Connect with us

National

ജമ്മു കശ്മീര്‍ ഇന്ന് മുതല്‍ ഓര്‍മ; രണ്ടായി വിഭജിച്ച കേന്ദ്ര ഉത്തരവ് പ്രാബല്ല്യത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യ്ത് പ്രത്യകേ അധികാരങ്ങള്‍ എടുത്തുകളയും ജമ്മുകശ്മീര്‍ സംസ്ഥാനത്തെ രണ്ടായി വിഭജിച്ചുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഇന്ന് മുതല്‍ പ്രാബല്ല്യത്തില്‍. സംസ്ഥാനം ഇന്നു മുതല്‍ ജമ്മു, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി മാറും. ഇതില്‍ ലഡാക്ക് പൂര്‍ണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകുമ്പോള്‍ ജമ്മു കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുന്ന സംസ്ഥാനമായിരിക്കും. പുതുച്ചേരിപോലെ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും ജമ്മു. എന്നാല്‍ ലഡാക്കാകട്ടെ, ചണ്ഡീഗഢ് പോലെ നിയമസഭ ഇല്ലാത്ത കേന്ദ്രഭരണ പ്രദേശമാവും. രണ്ട് പ്രദേശത്തിന്റെയും ഭരണാധികാരി ലഫ്റ്റനന്റ് ഗവര്‍ണര്‍മാരായിരിക്കും.
ജമ്മു കശ്മീരിന്റെ ലെഫ്റ്റനന്റ് ഗവര്‍ണറായി ഗിരീഷ് ചന്ദ്ര മുര്‍മു ഇന്ന് ചുമതലേയല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായ ഇദ്ദേഹം ആദ്യ ലഫ്. ഗവര്‍ണറായി ചരിത്രത്തില്‍ ഇടംപിടിക്കും. ആര്‍ കെ മാഥുറാണ് ലഡാക്കിലെ ലഫ്. ഗവര്‍ണര്‍.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വലിയ നിയന്ത്രണങ്ങളായിരുന്നു ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നത്. രണ്ട് മാസങ്ങള്‍ക്കിപ്പുറം സ്ഥിതിഗതികള്‍ പൂര്‍വ്വാവസ്ഥയിലെത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ വാദമുന്നയിക്കുമ്പോഴും കശ്മീരില്‍നിന്നും വരുന്ന വാര്‍ത്തകള്‍ ഈ വാദത്തെ നിഷേധിക്കുന്നുണ്ട്. കശ്മീരില്‍ ഇപ്പോഴും 20 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് സ്‌കൂളുകളില്‍ എത്തിയതെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഓഗസ്റ്റ് അഞ്ച് മുതല്‍ കശ്മീരില്‍ ഗതാഗത സംവിധാനത്തിനും മൊബൈല്‍ ഫോണിനും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ നിയന്ത്രണങ്ങള്‍ നീക്കിയത്. കൂടാതെ രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ക്കും പ്രതിപക്ഷ എം പിമാര്‍ക്കും കശ്മീരിലേക്ക് പോകുന്നതിനുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ക്കും കഴിഞ്ഞ ദിവസം കശ്മീര്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രം അനുമതിയും നല്‍കിയിരുന്നു. ഇത് വലിയ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് മുതല്‍ കേന്ദ്ര തീരുമാനങ്ങള്‍ പ്രാബല്ല്യത്തില്‍ വരുന്നത്.

കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനായിരുന്നു കശ്മീരിനെ രണ്ടായി മുറിച്ചുള്ള തീരുമാനം കേന്ദ്രം കൈക്കൊണ്ടത്. 86 ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വിഭജന തീരുമാനം നടപ്പാക്കുന്നത്.

Latest