Connect with us

Kerala

അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് സി പി ഐ; പോലീസിന് അമിതാധികാരം നല്‍കുന്നത് ശരിയല്ലെന്ന് കാനം

Published

|

Last Updated

തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്നും സി പി ഐ. ഇതുസംബന്ധിച്ച പ്രമേയം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ പാസാക്കി. മാവോവാദികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് വെടിയുണ്ടയല്ല പരിഹാരം എന്ന പ്രമേയമാണ് പാസാക്കിയത്. മാവോയിസ്റ്റുകളുടെ ആശയങ്ങളോട് യോജിപ്പില്ലെങ്കിലും ആശയത്തിന്റെ പേരില്‍ കൊല്ലുന്നത് ശരിയല്ല. 1967ലെ നക്‌സല്‍ബാരി ആക്രമണത്തിനു ശേഷം തീവ്രവാദ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തോട് വ്യത്യസ്തമായ അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളത്. അവര്‍ വഴിതെറ്റിയ സഹോദരന്മാരാണെന്നാണ് പാര്‍ട്ടി വിലയിരുത്തിയത്. അല്ലാതെ വിപ്ലവത്തിന്റെയോ നമ്മുടെയോ ശത്രുക്കളല്ല. പ്രമേയത്തില്‍ വ്യക്തമാക്കി. പോലീസ് തന്നെ വിധി നടപ്പാക്കുന്നത് വളരെ പ്രാകൃതമായ നടപടിയാണ്.

മഞ്ചക്കണ്ടി വനത്തില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും ടെന്റില്‍ ഭക്ഷണം കഴിക്കുകയായിരുന്ന മാവോ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ക്ലോസ് റേഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അട്ടപ്പാടിയിലുണ്ടായ സംഭവത്തെ കുറിച്ച് കൃത്യമായ വിവരം കിട്ടിയിട്ടുണ്ട്. മഞ്ചക്കണ്ടി വനം പുത്തൂര്‍ പഞ്ചായത്തിലാണ്. അവിടുത്തെ പ്രസിഡന്റ് സി പി ഐയുടെ മണ്ഡലം കമ്മിറ്റി മെമ്പറാണ്. വ്യാജ ഏറ്റുമുട്ടലാണെന്നാണ് അവിടുത്തെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ലഭിച്ച വിവരം.

അവസാനം കൊല്ലപ്പെട്ട മണിവാസകം അസുഖ ബാധിതനായതിനാല്‍ നടക്കാന്‍ വയ്യാത്ത സ്ഥിതിയിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കൈയില്‍ എ കെ 47 ഉണ്ടായിരുന്നു എന്ന് പോലീസ് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അങ്ങനെയെങ്കില്‍ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനെയെങ്കിലും പരുക്കേല്‍ക്കേണ്ടതല്ലേ എന്നും കാനം ചോദിച്ചു. പോലീസിന്റെ കൈയില്‍ അമിതാധികാരം വരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ്. ജുഡീഷ്യല്‍ അന്വേഷണത്തിന് സമയമേറെയെടുക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

മാവോയിസ്റ്റുകളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് യോജിപ്പില്ല. അതേസമയം അവരുയര്‍ത്തുന്ന ജനനകീയ പ്രശ്നങ്ങളെ പിന്തുണക്കുന്നു. അവരില്‍ പലരും അവരുടെ രാഷ്ട്രീയം ഉപേക്ഷിച്ച് വരാന്‍ തയ്യാറാകുന്ന സ്ഥിതിയുമുണ്ട്. തണ്ടര്‍ബോള്‍ട്ട് നക്സലേറ്റുകളെ നേരിടാന്‍ കേന്ദ്രം സൃഷ്ടിച്ചതാണെന്നും അവരാവശ്യപ്പെട്ടിട്ടാണെങ്കിലും കേരള പോലീസ് അതിന് കൂട്ടുനില്‍ക്കണോ എന്നുള്ളത് ഗൗരവമായി ആലോചിക്കേണ്ട കാര്യമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.