Connect with us

Gulf

ഷാര്‍ജ പുസ്തകോത്സവത്തില്‍ മര്‍കസിന്റെ അക്ഷരോപഹാരം; പവലിയന്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയിലെ മര്‍കസ് പവലിയന്‍ ഷാര്‍ജ പോലീസ് മേജര്‍ ജനറല്‍ സൈഫ് അല്‍ സാരി അല്‍ ശംസി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി സമീപം

കോഴിക്കോട്: അറബ് ലോകത്തെ പുസ്തക വസന്തമായി അറിയപ്പെടുന്ന ഷാര്‍ജ പുസ്തകോത്സവത്തില്‍ ആരംഭിച്ച മര്‍കസ് പവലിയന്‍ ശ്രദ്ധേയമാകുന്നു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അറബി, ഉറുദു, മലയാളം ഭാഷകളില്‍ എഴുതിയ അന്‍പതോളം പുസ്തകങ്ങള്‍, മര്‍കസുമായി ബന്ധപ്പെട്ടു പുറത്തിറങ്ങിയ പഠനങ്ങള്‍ തുടങ്ങിയവ ഇവിടെ ലഭ്യമാണ്. മര്‍കസ് പ്രസാധനാലയം പുറത്തിറക്കിയ വിവിധ പുസ്തകങ്ങള്‍, ഡോക്യൂമെന്ററികള്‍, മര്‍കസ് സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന വിവിധ ഭാഷകളില്‍ പുറത്തിറക്കിയ കൈപുസ്തകങ്ങള്‍ എന്നിവയും പുസ്തക മേളയിലുണ്ട്. രാജ്യത്തെ പ്രധാന വിജ്ഞാന-സാംസ്‌കാരിക നഗരിയായി ഉയര്‍ന്നുവരുന്ന മര്‍കസ് നോളജ് സിറ്റിയുടെ വിവിധ സംരംഭങ്ങളെ കുറിച്ചുള്ള പ്രദര്‍ശനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹാള്‍ നമ്പര്‍ ഏഴില്‍ ഇസഡ് ഏഴ് ആണ് മര്‍കസ് പവലിയന്‍.

1978-ഇല്‍ ആരംഭിച്ച മര്‍കസിന് കീഴില്‍ വിജ്ഞാനം, സംസ്‌കാരം, സാമൂഹികം തുടങ്ങിയ മേഖലകളില്‍ നൂറിലധികം പുസ്തകങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്. പുസ്തകോത്സവത്തില്‍ ലഭ്യമാകുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ അറബ് പുസ്തകങ്ങള്‍ പലതും വിദേശ പ്രസാധനാലയങ്ങള്‍ പ്രസിദ്ധീകരിച്ചവയാണ്. മര്‍കസ് പ്രൊഫസര്‍മാരായ അബ്ദുല്‍ ബസ്വീര്‍ സഖാഫി പിലാക്കല്‍, ഡോ. എ എ അബ്ദുല്‍ ഹകീം സഅദി, അബ്ദുല്‍ മജീദ് സഖാഫി മുടിക്കോട് തുടങ്ങിയവരുടെ രചനള്‍ അറബ് പണ്ഡിതന്മാര്‍ വരെ പ്രശംസിച്ചതാണ്. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി എന്നിവരെഴുതിയ മലയാളം പുസ്തകങ്ങളും പവലിയനില്‍ ലഭിക്കും. അറബി-മലയാളം ഭാഷകളില്‍ കേരളത്തില്‍ നിന്ന് പുറത്തിറങ്ങിയ വിവിധ പുസ്തകങ്ങളുടെ പ്രദര്‍ശന നഗരിയെന്ന നിലയില്‍ മര്‍കസ് പവലിയന്‍ ശ്രദ്ധേയമായിട്ടുണ്ട്.

ഷാര്‍ജ പോലീസ് മേജര്‍ ജനറല്‍ സൈഫ് അല്‍ സാരി അല്‍ ശംസി പവലിയന്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു. “സാഹിത്യത്തിന് ഏറ്റവും വലിയ പ്രാധാന്യം നല്‍കിയ പാരമ്പര്യമാണ് അറബ് സമൂഹത്തിനുള്ളത്. അക്ഷരത്തോടും അറിവിനോടും ഇസ്ലാമും അറബ് നാഗരികതയും പുലര്‍ത്തിയ ആഭിമുഖ്യത്തെ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്നതാണ് ലോകത്തെ പ്രധാനപ്പെട്ടതും ജനകീയവുമായ പുസ്തക മേള സംഘടിപ്പിക്കുന്ന ഷാര്‍ജ സുല്‍ത്താന്റെ പ്രവര്‍ത്തനം. ജ്ഞാനവും സംസ്‌കാരവും സമ്മേളിക്കുന്ന തരത്തിലാണ് പുസ്തകമേളയില്‍ മര്‍കസ് പവലിയന്‍ ഒരുക്കിയിട്ടുള്ളത്”- ഡോ. അസ്ഹരി പറഞ്ഞു.

അറബ് എഴുത്തുകാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ആദ്യ ദിനം തന്നെ മര്‍കസ് പവലിയന്‍ സന്ദര്‍ശിച്ചത്. ഓരോ ദിവസത്തെയും സന്ദര്‍ശകരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓരോ സ്വര്‍ണനാണയം സമ്മാനമായി നല്‍കുന്നുണ്ട് .
പുസ്തക വിതരണ സ്ഥാപനമായ തവ്സീല്‍ സി ഇ ഒ. ജമാല്‍ സല്‍മാന്‍, എ കെ അബൂബക്കര്‍ മുസ്ലിയാര്‍ കട്ടിപ്പാറ, ശരീഫ് കാരശ്ശേരി, കെ എം അബ്ബാസ്, ഡോ. അബ്ദുനാസര്‍ വാണിയമ്പലം സംബന്ധിച്ചു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയിലെ മര്‍കസ് പവലിയന്‍ ഷാര്‍ജ പോലീസ് മേജര്‍ ജനറല്‍ സൈഫ് അല്‍ സാരി അല്‍ ശംസി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി സമീപം