Connect with us

National

ഭീകരതയുടെ അന്ത്യത്തിന് വേണ്ടിയുള്ള ശ്രമങ്ങളില്‍ ഇന്ത്യയെ പിന്തുണക്കുന്നു: ഇയു എംപിമാര്‍

Published

|

Last Updated

യൂറോപ്യന്‍ യൂണിയന്‍ എംപിമാര്‍ ശ്രീനഗര്‍ പര്യടനത്തിന് ശേഷം ദാല്‍ തടാകത്തില്‍ ബോട്ട് സവാരി നടത്തുന്നു

ശ്രീനഗര്‍: സമാധാനത്തിനും ഭീകരതയുടെ അന്ത്യത്തിനും വേണ്ടിയുള്ള ശ്രമങ്ങളില്‍ രാജ്യത്തെ പൂര്‍ണമായും പിന്തുണക്കുമെന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ യൂറോപ്യന്‍ യൂണിയന്‍ എംപിമാര്‍. ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ ഇടപെടാനല്ല ഇവിടെ വന്നതെന്നും അവര്‍ വ്യക്തമാക്കി. തങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്നും മറ്റെല്ലാ ഇന്ത്യന്‍ പൗരന്മാരെയും പോലെ ഇന്ത്യക്കാരാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞതായും എംപിമാര്‍ പറഞ്ഞു. തിരഞ്ഞെടുത്ത മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു എംപിമാര്‍. പ്രാദേശിക കശ്മീരി പത്രങ്ങള്‍ ഉള്‍പ്പെടെ പലതിനെയും പത്രസമ്മേളനത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു.

ആർട്ടിക്കിൾ 370 നെക്കുറിച്ച് സംസാരിച്ചാൽ അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഞങ്ങളെ ആശങ്കപ്പെടുത്തുന്നത് ഭീകരതയാണ്, അത് ആഗോള ഭീഷണിയാണ്, അതിനെതിരെ പോരാടുന്നതിൽ ഇന്ത്യയ്‌ക്കൊപ്പം നിൽക്കണം. നിരപരാധികളായ അഞ്ച് തൊഴിലാളികളെ തീവ്രവാദികൾ കൊലപ്പെടുത്തിയ നിർഭാഗ്യകരമായ സംഭവമുണ്ടായി. ഞങ്ങൾ അതിനെ അപലപിക്കുന്നു – ഫ്രാൻസിൽ നിന്നുള്ള എംപി ഹെൻറി മലോസ് പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനുശേഷം സമാധാനം കാക്ഷിച്ച യൂറോപ്യന്‍ മേഖലയില്‍ നിന്നാണ് ഞങ്ങള്‍ വരവുന്നത്. ഇന്ത്യ ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായി മാറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനായി ആഗോള ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളേണ്ടതുണ്ട്. ഈ സന്ദര്‍ശനം തീര്‍ച്ചയായും ഒരു കണ്ണ് തുറപ്പിക്കലാകുമെന്നും യുകെയില്‍ നിന്നുള്ള എംപിയായായ ന്യൂട്ടണ്‍ ഡണ്‍ പറഞ്ഞു.

സംഘത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കാശ്മീരില്‍ അതീവ സുരക്ഷ ഒരുക്കിയിരുന്നു. ബുള്ളറ്റ് പ്രൂഫ് കാറിലാണ് സംഘം യാത്ര ചെയ്തിരുന്നത്. യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട 27 എംപിമാര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ഇവരില്‍ നാല് പേര്‍ കഴിഞ്ഞ ദിവസം തന്നെ മടങ്ങി. പ്രദേശവാസികളുമായി തടസ്സമില്ലാതെ സംവദിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിന് തന്നെ സംഘത്തില്‍ നിന്ന് ഒഴിവാക്കിയതായി എംപി ക്രിസ് ദേവിസ് പറഞ്ഞു. മോദി സര്‍ക്കാരിനുവേണ്ടിയുള്ള ഒരു പിആര്‍ സ്റ്റണ്ടില്‍ പങ്കെടുക്കാനും എല്ലാം ശരിയാണെന്ന് നടിക്കാനും താന്‍ തയ്യാറല്ലെന്നും കശ്മീരില്‍ ജനാധിപത്യ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുന്നുണ്ടെന്നത് വളരെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങളെ കാശ്മീര്‍ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ അനുവദിക്കുകയാണെങ്കില്‍, ഇന്ത്യയില്‍ നിന്നുള്ള പ്രതിപക്ഷ രാഷ്ട്രീയക്കാരെയും അനുവദിക്കണമെന്ന് എംപിമാരില്‍ ഒരാളായ നിക്കോളാസ് ഫെസ്റ്റ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

27 എംപിമാരില്‍ മൂന്നുപേര്‍ മാത്രമാണ് ഇടതുപക്ഷ അല്ലെങ്കില്‍ ലിബറല്‍ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍. മറ്റുള്ളവരല്ലൊം പ്രധാനമായും തീവ്ര വലതുപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ്. പരമ്പരാഗത കശ്മീരി സ്വീകരണത്തിന് ശേഷം ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി ബി വി ആര്‍ സുബ്രഹ്മണ്യം, പോലീസ് മേധാവി ദില്‍ബാഗ് സിംഗ് എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചില പഞ്ചായത്ത് അംഗങ്ങളുമായും കൗണ്‍സിലര്‍മാരുമായും സംഘം സംവദിച്ചു. ശ്രീനഗര്‍ പര്യടനത്തിന് ശേഷം ദാല്‍ തടാകത്തില്‍ ബോട്ട് സവാരി നടത്തി സംഘം മടങ്ങി. ഓഗസ്റ്റില്‍ സര്‍ക്കാര്‍ കാശ്മീരിനുള്ള പ്രത്യേക പദവി അവസാനിപ്പിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷം ഇതാദ്യമായാണ് ഇവിടെ ഒരു അന്താരാഷ്ട്ര സംഘം സന്ദര്‍ശനം നടത്തുന്നത്.

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.