Connect with us

International

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ലബനാനു പിന്നാലെ ആടിയുലഞ്ഞ് ഇറാഖ് സര്‍ക്കാറും

Published

|

Last Updated

ബഗ്ദാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ലബനാനിന് പിന്നാലെ ഇറാഖ് ഭരണകൂടവും തകര്‍ച്ചയിലേക്ക്. ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജിയുടെ വക്കിലാണ്. നേരത്തെ ലബനാന്‍ പ്രധാനമന്ത്രി ഹരീരി രാജി പ്രഖ്യാപിച്ചിരുന്നു. മഹ്ദിയെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാറിനകത്ത് തന്നെ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഹ്ദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് തെറിപ്പിക്കാന്‍ അദ്ദേഹത്തിന്റെ രണ്ട് പ്രധാന അനുകൂലികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ജനഹിതം നേരിടണമെന്ന് ശിയാ നേതാവ് മഹ്ദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഹ്ദി രാജിവെക്കാന്‍ തയാറായില്ലെങ്കില്‍ ഇറാഖ് മറ്റൊരു സിറിയയാകുമെന്നും എത്രയും വേഗം രാജിവെച്ചൊഴിയുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്നും ശിയാ നേതാവ് മുഖ്താദ അല്‍ സദ്ര്‍ വ്യക്തമാക്കി.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സഭയില്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ ഒരു വര്‍ഷം മുമ്പാണ് മഹ്ദി അധികാരത്തിലെത്തുന്നത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് മഹ്ദിക്കെതിരെ വ്യാപക പ്രതിഷേധമാണ് അടുത്തിടെ ഉടലെടുത്തത്. ബഗ്ദാദിലെ തഹ്രീര്‍ ചത്വരത്തില്‍ ആയിരങ്ങളാണ് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി ഒരുമിച്ചുകൂടിയത്. പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്താനാണ് സൈന്യവും പോലീസും ശ്രമിച്ചത്. ഒരുമാസത്തിനിടെ പോലീസ്, സൈനിക വെടിവെപ്പിലും മറ്റുമായി 250 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Latest