Connect with us

Eranakulam

കൊച്ചി മേയര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രണ്ട് കൗണ്‍സിലര്‍മാര്‍; സൗമിനിയെ തലസ്ഥാനത്തേക്കു വിളിപ്പിച്ച് മുല്ലപ്പള്ളി

Published

|

Last Updated

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിനിനെ മാറ്റിയാല്‍ യു ഡി എഫിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുമായി രണ്ട് കൗണ്‍സിലര്‍മാര്‍. കോണ്‍ഗ്രസ് അംഗം ജോസ് മേരിയും സ്വതന്ത്ര അംഗം ഗീത പ്രഭാകറുമാണ് മേയര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ചില നേതാക്കളുടെ താത്പര്യമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും നിലവിലെ നീക്കങ്ങള്‍ കൗണ്‍സിലര്‍മാര്‍ അറിയുന്നില്ലെന്നും അവര്‍ പറഞ്ഞു. അതിനിടെ, സൗമിനി ജെയിനിനോട് തിരുവനന്തപുരത്തെത്താന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.

മേയറെ മാത്രമല്ല, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ഉള്‍പ്പടെയുള്ളവരെ മാറ്റി കോര്‍പ്പറേഷന്‍ ഭരണസമിതി പൂര്‍ണമായി അഴിച്ചുപണിയണമെന്ന് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ തിങ്കളാഴ്ച മുല്ലപ്പള്ളിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഭരണ വീഴ്ചയുമായി ബന്ധപ്പെട്ട് മേയര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പേരിലല്ല, രണ്ടര വര്‍ഷത്തിന് ശേഷം സ്ഥാനമാറ്റം ഉണ്ടാകുമെന്ന തിരഞ്ഞെടുപ്പ് സമയത്തെ ധാരണ ഇനിയെങ്കിലും യാഥാര്‍ഥ്യമാക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് നേതാക്കള്‍ പറഞ്ഞു.

നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതില്‍ നിശിതമായ വിമര്‍ശനത്തിനാണ് സൗമിനി ജെയിന്‍ വിധേയയായത്. നിയമസഭയിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടന്ന ദിവസവും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയായിരുന്നു നഗരം. എന്നാല്‍, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം ഒരാളുടെ മേല്‍ മാത്രം കെട്ടിവെക്കേണ്ടതില്ലെന്നും ജയപരാജയങ്ങള്‍ കൂട്ടുത്തരവാദിത്തമാണെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്. എങ്കിലും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തുന്നതിനായി ബുധനാഴ്ച നടത്താനിരിക്കുന്ന യോഗത്തില്‍ മേയറെ മാറ്റുന്ന കാര്യം കൂടി പരിഗണിക്കാമെന്ന് ഒടുവില്‍ മുല്ലപ്പള്ളി സമ്മതിച്ചിട്ടുണ്ട്.

Latest