Connect with us

Articles

കേന്ദ്ര സര്‍വകലാശാലകളിലെ മുസ്‌ലിം വിദ്യാര്‍ഥിത്വം

Published

|

Last Updated

സ്വാതന്ത്ര്യ സമരത്തിലും തുടര്‍ന്ന് സ്വാതന്ത്ര്യാനന്തര ഭാരതത്തിലും ദേശീയോദ്ഗ്രഥനത്തിലും വിശിഷ്യാ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പുരോഗതിയിലും നിര്‍ണായക സ്വാധീനം ചെലുത്തിയ ജാമിഅ മില്ലിയ ഇസ്‌ലാമിയ അതിന്റെ തൊണ്ണൂറ്റിയൊമ്പതാം സ്ഥാപകദിനം ആഘോഷിക്കുകയാണ് ഇന്ന്. ഖിലാഫത്ത് സമരത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും ഏറ്റവും മികച്ച സംഭാവന എന്നാണ് ജാമിഅ മില്ലിയ ഇസ്‌ലാമിയ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നത്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ അലിഗഢ് പ്രസ്ഥാനം താത്പര്യക്കുറവ് കാണിക്കുന്നു എന്ന് പ്രതിഷേധിച്ചുകൊണ്ട് ഒരുപറ്റം അലിഗഢ് വിദ്യാര്‍ഥികളും അധ്യാപകരും കോണ്‍ഗ്രസ് നേതാക്കളും കൂടി സ്ഥാപിച്ച അലിഗഢ് ബദലായിരുന്നു ജാമിഅ. സര്‍ സയ്യിദിന്റെ അലിഗഢ് സമുദായത്തിന്റെ ഉപരിവര്‍ഗത്തിനു മാത്രമായി പോകുന്നു എന്ന ആശങ്ക കൂടി ജാമിഅയുടെ പിന്നിലുണ്ടായിരുന്നു. ആദ്യം അലിഗഢില്‍ തന്നെയും പിന്നീട് ഡല്‍ഹിയിലെ കരോള്‍ ബാഗിലെ വാടക കെട്ടിടത്തിലുമാണ് ജാമിഅ പ്രവര്‍ത്തിച്ചത്. പിന്നീട് ഓഖ്ലയിലേക്ക് മാറി. സ്വന്തം ഭൂമിയും കെട്ടിടങ്ങളുമായി. മുഖ്താര്‍ അഹ്മദ് അന്‍സാരിയും ഡോ. സാകിര്‍ ഹുസൈനും ജാമിഅയുടെ അക്കാദമിക നിലവാരം അതുല്യമാക്കി.

ഖിലാഫത്ത് പ്രസ്ഥാനം ക്ഷയിച്ചപ്പോള്‍ കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാന്‍ തുടങ്ങി. അന്ന് തുച്ഛമായ വേതനത്തിന് ജോലി ചെയ്യാന്‍ അധ്യാപകര്‍ ഉത്സാഹം കാണിച്ചു. സ്വന്തം കുടുംബം പോറ്റുന്നതു പോലെ അവര്‍ ജാമിഅയെ വളര്‍ത്തിയെന്ന് ചരിത്രം. സാമ്പത്തിക സ്രോതസ്സിനെ പറ്റി ഒരിക്കല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സംസാരമുണ്ടായി. അന്നേരം ഗാന്ധിജി പറഞ്ഞു, “ജാമിഅക്ക് വേണ്ടി ഭിക്ഷ യാചിക്കാനും ഞാന്‍ ഒരുക്കമാണ്.” ഇസ്ലാമിയ എന്ന പേരെടുത്ത് മാറ്റിയാലോ എന്നാരോ പറഞ്ഞപ്പോള്‍ ഗാന്ധി ശബ്ദം കടുപ്പിച്ചു, “എങ്കില്‍ ഞാനും ജാമിഅയും തമ്മിലൊന്നുമില്ല.”
ഒരു നൂറ്റാണ്ട് നീണ്ട ജാമിഅ പ്രസ്ഥാനം പക്ഷേ, പല കാരണങ്ങളാല്‍ അതിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ പലപ്പോഴും പിറകോട്ട് പോയിട്ടുണ്ട് എന്ന വിമര്‍ശനം കൂടിയാണ് ഈ ലേഖനം. എന്നാല്‍, ഇത് സര്‍വകലാശാലകള്‍ എന്ന നിലക്ക് അതിന്റെ അധികാരികള്‍ മാത്രം ഉത്തരവാദികളാകുന്ന പിഴവുകളോ വീഴ്ചകളോ അല്ല. അതാതു കാലത്തെ സര്‍ക്കാറുകള്‍ മുതല്‍ മുസ്‌ലിം സമുദായത്തിനകത്തെ പടലപ്പിണക്കങ്ങള്‍ വരെ ഇതില്‍ ഭാഗമാണ്. സ്വാതന്ത്ര്യത്തിനു ശേഷം, മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനെന്നോണം സ്ഥാപിതമായ ഇത്തരം സ്ഥാപനങ്ങളൊക്കെയും അവയുടെ പ്രൗഢമായ പാരമ്പര്യം കിഴിച്ച് കുറെയധികം ആശ്വസിക്കാനും ആഘോഷിക്കാനും ഉതകുന്ന നേട്ടങ്ങള്‍ ഉണ്ടാക്കാതെയാണ് മുന്നോട്ടു പോന്നത്. വിഭജനാനന്തരം അലിഗഢും ജാമിഅയും വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ എന്ന നിലക്ക് അലിഗഢും ജാമിഅയും സ്ഥിരമായി അവഗണനക്ക് പാത്രമായിരുന്നു. ഈ രണ്ട് സര്‍വകലാശാലകളും പാക്കിസ്ഥാന് കൊടുത്തയച്ച വീതത്തില്‍ ചേര്‍ക്കേണ്ടതായിരുന്നു എന്ന മട്ടിലായിരുന്നു പലപ്പോഴും അവരോടുള്ള സമീപനം. സര്‍ക്കാറുകള്‍ അലിഗഢിനെയും ജാമിഅയെയും പൂര്‍ണമായി കൈവിട്ടിട്ടില്ലായിരുന്നെങ്കിലും നെഹ്റുവിനും ആസാദിനും ശേഷം കാലം ചെല്ലുംതോറും അവര്‍ക്കുണ്ടായിരുന്ന ശ്രദ്ധയും താത്പര്യവുമൊന്നും പില്‍ക്കാലത്ത് ഉണ്ടായിരുന്നില്ല എന്നതാണ് നേര്.

1981ല്‍ ഇന്ദിരാ ഗാന്ധിയുടെ കാലത്ത് പാര്‍ലിമെന്റില്‍ അവതരിപ്പിച്ച അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി ആക്ട് പ്രകാരമുള്ള അലിഗഢിന്റെ ന്യൂനപക്ഷ പദവി 2005ല്‍ അലഹബാദ് കോടതി ഭരണഘടനാ വിരുദ്ധമെന്ന് വിധിക്കുകയുണ്ടായി. എന്നാല്‍ യു പി എ സര്‍ക്കാര്‍ ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. പക്ഷേ, 2016ല്‍ മോദി സര്‍ക്കാര്‍ ആ അപ്പീല്‍ പിന്‍വലിച്ചു. ജാമിഅക്ക് നേരെയും ഈ അര്‍ഥത്തില്‍ ആക്രമണങ്ങളുണ്ടായി. പക്ഷേ, ഒരിക്കല്‍ പാര്‍ലിമെന്റിനകത്ത് വാജ്പേയി തന്നെ ജാമിഅയുടെ ന്യൂനപക്ഷ പദവിയില്‍ വിവാദമുണ്ടാക്കരുതെന്ന് പ്രസംഗിച്ചു. അതോടെ പുറമെ നിന്നുള്ള കോലാഹലങ്ങള്‍ കുറെ കാലത്തേക്ക് അടങ്ങിയതുമായിരുന്നു. എന്നാല്‍ ബി ജെ പി 2014ല്‍ അധികാരത്തില്‍ വന്നതോടെ സ്ഥിതി മാറാന്‍ തുടങ്ങി. ഇപ്പോള്‍, ജാമിഅയുടെ ന്യൂനപക്ഷ പദവികള്‍ നീക്കം ചെയ്യാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഹൈക്കോടതിയില്‍ ജാമിഅ മില്ലിയയുടെ ന്യൂനപക്ഷ പദവിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുകയുമുണ്ടായി.

മുസ്‌ലിം ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം സംവരണം ഉള്ളതുകൊണ്ട് തന്നെയാണ് ഉത്തരേന്ത്യയില്‍ കാര്യമായ ഒരു മാറ്റം ഉണ്ടാക്കാന്‍ ഈ സര്‍വകലാശാലകള്‍ക്ക് കഴിഞ്ഞിരുന്നത്. എന്നിട്ടും സ്‌കൂള്‍ വിദ്യാഭ്യാസം തന്നെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സാര്‍വത്രികമാകാന്‍ അമാന്തിച്ചു നില്‍ക്കുന്നതാണ് നേര്‍കാഴ്ച. ഈ സംവരണം എടുത്തു മാറ്റാനുള്ള ശ്രമങ്ങള്‍ വിജയിച്ചാല്‍ പരാജയപ്പെടാന്‍ പോകുന്നത് ഒരു വലിയ ജനസഞ്ചയത്തിന്റെ ആകെയുള്ള പ്രതീക്ഷകളാണ്. സര്‍സയ്യിദിനെ പോലെ ഒരാള്‍ ഉണ്ടായിരുന്നതുകൊണ്ട് കുറെ സമീന്ദാര്‍മാരുടെ മക്കള്‍ക്ക് പഠിക്കാനായി. ഇനി മുസ്‌ലിംകള്‍ക്ക് വേണ്ടത് അംബേദ്കറിനെ പോലെ പാവങ്ങളെ പഠിപ്പിക്കുന്ന ഒരാളാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ ആരോ എഴുതിക്കണ്ടു. അതൊരു യാഥാര്‍ഥ്യമാണ്. സമുദായത്തിലെ അധഃസ്ഥിതരിലേക്ക് എത്തിപ്പെടുന്നതിലും അവരെ ആകര്‍ഷിക്കുന്നതിലും ഇത്തരം കലാലയങ്ങള്‍ പരാജയപ്പെട്ടു. സ്വാതന്ത്ര്യത്തിന് മുമ്പ് അലിഗഢ് ചെയ്യാത്തത് ജാമിഅ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പ്രിവിലേജുകളുടെ ഇടമായി രാജ്യത്തെ മറ്റെല്ലാ സര്‍വകലാശാലകളെയും പോലെ ജാമിഅയും മാറിയിട്ടുണ്ട്. ഓരോ വര്‍ഷവും വിവിധ ഫീസുകള്‍ ഉയര്‍ത്തുന്ന ജാമിഅ മില്ലിയ അധികൃതര്‍ നിഷേധിക്കുന്നത് താഴെത്തട്ടിലുള്ള ആരെ ലക്ഷ്യം വെച്ചാണോ ജാമിഅ ആരംഭിച്ചത് അവരുടെ പഠിക്കാനുള്ള അവസരമാണ്.

പ്രാദേശികവും ജാതീയവുമായ വേര്‍തിരിവുകള്‍ മൂലം ഊര്‍ധശ്വാസം വലിക്കുകയാണ് ഈ സര്‍വകലാശാലകള്‍ എന്ന് പറഞ്ഞാല്‍ എളുപ്പത്തില്‍ വിശ്വാസമായേക്കില്ല. ഇസ്‌ലാമില്‍ ജാതിയില്ലല്ലോ എന്നത് തന്നെയായിരിക്കും എളുപ്പത്തില്‍ പറയാവുന്ന കാരണവും. എന്നാല്‍, ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ നല്ലൊരു ശതമാനത്തിനും ജാതീയതയോ അതിനു സമാനമായ സാമൂഹിക വേര്‍തിരിവുകളോ ഉണ്ട് എന്നതാണ് സത്യം. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശുകാര്‍, മേവാത്തുകാര്‍, ബിഹാരികള്‍ എന്നിങ്ങനെ പ്രാദേശിക വാദവും നിലനില്‍ക്കുന്നുണ്ട്. സ്വജനപക്ഷപാതം, കെടുകാര്യസ്ഥത എന്നു തുടങ്ങി എല്ലാവിധ അഴിമതിയും പുലരുന്നുണ്ട്. ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാര്‍ ഫണ്ട് വെട്ടിക്കുറച്ചും മറ്റനേകം കാര്യങ്ങള്‍ ദുഷ്ടലാക്കോടെ നടപ്പാക്കിയും ജാമിഅ മില്ലിയ, അലിഗഢ്, ഹൈദരാബാദ് മാനു തുടങ്ങിയ സ്ഥാപനങ്ങളെ നശിപ്പിക്കുമ്പോള്‍ അകത്തുള്ളവര്‍ക്ക് പുര കത്തുകയല്ലേ, കഴുക്കോല്‍ ഊരാം എന്ന സ്വഭാവമാണ്.
ഈ സര്‍വകലാശാലകള്‍ സ്ഥാപിതമായതും അവ ഇക്കാലത്തിനിടക്ക് ഏറ്റെടുത്തതുമായ നിലപാടുകളും ലക്ഷ്യങ്ങളും വിസ്മരിക്കാനാണ് നിലവിലെ സര്‍വകലാശാല അധികൃതര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ ജാമിഅ മില്ലിയയാണ് കൂടുതല്‍ കഷ്ടം എന്ന് പറയണം. ഭരണകൂടത്തിന്റെയും അധികാരികളുടെയും വഞ്ചനാപരമായ നിലപാടുകള്‍ക്കെതിരെ ശബ്ദിക്കാന്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ തയ്യാറാകുന്നു എന്നതാണ് ആകെയുള്ള ആശ്വാസം. എന്നാല്‍, വിദ്യാര്‍ഥികള്‍ രാഷ്ട്രീയമായി സംഘടിക്കരുതെന്ന ഉദ്ദേശ്യമാണ് അധികാരികള്‍ക്ക്. കഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടിനിടക്ക് രാജ്യത്തെ സാമുദായികമല്ലാത്ത മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ എത്ര മുസ്‌ലിം നേതാക്കളുണ്ടായിട്ടുണ്ട്. എത്ര പേര്‍ കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നുയര്‍ന്നു വന്നിട്ടുണ്ട്? രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന മുസ്‌ലിംകള്‍ക്ക് എന്തുകൊണ്ട് കേന്ദ്ര സര്‍വകലാശാലകളില്‍ നേതാക്കന്മാരില്ലാതെ പോകുന്നു? ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ പോലും അവരുടെ വിദ്യാര്‍ഥികളെ രാഷ്ട്രീയ ഷണ്ഡത്വത്തിനു വിധേയമാക്കുന്ന സ്ഥിതി ആരുടെയെല്ലാം താത്പര്യമായിരിക്കും? അലിഗഢിലോ മാനുവിലോ രാഷ്ട്രീയം പറഞ്ഞുള്ള തിരഞ്ഞെടുപ്പില്ല. ജാമിഅയില്‍ വിദ്യാര്‍ഥി യൂനിയനേയില്ല എന്നതാണ് സ്ഥിതി. രാജ്യത്തെ മുസ്‌ലിം പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന, അവകാശങ്ങളെ കുറിച്ച് ബോധമുള്ള വിദ്യാര്‍ഥി ശബ്ദങ്ങളെ രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാറിന്റെ അതേ ഊറ്റത്തില്‍ അടിച്ചമര്‍ത്തുകയാണ് ജാമിഅയിലെ അനുഭവം. ക്യാമ്പസിനകത്ത് അടിച്ചമര്‍ത്താന്‍ ആളുള്ളപ്പോള്‍ പുറത്തു നിന്നുള്ള ആക്രമണങ്ങള്‍ കുറയും. മറിച്ചാണെങ്കില്‍ പുറമെ നിന്ന് സംഘടിതമായ ആക്രമണങ്ങളുണ്ടാകും.
കഴിഞ്ഞ വര്‍ഷം, യൂനിയന്‍ ഓഫീസിലെ ജിന്നയുടെ ഛായാചിത്രവുമായി ബന്ധപ്പെട്ട് അലിഗഢില്‍ നടന്ന വിവാദങ്ങള്‍ തന്നെയാണ് പുറമെ നിന്നുള്ള ആസൂത്രണമായ ആക്രമണങ്ങളുടെ ഉദാഹരണം. മുഴുവന്‍ ദേശീയ മാധ്യമങ്ങളും യു പി സര്‍ക്കാറിന്റെ/ യോഗി സര്‍ക്കാറിന്റെ പോലീസും തുടങ്ങി ഈ വിഷയത്തില്‍ താത്പര്യമുള്ള എല്ലാവരും ഒരുമിച്ചാണ് ആക്രമണം നടത്തിയത്. അന്ന്, അലിഗഢ് വിദ്യാര്‍ഥികള്‍ കാണിച്ച മുന്നേറ്റത്തിനും ചെറുത്തുനില്‍പ്പിനും സമാനമായ ഒന്ന് കഴിഞ്ഞ ദിവസം ജാമിഅ മില്ലിയയിലും കാണാനിടയായി. ഇസ്‌റാഈല്‍ പങ്കാളികളായി എത്തുന്ന സര്‍വകലാശാല പരിപാടിക്കെതിരെ സമരം ചെയ്തത് മുതല്‍ക്കാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. തുടക്കത്തില്‍ സമരം ചെയ്തവര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് വന്നു. പിന്നീട് കൈയേറ്റമായി. അതോടെ വിദ്യാര്‍ഥികള്‍ തുടങ്ങി. ഒടുവില്‍ വൈസ് ചാന്‍സലറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഗുണ്ടകളെ അയച്ച് ആക്രമണം അഴിച്ചുവിടുകയാണ് അധികൃതര്‍ ചെയ്തത്. അതോടെ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍ സമരത്തില്‍ ചേര്‍ന്നു. സമരം സംഘ്പരിവാറിനെതിരെയുള്ള വിദ്യാര്‍ഥി മുന്നേറ്റമായി. ഫലസ്തീന്‍ മുദ്രാവാക്യങ്ങള്‍ സമരത്തില്‍ ഉയര്‍ന്നു. അറബിയിലും ഉറുദുവിലും കവിതകളും മുദ്രാവാക്യങ്ങളും ശക്തിപ്പെട്ടു. ഇന്‍തിഫാദ ഇങ്കിലാബുകള്‍ക്കൊപ്പം “ബെല്ലാ ചാവോ” ഗാനവും “ഹം ദേഖേങ്കേ” ഗാനവും ആലപിക്കപ്പെട്ടു. നൂറുകണക്കിന് സി ആര്‍ പി എഫുകാരും പോലീസും ക്യാമ്പസിനു പുറത്ത് തമ്പടിച്ചിരുന്നെങ്കിലും വിദ്യാര്‍ഥികള്‍ ഭയന്നില്ല. മാധ്യമങ്ങള്‍ പതിവിനു വിപരീതം വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കി. ടി എന്‍ പ്രതാപന്‍ എം പി ക്യാമ്പസിലെത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യം പറഞ്ഞു. ഒടുവില്‍ അഡ്മിനിസ്‌ട്രേഷന്‍ സമരത്തോട് അടിയറവ് പറഞ്ഞു.

2008ലെ പ്രമാദമായ ബട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടലോടെ ജാമിഅയുടെ പ്രതിച്ഛായ സംഘ്പരിവാര്‍ പരമാവധി താറടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദി തന്നെ അന്ന് ജാമിഅയെ പറ്റി പറഞ്ഞത് “തീവ്രവാദികളെ നിര്‍മിക്കുന്ന നഴ്സറി” എന്നാണ്. ഇത്തരത്തില്‍ അനേകം വാര്‍പ്പു മാതൃകകളെ, ഇസ്‌ലാമിയ, മുസ്‌ലിം തുടങ്ങിയ പേരുകളോടുള്ള സമൂഹത്തിന്റെ മുന്‍ധാരണകളെ, ജെ എന്‍ യുവിലെയും എച്ച് സി യുവിലെയും ഇടതുപക്ഷം അടക്കമുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കുള്ള ഇസ്‌ലാമോ ഫോബിയകളെ മറികടന്നു വേണം ഓരോ മുസ്‌ലിം വിദ്യാര്‍ഥിക്കും കേന്ദ്ര സര്‍വകലാശാലകളില്‍ അതിജീവിക്കാന്‍. സമുദായത്തിന്റെ സ്ഥിതി യാഥാര്‍ഥ്യ ബോധ്യത്തോടെ മനസ്സിലാക്കാന്‍ സാധിക്കുന്ന വിദ്യാര്‍ഥിത്വത്തിനേ ഇനി ഇത്തരം സര്‍വകലാശാലകളെയും സ്ഥാപനങ്ങളെയും അവയുടെ പ്രതാപങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും ആനയിക്കാന്‍ കഴിയൂ.

എന്‍ എസ് അബ്ദുല്‍ ഹമീദ്

---- facebook comment plugin here -----

Latest