Connect with us

International

അബൂബക്കര്‍ ബാഗ്ദാദിയെ യുഎസ് സേന വളയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പെന്റഗണ്‍ പുറത്തുവിട്ടു

Published

|

Last Updated

വാഷിംഗ്ടണ്‍: ഐസിസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണത്തിനിടയാക്കിയ സൈനിക ഓപ്പറേഷന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പെന്റഗണ്‍ പുറത്തുവിട്ടു. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ബാഗ്ദാദിയുടെ ഒളി സങ്കേതത്തിലേക്ക് യുഎസ് സൈനികര്‍ കാല്‍നടയായി നീങ്ങുന്നത് ബ്ലാക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിലെ ബാഗ്ദാദിയുടെ വളപ്പിന് നേരെ ആക്രമണം നടത്തുകയായിരുന്ന യുഎസ് ഹെലികോപ്റ്ററുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഒരു കൂട്ടം അജ്ഞാത പോരാളികള്‍ക്ക് നേരെ നടക്കുന്ന വ്യോമാക്രമണത്തിന്റെ വീഡിയോയും പെന്റഗണ്‍ പുറത്തുവിട്ടിട്ടുണ്ട്.

ഒളിസങ്കേതം തകര്‍ക്കുന്നതിനു മുമ്പും ശേഷവുമുള്ള ദൃശ്യങ്ങളും പുറത്തുവന്നതില്‍ ഉള്‍പ്പെടും. റെയ്ഡിനുശേഷം കോമ്പൗണ്ട് യുഎസ് സൈന്യം പൂര്‍ണമായും പൊളിച്ചുമാറ്റുകയായിരുന്നു. “വലിയ കുഴികളുള്ള ഒരു പാര്‍ക്കിംഗ് സ്ഥലം” പോലെയാണ് ഈ സ്ഥലം ഇപ്പോഴുള്ളതന്നെത് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍, മറൈന്‍ കോര്‍പ്‌സ് ജനറല്‍ കെന്നത്ത് മക്കെന്‍സി പറഞ്ഞു. പെന്റഗണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മക്കെന്‍സി ഞായറാഴ്ച നടന്ന റെയ്ഡിനെക്കുറിച്ച് നിരവധി പുതിയ വിശദാംശങ്ങളും നല്‍കി.

അമേരിക്കന്‍ സൈനികരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു തുരങ്കത്തിലേക്ക് കയറിയ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ബാഗ്ദാദിയുടെ 12 വയസ്സിന് താെഴയുള്ള രണ്ട് കുട്ടികളും കൊല്ലപ്പെട്ടതായി കെന്നത്ത് മക്കെന്‍സി പറഞ്ഞു. നേരത്തെ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നാണ് ട്രംപ് വെളിപ്പെടുത്തിയിരുന്നത്. ഇവര്‍ക്ക് പുറമേ നാല് സ്ത്രീകളും ഒരു പുരുഷനും കോമ്പൗണ്ടില്‍ വെച്ച് കൊല്ലപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് പെരുമാറിയതെന്നും ആത്മഹത്യ വസ്ത്രം ധരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിലെ ബാഗ്ദാദിയുടെ താവളം തകര്‍ക്കപ്പെടുന്നതിന് മുമ്പും ശേഷവുമള്ള ദൃശ്യം

റെയ്ഡില്‍ പിടിക്കപ്പെട്ട രണ്ടുപേരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ മക്കെന്‍സി വിസമ്മതിച്ചു. പക്ഷേ കോമ്പൗണ്ടില്‍ നിന്ന് ഗണ്യമായ അളവില്‍ ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തതായി അദ്ദേഹം അറിയിച്ചു. ബാഗ്ദാദിയുടെ മൃതദേഹം 24 മണിക്കൂറിനകം തന്നെ കടലില്‍ സംസ്‌കരിച്ചു. 2004 ല്‍ ഇറാഖിലെ ജയിലില്‍ തടവിലാക്കപ്പെട്ടപ്പോള്‍ ശേഖരിച്ച ഡിഎന്‍എയുമായി താരതമ്യപ്പെടുത്തിയാണ് ബാഗ്ദാദിയെ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

Latest