Connect with us

Editorial

കശ്മീരില്‍ കേന്ദ്രം മുഖം കെടുന്നു

Published

|

Last Updated

editoവെളുക്കാന്‍ തേച്ചത് പാണ്ടായ പരുവത്തിലാണ് യൂറോപ്യന്‍ സംഘത്തിന്റെ കശ്മീര്‍ സന്ദര്‍ശന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അവസ്ഥ. ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ കശ്മീരില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ മറവില്‍ അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ യു എന്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ മുഖം മിനുക്കാനാണ് സര്‍ക്കാര്‍ തീവ്ര വലതുപക്ഷക്കാരായ ഒരു സംഘത്തെ കശ്മീര്‍ സന്ദര്‍ശനത്തിനായി എഴുന്നള്ളിച്ചത്. സംഘത്തില്‍ നിന്ന്, കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കുന്ന ഒരു റിപ്പോര്‍ട്ട് തരപ്പെടുത്തുകയാണ് ലക്ഷ്യം.

സര്‍ക്കാര്‍ ക്ഷണപ്രകാരമല്ല സംഘത്തിന്റെ സന്ദര്‍ശനം, അവരുടെ താത്പര്യ പ്രകാരമാണെന്നും സര്‍ക്കാറിന് അതില്‍ ഒരു റോളുമില്ലെന്നുമാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് സംഘം എത്തിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, ഡല്‍ഹിയിലെത്തിയ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, വിദേശകാര്യ മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കശ്മീരിലേക്ക് പോയത്. സംഘത്തിന് ഡല്‍ഹിയില്‍ വെച്ച് വിരുന്നും നല്‍കുകയുണ്ടായി അജിത് ഡോവല്‍. യൂറോപ്യന്‍ പാര്‍ലിമെന്റിലെ 28 എം പിമാര്‍ അടങ്ങുന്നതാണ് സംഘം. അതേസമയം, തങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘമല്ല ഇതെന്ന് യൂറോപ്യന്‍ പാര്‍ലിമെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ എം പിമാര്‍ക്കും ജന നേതാക്കള്‍ക്കും ഇപ്പോഴും കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതിയില്ല. കശ്മീരിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ എം പിമാരെയും നേതാക്കളെയും കശ്മീരില്‍ ഇറങ്ങാന്‍ അനുവദിക്കാതെ വിമാനത്താവളത്തില്‍ വെച്ച് തിരിച്ചയക്കുകയാണുണ്ടായത്. സി പി എം നേതാവ് സീതാറാം യെച്ചൂരിക്ക് കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാന്‍ സുപ്രീം കോടതിയുടെ വാതില്‍ക്കല്‍ മുട്ടേണ്ടി വന്നു. രാജ്യത്തെ ബഹുകക്ഷി പ്രതിനിധി സംഘം കശ്മീര്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന ലോക്‌സഭയിലെ പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് സര്‍ക്കാര്‍ മുഖംതിരിക്കുകയുമാണുണ്ടായത്. മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ജനപ്രതിനിധികളും നേതാക്കളും മൂന്ന് മാസത്തോളമായി തടവിലാണ്. താഴ്‌വരയിലേക്ക് കടന്നുചെന്ന് സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ ഒരു വിദേശ മാധ്യമ പ്രവര്‍ത്തകനെയും സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഈ സാഹചര്യത്തില്‍ തീര്‍ത്തും കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് നയങ്ങളെ അംഗീകരിക്കുന്ന ഒരു സംഘത്തിനല്ലാതെ കശ്മീരില്‍ പ്രവേശനാനുമതി നല്‍കില്ലെന്ന് ഏത് സാമാന്യബുദ്ധിക്കും ഊഹിക്കാകുന്നതേയുള്ളൂ.

ഇറ്റലിയിലെ ലെഗ നോര്‍ദ്, ഫ്രാന്‍സിലെ റസംബ്ലിമെന്റ് നാഷനല്‍, ജര്‍മനിയിലെ ആള്‍ട്ടര്‍നേറ്റീവ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ തീവ്ര ഇസ്‌ലാംവിരുദ്ധ നിലപാടുകളുടെ പേരില്‍ വിവാദത്തിലായവരും കുടിയേറ്റക്കാര്‍ക്കെതിരെ തീവ്ര നിലപാട് സ്വീകരിക്കുന്ന കടുത്ത വലതുപക്ഷക്കാരുമാണ് സംഘത്തിലുള്ളത്. കുടിയേറ്റവിരുദ്ധതയും ഇസ്‌ലാമോ ഫോബിയയുമാണ് ഈ സംഘടനകള്‍ തമ്മിലുള്ള ഐക്യത്തിന്റെ മേഖല. ജര്‍മനിയില്‍ വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നതിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചു വരുന്നയാളാണ് സംഘത്തിലുള്ള ആള്‍ട്ടര്‍നേറ്റീവ് ഓഫ് ജര്‍മന്‍ നേതാവ് ആലിസ് വെയ്ദലു. ജര്‍മനിയിലെ കുടിയേറ്റക്കാരായ മുസ്‌ലിം അറബ് വംശജരെല്ലാം ക്രിമിനലുകളാണെന്ന ആലിസ് വെയ്ദലുവിന്റെ പ്രസ്താവന വന്‍ വിവാദമാകുകയും വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഒാക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷം അയാളുടെ പരിപാടിക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇത്തരമൊരു സംഘത്തില്‍ നിന്നെങ്ങനെ കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് സത്യസന്ധവും വസ്തുതാപരവുമായ ഒരു റിപ്പോര്‍ട്ട് പ്രതീക്ഷിക്കും?

കശ്മീരിലെ നിലവിലെ സ്ഥിതിഗതികളെന്തെല്ലാമാണ്, അവിടെ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരും മനുഷ്യാവകാശങ്ങള്‍ നടത്തുന്നുണ്ടോ എന്ന് സത്യസന്ധമായി വിലയിരുത്തണമെങ്കില്‍ അന്വേഷണ സംഘം തികച്ചും നിഷ്പക്ഷരായിരിക്കണം. മനുഷ്യാവകാശ ലംഘനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന കശ്മീരിലെ പൊതുസമൂഹത്തില്‍ നിന്ന് ചുരുങ്ങിയ പക്ഷം ജനപ്രതിനിധികളില്‍ നിന്നെങ്കിലും കാര്യങ്ങള്‍ അന്വേഷിച്ചറിയാനെങ്കിലും അവസരം ലഭിക്കണം. എന്നാല്‍ കശ്മീരിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ആരായാനല്ലാതെ ജനപ്രതിനിധികളുമായി സംസാരിക്കാനും സംവദിക്കാനും സംഘത്തിനു അനുവാദമുണ്ടായിരുന്നില്ല.

കശ്മീരിലെ ജനങ്ങളിലേക്ക് നേരിട്ടിറങ്ങി സംവദിക്കാന്‍ അവസരം വേണമെന്ന് ആവശ്യപ്പെട്ടതിനാണല്ലോ വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ലിബറല്‍ ഡെമോക്രാറ്റ് എം പി ക്രിസ് ഡേവീസിനുള്ള സന്ദര്‍ശനാനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ഒക്ടോബര്‍ ഏഴിന് ലഭിച്ച ക്ഷണം തന്റെ ഈ നിലപാടറിഞ്ഞതിനു പിന്നാലെയാണ് പിന്‍വലിക്കപ്പെട്ടതെന്ന് അദ്ദേഹം തന്നെയാണ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. എന്താണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഭയക്കുന്നതെന്നും എന്താണ് കശ്മീരില്‍ ഒളിക്കാനുള്ളതെന്നും ക്രിസ് ഡേവീസ് ചോദിക്കുന്നു.

കശ്മീരില്‍ എല്ലാം നന്നായി പോകുന്നുവെന്ന് ലോകത്തെ തെറ്റുദ്ധരിപ്പിക്കാനാണ് ഇന്ത്യന്‍ സര്‍ക്കാറിന്റെ ശ്രമം. എന്നാല്‍ കശ്മീരില്‍ ജനാധിപത്യ തത്വങ്ങളെല്ലാം ലംഘിക്കപ്പെടുന്ന കാര്യം ലോകം ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ടെന്ന കാര്യം സര്‍ക്കാര്‍ മനസ്സിലാക്കണമെന്നും സ്വാതന്ത്ര്യം ഇല്ലാതാക്കി പട്ടാളഭരണം സ്ഥാപിച്ചാല്‍ സര്‍ക്കാറിന് ജനങ്ങളുടെ ഹൃദയത്തിലിടം കിട്ടില്ലെന്നും യൂറോപ്യന്‍ പാര്‍ലിമെന്റിന്റെ ഫിഷറീസ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ക്രിസ് ഡേവീസ് ഓര്‍മിപ്പിക്കുകയുണ്ടായി.