ്യാപിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെയും, രൂക്ഷമായ കടലാക്രമണത്തിന്റെയും അടിസ്ഥാനത്തിലാണ് അവധി.

തീരദേശത്ത് കടൽക്ഷോഭവും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ കൊച്ചികണയന്നൂർ താലൂക്കുകളിൽ പ്രൊഫഷണൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്‌ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

എം ജി സര്‍വ്വകലാശാല ഇന്ന്‌ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാലാ പിആര്‍ഒ അറിയിച്ചു.

കാസര്‍കോട് ജില്ലയിലെ തീരദേശത്തെ ഓടുമേഞ്ഞ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ ക്ലാസ്സ് മുറികളിലുള്ള കുട്ടികളെ അടിയന്തരമായി കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു നിര്‍ദേശം നല്‍കി. കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്ലാത്ത വിദ്യാലയങ്ങളില്‍ കുട്ടികളെ വീടുകളിലേക്ക് വിട്ട്, എത്തിയെന്ന് ഉറപ്പു വരുത്തണമെന്നും കലക്ടര്‍ അറിയിച്ചു.

Latest