മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ചോര്‍ത്തിയ സംഭവം; ഇന്ത്യ വിശദീകരണം തേടി

Posted on: October 31, 2019 3:07 pm | Last updated: October 31, 2019 at 11:33 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്‍പ്പെടെ 20 രാജ്യങ്ങളിലെ 1400 മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വാട്‌സ്ആപ്പ് ചാറ്റുകള്‍ ഇസ്‌റാഈല്‍ കമ്പനി ചോര്‍ത്തിയ സംഭവത്തില്‍ ഇന്ത്യ വാട്‌സ്ആപ്പില്‍ നിന്ന് വിശദീകരണം തേടി. നവംബര്‍ നാലിനകം മറുപടി നല്‍കാം ആവശ്യപ്പെട്ട് ഇന്ത്യന്‍ ഐടി മന്ത്രാലയമാണ് വാട്‌സ്ആപ്പിന് നോട്ടീസ് നല്‍കിയത്.

അതിനിടെ, ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത വാട്‌സ്ആപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. ഇക്കാര്യം വാട്‌സ്ആപ്പ് അധികൃതര്‍ ഉപഭോക്താക്കളെ അറിയിച്ചതായി വാട്‌സ്ആപ്പ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ആദ്യമാണ് ഇസ്‌റാഈല്‍ സൈബര്‍ സുരക്ഷാ കമ്പനിയായ എന്‍എസ്ഒ വിവരങ്ങള്‍ ചോര്‍ത്തിയത്. കമ്പനിക്ക് എതിരെ വാട്‌സ് ആപ്പിന്റെ മാതൃ സ്ഥാപനമായ ഫേസ്ബുക്ക് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 75000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഫേസ്ബുക്ക് കോടതിയെ സമീപിച്ചത്.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിക്കുന്ന സ്‌പൈവെയര്‍ പ്രചരിപ്പിച്ചാണ് കമ്പനി വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സന്ദേശങ്ങള്‍, കോളുകള്‍, പാസ്‌വേര്‍ഡുകള്‍, ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങിയ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടത്. പെഗാസസ് എന്ന സ്‌പൈവെയറാണ് ഇതിനായി ഉപയോഗിച്ചത്. വീഡിയോ കോള്‍ വഴിയാണ് സ്‌പൈവെയര്‍ ഉപഭോക്താക്കളുടെ മൊബൈലില്‍ പ്രവേശിക്കുന്നത്. വീഡിയോ കോള്‍ റിംഗ് ചെയ്യുമ്പോള്‍ തന്നെ സ്‌പൈവെയര്‍ ഉപഭോക്താവിന്റെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും വിധമാണ് ഇത് ക്രമീകരിച്ചിരുന്നത്. ഫോണിന്റെ ക്യാമറയും മൈക്രോഫോണും വരെ അക്രമികള്‍ക്ക് ഉപയോഗിക്കാന്‍ ഇതിലൂടെ സാധിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

അതേസമയം, എത്ര പേര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന യഥാര്‍ഥ കണക്ക് വാട്‌സ്ആപ്പ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇരയാക്കപ്പെട്ടവരെ എല്ലാം നേരില്‍ വിളിച്ച് വിവരം അറിയിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നന്ന് വാട്‌സ്ആപ്പ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഏപ്രിലില്‍ ഏതാണ്ട് രണ്ടാഴ്ചക്കാലം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും നയതന്ത്ര പ്രതിനിധികളുടെയും വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരീക്ഷിക്കപ്പെട്ടതായാണ് വിവരം. കഴിഞ്ഞ മെയില്‍, സൈബര്‍ ആക്രമണം ഉണ്ടായതായും എന്നാല്‍ അത് തടഞ്ഞതായും ഫേസ്ബുക്ക് വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ആരോപണങ്ങള്‍ ഇസ്‌റാഈല്‍ കമ്പനി നിഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ സാങ്കേതികവിദ്യ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും എതിരായി ഉപയോഗിക്കാന്‍ രൂപകല്‍പ്പന ചെയ്തതല്ലെന്നും കമ്പനി വിശദീകരിച്ചു.