Connect with us

Editorial

ബഗ്ദാദിയുടെ അന്ത്യം

Published

|

Last Updated

ഉസാമാ ബിന്‍ ലാദന്റെ കാര്യത്തിലെന്ന പോലെ ഐ എസ് തലവന്‍ അബൂബക്കര്‍ ബഗ്്ദാദിയുടെ അന്ത്യവും പ്രഖ്യാപിച്ചത് അമേരിക്കന്‍ പ്രസിഡന്റാണ്. ബഗ്്ദാദി കൊല്ലപ്പെടുന്നത് തത്സമയം ഡൊണാള്‍ഡ് ട്രംപ് കണ്ടുവെന്നും ബഗ്്ദാദി ഭീരുവിനെപ്പോലെ കരഞ്ഞു വിളിച്ചു കൊണ്ട് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും വൈറ്റ്ഹൗസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യാദൃച്ഛികമാകാം, ഉസാമാ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടപ്പോഴും ഇതേ നിലയിലായിരുന്നു സംഭവ വിവരണം. പറഞ്ഞത് അമേരിക്കയായതിനാല്‍ ലോകം ആ വാര്‍ത്തയെ അവിശ്വസിക്കുന്നില്ല. തെളിവ് ചോദിക്കുന്നുമില്ല. പലവട്ടം കൊല്ലപ്പെട്ടയാളാണ് ഈ ബഗ്്ദാദി. അങ്ങനെയൊരാളുണ്ടോയെന്ന് ചോദിക്കാവുന്നത്രയും നിഗൂഢമാണ് കാര്യങ്ങള്‍. ഏതായാലും, വടക്കു പടിഞ്ഞാറന്‍ സിറിയയിലെ യു എസ് സൈനിക നടപടിക്കിടെയാണ് ബഗ്്ദാദി കൊല്ലപ്പെട്ടതെന്ന് ട്രംപ് പറയുന്നു. ശനിയാഴ്ച രാത്രി നടന്ന സൈനിക നടപടിക്കിടെ പിടിയിലാകുന്ന സാഹചര്യത്തില്‍ ബഗ്്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ബഗ്്ദാദിക്കൊപ്പം മൂന്ന് മക്കളും സ്‌ഫോടനത്തില്‍ മരിച്ചതായി ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്.

സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലാണ് യു എസ് റെയ്ഡ് നടന്നത്. സ്‌ഫോടനത്തില്‍ തകര്‍ന്ന മൃതദേഹം ഡി എന്‍ എ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനയിലൂടെയാണത്രേ തിരിച്ചറിഞ്ഞത്. ഇബ്‌റാഹീം അവ്വാദ് ഇബ്‌റാഹീം അല്‍ ബദ്‌രി എന്നാണ് അബൂബക്കര്‍ ബഗ്്ദാദിയുടെ യഥാര്‍ഥ പേരെന്ന് കരുതപ്പെടുന്നു. 1971ല്‍ വടക്കന്‍ ബഗ്്ദാദിലെ സമാറക്ക് സമീപമാണ് ജനനം. 2003ല്‍ ഇറാഖില്‍ യു എസ് അധിനിവേശം നടക്കുന്ന സമയത്ത് പള്ളിയിലെ ജീവനക്കാരനായിരുന്നു. ഈ “ഔദ്യോഗിക” വിവരത്തിന് കടകവിരുദ്ധമായ വസ്തുതകളാണ് യു എസ് മുന്‍ സുരക്ഷാ ജീവനക്കാരനും നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ലോകത്തെ ഞെട്ടിച്ചയാളുമായ എഡ്വേര്‍ഡ് സ്‌നോഡന്‍ 2014ല്‍ മുന്നോട്ട് വെച്ചത്. ബഗ്്ദാദിയെന്ന് വിളിക്കപ്പെടുന്നയാള്‍ ജൂതനാണെന്നും പേര് സൈമണ്‍ എലിയട്ട് ആണെന്നും അദ്ദേഹം പറയുന്നു. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ ശൈഥില്യം വിതക്കാനും മുസ്‌ലിം പാരമ്പര്യ കേന്ദ്രങ്ങള്‍ തകര്‍ക്കാനും ഇസ്‌റാഈല്‍ ചാര സംഘടനയായ മൊസാദ് പരിശീലിപ്പിച്ച് വിട്ടതാണ് ഇയാളെയെന്നും സ്‌നോഡന്‍ വെളിപ്പെടുത്തുന്നു.

ഈ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി എന്തു തന്നെയായാലും അബൂബക്കര്‍ അല്‍ബഗ്്ദാദിയും അയാളുടെ സംഘമായ ഐ എസും (ഇസില്‍) മുസ്‌ലിം സമൂഹത്തിന് വിശേഷിച്ചും മാനവരാശിക്ക് മൊത്തവും അപരിഹാര്യമായ കെടുതിയാണ് വരുത്തിത്തീര്‍ത്തത്. ഇറാഖില്‍ നിന്നാണ് ഈ വിഷവൃക്ഷം നാമ്പിടുന്നത്. സദ്ദാം ഹുസൈനെ കൊന്നു തള്ളി അമേരിക്കന്‍ സാമ്രാജ്യം അവിടെ ശിയാ ഭരണകൂടത്തെ വാഴിക്കുമ്പോള്‍ ഇറാഖീ ജനതയിലെ പ്രബല വിഭാഗമായ സുന്നികള്‍ (ശിയേതരം എന്ന അര്‍ഥത്തില്‍) കടുത്ത നിരാശയിലായിരുന്നു. ആ അതൃപ്തി മുതലെടുത്ത്, പിരിച്ചു വിടപ്പെട്ട ഏതാനും സൈനിക ഉദ്യോഗസ്ഥരെ കൂട്ടു പിടിച്ചാണ് ഐ എസ് രൂപം കൊള്ളുന്നത്. സദ്ദാമിനെ കൊന്ന് സ്ഥലം വിട്ട അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും ഈ പുതിയ സംഘം ചേരലിനെ കണ്ടില്ലെന്ന് നടിച്ചു. ഈ തീവ്രവാദി സംഘം വളര്‍ന്ന് മൂസ്വില്‍, തിക്‌രീത്ത് തുടങ്ങിയ തന്ത്രപ്രധാന മേഖലകള്‍ പിടിച്ചടക്കി കഴിഞ്ഞപ്പോള്‍ മാത്രമാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത് (ദായിശ്) എന്ന പേര് ലോകം കേള്‍ക്കുന്നത്. പിന്നീട് ബഗ്്ദാദിയുടെ ഖിലാഫത്ത് പ്രഖ്യാപനമെന്ന വിഡ്ഢിത്തവും കേട്ടു. അയാള്‍ സ്വയം പ്രഖ്യാപിത ഖലീഫയായി. ഇങ്ങ് ബംഗ്ലാദേശ് വരെ നിരവധി രാജ്യങ്ങളില്‍ ഈ സംഘം ക്രൂരമായ മനുഷ്യക്കുരുതി നടത്തി. കുറേ വിഡ്ഢികള്‍ ഇവരോടൊപ്പം ചേരാന്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും തിരിച്ചു. കേരളത്തില്‍ നിന്നും പോയി ഏതാനും സലഫീ ചിന്താധാരക്കാര്‍.

ഐ എസ് മേധാവിത്വം സ്ഥാപിച്ചിടത്തെല്ലാം പുണ്യ കേന്ദ്രങ്ങളും ഇസ്‌ലാമിക ശേഷിപ്പുകളും തകര്‍ത്തെറിഞ്ഞു. മഹാ പണ്ഡിതന്‍മാരെ വകവരുത്തി. ഇസ്‌ലാമിന് ഇത്രമാത്രം പേരുദോഷം വരുത്തിയ ഒരു സംഘം വേറെയില്ലെന്ന ഗതി വന്നു. സിറിയ പോലെ ആഭ്യന്തര പ്രശ്‌നങ്ങളുള്ളിടത്തെല്ലാം ഇവര്‍ കുത്തിത്തിരിപ്പുണ്ടാക്കി. അവിടെയെല്ലാം സാമ്രാജ്യത്വ ശക്തികള്‍ക്ക് ഇടപെട്ട് രസിക്കാന്‍ അവസരമൊരുക്കി. ഒടുവില്‍ അതിന്റെ നേതാവ് അബൂബക്കര്‍ അല്‍ബഗ്്ദാദി അവസാനിച്ചുവെന്ന് അമേരിക്ക പ്രഖ്യാപിക്കുമ്പോള്‍ ഇറാന്‍ വാര്‍ത്താവിതരണ മന്ത്രി പറഞ്ഞതാണ് ലോകം ആവര്‍ത്തിക്കുന്നത്. “ഇതില്‍ വലിയ കാര്യമൊന്നുമില്ല, നിങ്ങള്‍ സൃഷ്ടിച്ചവരെ നിങ്ങള്‍ സംഹരിക്കുന്നു. അത്രയേ ഉള്ളൂ”. സാമ്രാജ്യത്വ ശക്തികള്‍ക്ക് വേണ്ടിയാണ് അല്‍ഖാഇദയും താലിബാനും പല പേരുകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘങ്ങളും നിലകൊള്ളുന്നത്. യുവാക്കളെ ആകര്‍ഷിക്കാനും ചാവേറുകളായി മാറ്റാനും ഇക്കൂട്ടര്‍ ഇസ്‌ലാമിക സംജ്ഞകള്‍ ഉപയോഗിക്കുകയാണ് ചെയ്തത്. ഇവരെല്ലാം ഇസ്‌ലാമിലെ വ്യതിചലന ചിന്താഗതികളായ സലഫിസത്തില്‍ നിന്നും മൗദൂദിസത്തില്‍ നിന്നും ആശയാടിത്തറ സ്വീകരിച്ചവരാണ്. ഇസ്‌ലാമിന്റെ തിളക്കമാര്‍ന്ന രാഷ്ട്രീയ തത്വസംഹിതകളെ തോന്നിയ പടി വ്യാഖ്യാനിക്കുന്ന അല്‍പ്പജ്ഞാനികളാണ് ഇവര്‍ക്ക് പ്രചോദനം. അതുകൊണ്ട് ബഗ്്ദാദി കൊല്ലപ്പെട്ടാലും ഇത്തരം ചിന്താഗതികള്‍ നിലനില്‍ക്കുവോളം സാമ്രാജ്യത്വത്തിന് ഉപയോഗിക്കാന്‍ പാകത്തില്‍ പുതിയ സംഘങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അവര്‍ക്കെല്ലാം ആയുധങ്ങള്‍ ലഭിക്കും. അതുകൊണ്ട് ഇത്തരം വിധ്വംസക ഇസങ്ങളെ മത വിശ്വാസികള്‍ ഒറ്റപ്പെടുത്തിയേ തീരൂ. ബഗ്്ദാദിയുടെ മരണം പോലും ട്രംപിന് രാഷ്ട്രീയ ആയുധമാണെന്നോര്‍ക്കണം. ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടുകയും രണ്ടാമൂഴത്തില്‍ ജനവിധി തേടാനിരിക്കുകയും ചെയ്യുന്ന ട്രംപിന് ബഗ്്ദാദിയുടെ മൃതദേഹം വലിയ ആത്മവിശ്വാസം പകരുന്നുണ്ട്. ട്രംപുമാര്‍ക്ക് ജയിക്കാനും ആയുധങ്ങള്‍ വില്‍ക്കാനും ശിഥിലീകരണ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാനുമാണല്ലോ ബഗ്്ദാദിമാര്‍ ഉണ്ടാകുകയും വളരുകയും ചെയ്യുന്നത്.