Connect with us

National

ജമ്മു കശ്മീരിന് സംസ്ഥാന പദവി ഔദ്യോഗികമായി ഇല്ലാതായി; ഇനി കേന്ദ്രഭരണ പ്രദേശം

Published

|

Last Updated

ജമ്മു: രാജ്യത്ത് ഒരു സംസ്ഥാനത്തിന്റെ കുറവ് പ്രാബല്യത്തിലായി. അതേസമയം, കേന്ദ്ര ഭരണപ്രദേശങ്ങള്‍ രണ്ടെണ്ണം വര്‍ധിച്ചു. ജമ്മു കശ്മീര്‍ സംസ്ഥാനമാണ് ഔദ്യോഗികമായി ഇന്നത്തോടെ ഇല്ലാതായത്. ജമ്മു കശ്മീര്‍, ലഡാക് എന്നിവയാണ് പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങള്‍. ഗുജറാത്തിലെ മുന്‍ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ജി സി മുര്‍മു ജമ്മു കശ്മീര്‍ കേന്ദ്ര ഭരണപ്രദേശത്തിന്റെ പ്രഥമ ലെഫ്റ്റനന്റ് ഗവര്‍ണറായി വ്യാഴാഴ്ച അധികാരമേല്‍ക്കും. ലഡാക്കിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ രാധാകൃഷ്ണ മഥൂറും വ്യാഴാഴ്ച ചുമതലയേല്‍ക്കും. കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.

നിയമസഭയില്ലാത്ത ലഡാക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഭരണത്തിലാകും. ഡല്‍ഹി മാതൃകയില്‍ ജമ്മു കശ്മീരിന് നിയമസഭയുണ്ടാകും. ഇതിനായി ജമ്മു കശ്മീര്‍ പുനഃസംഘാടന നിയമം വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാ ദിനമായി രാജ്യം ആചരിക്കുന്ന വേളയിലാണ് പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പിറവി. ഐ എ എസ്, ഐ പി എസ്, അഴിമതിവിരുദ്ധ ബ്യൂറോ അടക്കമുള്ള കേന്ദ്ര സര്‍വീസുകള്‍ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരിക്കും.

ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ സവിശേഷ പദവിയും സംസ്ഥാന പദവിയും റദ്ദാക്കി കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചത്. അന്ന് മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പല പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇപ്പോഴും വീട്ടുതടങ്കലിലാണ്. ഇന്റര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിച്ചിട്ടില്ല. കശ്മീര്‍ താഴ്വരയില്‍ ജനജീവിതം സാധാരണ നിലയിലായിട്ടുമില്ല.

---- facebook comment plugin here -----

Latest