Connect with us

National

കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണം; ആവശ്യം ആവര്‍ത്തിച്ചുന്നയിച്ച് ജെ ഡി (യു)

Published

|

Last Updated

പാറ്റ്‌ന: കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യവുമായി ജനതാദള്‍ (യു) വീണ്ടും രംഗത്ത്. ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിനു ശേഷമാണ് നേതൃത്വം തങ്ങളുടെ ആവശ്യം ആവര്‍ത്തിച്ചുന്നയിച്ചത്. യോഗത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പാര്‍ട്ടി അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുത്തിരുന്നു. കേന്ദ്ര മന്ത്രിസഭയില്‍ പങ്കാളിത്തം വേണമെന്ന ജെ ഡി (യു)വിന്റെ ആവശ്യം അഞ്ച് മാസത്തോളമായി അവഗണിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എ മുന്നണിയും അതിന് നേതൃത്വം കൊടുക്കുന്ന ബി ജെ പിയും. ബിഹാര്‍ ഭരിക്കുന്ന ജെ ഡി (യു)വിന്റെ സഖ്യകക്ഷിയാണ് ബി ജെ പി. ലോക്‌സഭയില്‍ 16ഉം രാജ്യസഭയില്‍ ആറും എം പിമാരാണ് ജെ ഡി (യു)വിനുള്ളത്.

എന്‍ ഡി എ നേതാക്കളില്‍ നിന്ന് പ്രത്യേകിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി, ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരില്‍ നിന്ന് ക്ഷണം ലഭിക്കുകയാണെങ്കില്‍ മന്ത്രിസഭയില്‍ ചേരുന്നത് പരിഗണിക്കും. ജെ ഡി (യു)വിനെ മന്ത്രിസഭയിലെടുക്കുന്നത് എന്‍ ഡി എയെ കൂടുതല്‍ പുരോഗമനാത്മകവും ദൃഢതയുള്ളതും വിശാലവും ആക്കും- കൗണ്‍സില്‍ യോഗത്തിനു ശേഷം റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കവെ പാര്‍ട്ടിയുടെ പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി കെ സി ത്യാഗി പറഞ്ഞു.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുന്നോട്ടുവച്ച ഒരു കാബിനറ്റ് മന്ത്രി സ്ഥാനമെന്ന വാഗ്ദാനം ജെ ഡി (യു) തള്ളിക്കളഞ്ഞിരുന്നു. മന്ത്രിസഭയില്‍ പ്രതീകാത്മകമായ പ്രാതിനിധ്യമല്ല തങ്ങളാവശ്യപ്പെടുന്നത് എന്ന് വ്യക്തമാക്കിയായിരുന്നു ഇത്.