Connect with us

National

ഇടക്കാല ജാമ്യാപേക്ഷ തള്ളി; ചിദംബരത്തെ ഡല്‍ഹി ഹൈക്കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെ ഇടക്കാലാ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. നവംബര്‍ 13 വരെ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ചിദംബരത്തെ ഒരു ദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

ചിദംബരത്തിന് മരുന്നുകള്‍, വെസ്‌റ്റേണ്‍ ടോയ്‌ലറ്റ്, സുരക്ഷ, പ്രത്യേക സെല്‍ എന്നിവ നല്‍കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജയിലില്‍ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ അനുവദിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പകെയാണ് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചിദംബരത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഹൈദരാബാദിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജി (എ.ഐ.ജി) യിലെ ഡോക്ടറെ സമീപിച്ച് പരിശോധന നടത്തുന്നതിനായി അദ്ദേഹത്തിന് ആറ് ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ക്രോണ്‍സ് രോഗത്തെത്തുടര്‍ന്ന് ഒക്ടോബര്‍ 5 മുതല്‍ തനിക്ക് അനുഭവപ്പെടുന്ന ശക്തമായ വയറുവേദനയ്ക്ക് അടിയന്തിര വൈദ്യചികിത്സ ആവശ്യമാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ദഹനനാളത്തിന്റെ വീക്കം വയറുവേദന, വയറിളക്കം, ശരീരഭാരം കുറയല്‍ എന്നിവയാണ് ക്രോണ്‍സ് രോഗത്തിന്റെ ലക്ഷണങ്ങള്‍.

ഒക്ടോബര്‍ 7 ന് അഖിലേന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പരിശോധന നടത്തിയ ചിദംബരത്തിന് ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും നിര്‍ദ്ദേശിച്ചിരുന്നു.
അതിനുശേഷം, ഒക്ടോബര്‍ 22 ന് പ്രശ്‌നം ആവര്‍ത്തിക്കുകയും ഒക്ടോബര്‍ 23 ന് എയിംസില്‍ പരിശോധന നടത്തുകയും പുതിയ മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നിരുന്നാലും, വേദനയില്‍ നിന്ന് ഒരു ആശ്വാസവും ലഭിച്ചില്ലെന്ന് അപേക്ഷയില്‍ പറയുന്നു.

ഒക്ടോബര്‍ 24, ഒക്ടോബര്‍ 26 തീയതികളില്‍ എയിംസില്‍ വീണ്ടും പരിശോധന നടത്തി. ഒക്ടോബര്‍ 28 ന് രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ പരിശോധന നടത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം അടുത്ത 16 ആഴ്ച അദ്ദേഹത്തിന് സ്റ്റിറോയിഡ് ചികിത്സ നിര്‍ദേശിച്ചിട്ടുണ്ട്. എയിംസില്‍ നിര്‍ദ്ദേശിച്ച ചികിത്സയോട് ചിദംബരത്തിന്റെ ശരീരം പ്രതികരിക്കാത്തതിനാല്‍ എ.ഐ.ജിയിലെ സ്ഥിരമായി ചികിത്സിക്കുന്ന ഡോക്ടറെ സമീപിക്കാന്‍ അദ്ദേഹത്തെ അനുവദിക്കണമെന്നും അപേക്ഷയില്‍ പറയുന്നു.

ചിദംബരത്തിന്റെ ജാമ്യാപേക്ഷ നവംബര്‍ 4 ന് കോടതി പരിഗണിക്കും. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.