Connect with us

National

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപവത്ക്കരണം: ബി ജെ പിയുമായി പോരടിച്ച് ശിവസേന

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരം പങ്കിടുന്നത് സംബന്ധിച്ച് ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ ബി ജെ പിയുമായി പോരടിക്കുന്ന ശിവസേന കേന്ദ്ര സര്‍ക്കാറിനെതിരെയും ആക്രമണം തുടങ്ങി. കശ്മീരില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതാണ് ശിവസേന ബി ജെ പിക്ക് എതിരെ ആയുധമാക്കുന്നത്. പാര്‍ട്ടി മുഖപത്രമായ സാംന വഴിയാണ് കേന്ദ്ര നയത്തെ ചോദ്യം ചെയ്യുന്നത്.

ജമ്മു കശ്മീര്‍ ഒരു അന്താരാഷ്ട്ര വിഷയമല്ല. അവിടെ എല്ലാം ഇപ്പോള്‍ സാധാരണ നിലയിലാണ്. ഈ ഒരു അവസ്ഥയില്‍ എന്തിനാണ് വിദേശ പ്രതിനിധികളെ എത്തിച്ചതെന്ന് സാംന ചോദിക്കുന്നു. കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്രവത്ക്കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബലം പകരാന്‍ മാത്രമേ ഈ നടപടി ഉപകരിക്കൂ. കശ്മീരില്‍ യു എന്‍ ഇടപെടലിനെ നിങ്ങള്‍ എതിര്‍ക്കുന്നുവെങ്കില്‍ പിന്നെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്റെ പരിശോധന നിങ്ങള്‍ക്ക് എങ്ങനെ സ്വീകാര്യമാകും? യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്റെ ഈ പരിശോധന ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമല്ലേയെന്നും സാമ്ന എഡിറ്റോറിയലില്‍ ചോദിക്കുന്നു.

അതിനിടെ ശിവസേനയുടെ സമ്മര്‍ദം അവഗണിച്ച് സര്‍ക്കാര്‍ രൂപവത്ക്കരിക്കാനുള്ള നീക്കം ബി ജെ പി ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് സേന നേതാക്കള്‍ ഉള്ളത്. സ്വതന്ത്ര എം എല്‍ എമാരെ ബി ജെ പി ചാക്കിടുന്നതിന്് മുമ്പ് തന്നെ ഇവരെ കൂടെകൂട്ടാനുള്ള ശ്രമം സേന തുടങ്ങി. ഇതിന്റെ ആദ്യപടിയായി നാല് സ്വതന്ത്ര എം എല്‍ എമാരുടെ പിന്തുണ ഇവര്‍ ഉറപ്പിച്ചു. ശിവസേനയുടെ ചരടുവലികള്‍ ശക്തമായതോടെ ഇന്ന് നടക്കുന്ന ബി ജെ പി എം എല്‍ എമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അമിത് ഷാ വിട്ടുനിന്നേക്കും. യോഗത്തിന് അമിത് ഷാ നേരിട്ടെത്തുമെന്നും യോഗശേഷം ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തുമെന്നും നേരത്തെ ബി ജെ പി ഓഫീസ് അറിയിച്ചിരുന്നു. എന്നാല്‍ അമിത് ഷാ വരില്ലെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം.

ഇന്ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ പാര്‍ട്ടി യോഗത്തിന്റെ കേന്ദ്ര നിരീക്ഷകരായി കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, പാര്‍ട്ടി വൈസ് പ്രസിഡന്റ് അവിനാശ് റായ് ഖന്ന എന്നിവരെ ബി ജെ പി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ നിയമസഭാ കക്ഷി നേതാവായി യോഗത്തില്‍ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സ്ഥാനം ശിവസേനയുമായി പങ്കിടുന്നതില്‍ ഒരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്നാണ ഫഡ്‌നാവിസ് പറയുന്നത്. കള്ളം പ്രചരിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുക്കാമെന്ന് ആരും കരുതേണ്ടെന്ന് ഉദ്ദവ് താക്കറെ പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിച്ചു. ഫഡ്‌നാവിസിന്റെ അഭിപ്രായത്തോടെ ഇനി് ഒരു ചര്‍ച്ചക്കുമില്ലെന്ന നിലപാടിലാണ് ശിവസേന.