Connect with us

Articles

അലിഞ്ഞുചേരാന്‍ തിരുവസന്തമെത്തി

Published

|

Last Updated

1494ാം നബിദിനാഘോഷത്തെ വരവേല്‍ക്കാനുള്ള സന്തോഷത്തിലാണ് ലോകം. കാലങ്ങളായി ലോകം ഒരു വ്യക്തിയുടെ ജന്മദിനം പാടിയും പറഞ്ഞും ആനന്ദിക്കുന്നു. സ്‌നേഹക്കണ്ണീരൊഴുക്കുന്നു. ചിന്തിക്കുന്നവര്‍ക്ക് അത്ഭുതപ്പെടാനില്ലേ ഇതില്‍? ഇതിലെ അത്ഭുതം മനസ്സിലാക്കാന്‍ ഒരു ഉദാഹരണം പറയാം.
രണ്ട് വര്‍ഷം മുമ്പ് എസ് എസ് എല്‍ സി ഫലം വന്ന സന്ദര്‍ഭം. റമസാന്‍ മാസത്തിലായിരുന്നു അത്. ഞാന്‍ യു എ ഇ പര്യടനത്തിലായിരുന്നു. മഅ്ദിന്‍ ഇംഗ്ലീഷ് മീഡിയത്തിലെ അറുപതോളം വിദ്യാര്‍ഥികള്‍ മികച്ച വിജയം കൈവരിച്ച വിവരമറിഞ്ഞ ഉടനെ ഞാന്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് വിളിച്ചു പറഞ്ഞു: “”എല്ലാ വിദ്യാര്‍ഥികള്‍ക്കും മെമെന്റോ നല്‍കണം. അതില്‍ അവരുടെ ഉപ്പയുടെയും വലിയുപ്പയുടെയും പേരുകള്‍ ചേര്‍ത്തിട്ടായിരിക്കണം വിദ്യാര്‍ഥികളുടെ പേരെഴുതേണ്ടത്.””

രണ്ട് കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യം വെച്ചിരുന്നത്. ഒന്ന് ആ കുട്ടിയെയും അവരുടെ കുടുംബത്തെയും സന്തോഷിപ്പിക്കുക. രണ്ട്, ഇങ്ങനെയെങ്കിലും ആ കുട്ടിക്ക് തന്റെ വലിയുപ്പയുടെ പേര് ഓര്‍മയില്‍ നില്‍ക്കുക. അങ്ങനെ രക്ഷിതാക്കളുടെ പേര് രേഖപ്പെടുത്തുന്നതിന് വേണ്ടി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുമിച്ചു കൂട്ടി. അവരില്‍ വലിയുപ്പയുടെ പേരറിയുന്ന എത്ര പേരുണ്ട് എന്നന്വേഷിച്ചപ്പോള്‍ 20 പേരാണ് കൈ ഉയര്‍ത്തിയത്. 40 പേര്‍ക്കും അറിയില്ല!

എന്താണ് കുട്ടികള്‍ ഇങ്ങനെയാകാനുള്ള കാരണം എന്നന്വേഷിച്ചപ്പോള്‍ അവിടെ കൂടിയിരുന്ന രക്ഷിതാക്കളില്‍ ഒരാള്‍ എഴുന്നേറ്റ് പറഞ്ഞു: “”അതില്‍ കുട്ടികളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല; അതിന് ഞങ്ങളാണ് കാരണക്കാര്‍, ഞങ്ങള്‍ അവര്‍ക്ക് ഞങ്ങളുടെ ഉപ്പമാരെ പരിചയപ്പെടുത്താത് കൊണ്ടാണ്.””
ചിന്തിക്കണം, സ്വന്തം വലിയുപ്പയുടെ പേരറിയുന്നവര്‍ ആ കൂടിയവരില്‍ വെറും മൂന്നിലൊന്നു മാത്രം. എന്നാല്‍ വലിയുപ്പയുടെ പിതാവിന്റെ പേര് ചോദിച്ചിരുന്നെങ്കില്‍ അറിയുന്ന ഒരാള്‍ പോലും ഉണ്ടാകുകയില്ലായെന്ന് തീര്‍ച്ചയാണ്. ഇവിടെയാണ് ആണ്ടു കഴിക്കുന്നതിന്റെയും മൗലിദാചരിക്കുന്നതിന്റെയും പ്രത്യേകതകളിലൊന്ന് നാം മനസ്സിലാക്കേണ്ടത്. ഒഴിവു കിട്ടുമ്പോള്‍ മക്കളെയും കൂട്ടി പിതാവിന്റെയും വലിയുപ്പയുടെയും ഖബറിടം സന്ദര്‍ശിക്കണം. എന്നിട്ട് അവര്‍ക്ക് അതാരായിരുന്നുവെന്ന് പരിചയപ്പെടുത്തണം. എങ്കില്‍ ഈ പേരുകളും അവരുടെ സ്മരണകളും നമ്മുടെ മക്കളിലൂടെ ജീവിക്കും. തുടര്‍ന്ന് നമ്മള്‍ മരിച്ചാല്‍ അവരുടെ മക്കളിലൂടെ നമ്മളും ജീവിക്കും. ചുരുക്കത്തില്‍ തിരുനബി(സ്വ)യുടെ 1494ാം ജന്മദിനം വരേക്കും അവിടുന്ന് നിത്യസ്മരണയായി നിലനില്‍ക്കുന്നത് അവിടുത്തെ അപദാനങ്ങളും പ്രകീര്‍ത്തനങ്ങളും പാടിയും പറഞ്ഞും ലോക മുസ്‌ലിം സമുദായം ആ തിരു ഓര്‍മകളെ താലോലിക്കുന്നത് കൊണ്ടാണ്.

റബീഉല്‍ അവ്വല്‍ മൗലിദിന്റെ മാസമാണ്. നമ്മുടെ പൂര്‍വീകരെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കൂ. ദാരിദ്ര്യത്തോടൊപ്പമായിരുന്നു അവരുടെ കൂട്ടുകിടപ്പ്. എങ്കിലും വഴക്കും വക്കാണങ്ങളും പിണക്കങ്ങളും അവരില്‍ കുറവായിരുന്നു. എന്തായിരുന്നു ഇതിനെല്ലാം കാരണമെന്നന്വേഷിച്ചിട്ടുണ്ടോ? മിണ്ടിയതിനും മിണ്ടാത്തതിനും കാരണം ഉള്ളതിനും ഇല്ലാത്തതിനും എല്ലാം കുടുംബാന്തരീക്ഷം യുദ്ധസമാനമാകുന്ന പുതിയകാലം ഇതിന്റെയെല്ലാം കാരണങ്ങളന്വേഷിക്കണം. പഴയകാല വീടുകളുടെ അകത്തളങ്ങള്‍ മൗലിദുകളെക്കൊണ്ട് സജീവമായിരുന്നു. റബീഅ് പിറന്നാല്‍ കുടുംബവും കൂട്ടുകുടുംബങ്ങളും ഒത്തുകൂടി മൗലിദാഘോഷിക്കുമായിരുന്നു. അവര്‍ പരസ്പരം സന്തോഷം പങ്കിടുമായിരുന്നു. അവരുടെ ഉള്ളിലെ ആവലാതികളും പരാതികളുമെല്ലാം ആ ഒത്തു ചേരലുകളില്‍ അലിഞ്ഞ് ഇല്ലാതാകുമായിരുന്നു. ഇന്ന് നമ്മളും വളരെ വിപുലമായി തന്നെ മൗലിദാഘോഷിക്കാറുണ്ട്. തോരണങ്ങള്‍ കെട്ടിയും വിഭവ സമൃദ്ധമായ സുപ്രകളൊരുക്കിയും വര്‍ണാഭമാക്കിയും നാം പള്ളികളിലും മദ്‌റസകളിലും മൗലിദാഘോഷിക്കാറുണ്ട്. ഇത് അഭിനന്ദനാര്‍ഹമാണ്. തീര്‍ച്ചയായും നാം കൊണ്ടാടേണ്ടതും. എന്നാല്‍ നമ്മുടെ വ്യക്തി ജീവിതത്തില്‍ നാം എത്രമാത്രം മൗലിദിനോട് നീതി പുലര്‍ത്താറുണ്ട്? നമ്മുടെ കുടുംബത്തോടൊന്നിച്ചിരുന്ന് നമ്മള്‍ മൗലിദാഘോഷിക്കാറുണ്ടോ? മിക്കവരുടെയും ഉത്തരം ഇല്ലായെന്നായിരിക്കും. നമ്മുടെ പൂര്‍വീകര്‍ മൗലിദുകള്‍ക്ക് വേണ്ടി മാത്രം അവരുടെ സമ്പത്തിന്റെ നല്ലൊരു ഭാഗം മാറ്റിവെക്കുമായിരുന്നു. അവര്‍ തങ്ങളുടെ പറമ്പിന്റെ ഒരു ഭാഗം മൗലിദിന് വേണ്ടി വഖ്ഫ് ചെയ്യുമായിരുന്നു. ഈ പാരമ്പര്യം അവര്‍ക്ക് ലഭിച്ചത് മഹത്തുക്കളായ പണ്ഡിതരില്‍ നിന്നാണ്. ഇമാം ഹസനുല്‍ ബസ്വരിയുടെ ചരിത്രത്തില്‍ മഹാനവര്‍കള്‍ പറയുന്നു: എനിക്ക് ഉഹ്ദ് മലയോളം സ്വര്‍ണം ഉണ്ടായിരുന്നുവെങ്കില്‍ അതു മുഴുവനും അശ്‌റഫുല്‍ ഖല്‍ഖിന്റെ മൗലിദ് പാരായണത്തിന് വേണ്ടി ചെലവഴിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

മാറി ചിന്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ വീടിന്റെ അകത്തളങ്ങള്‍ മൗലിദുകളെ കൊണ്ട് സമ്പന്നമാകണം. ഈ റബീഅ് നമ്മുടേതായിരിക്കണം. ഈ റബീഅ് വിടപറയുമ്പോഴേക്കും നമ്മുടെ കുടുംബത്തിനകത്തുള്ള അസ്വാരസ്യങ്ങളെല്ലാം അലിഞ്ഞു തീരണം. ഇതൊരു മാറ്റത്തിന്റെ തിരുവസന്തമാകട്ടെ.

സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ബുഖാരി