Connect with us

International

പാക് മുന്‍ പ്രധാന മന്ത്രി നവാസ് ശരീഫ് അതീവ ഗുരുതരാവസ്ഥയില്‍

Published

|

Last Updated

ലാഹോര്‍: ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാക് മുന്‍ പ്രധാന മന്ത്രി നവാസ് ശരീഫ് അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ടില്‍ സാരമായ കുറവുണ്ടായതിനെ തുടര്‍ന്നാണിത്. അഴിമതി വിരുദ്ധ വകുപ്പിന്റെ കസ്റ്റഡിയില്‍ കഴിയുന്ന 69കാരനായ ശരീഫിനെ തിങ്കളാഴ്ച രാത്രിയാണ് ഇവിടുത്തെ സര്‍വീസസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുന്‍ പ്രധാന മന്ത്രി നവാസ് ശരീഫ് അതീവ ഗുരുതരാവസ്ഥയിലാണെന്നും ജീവനു വേണ്ടി പോരാടുകയാണെന്നും അദ്ദേഹത്തിനെ ചികിത്സിക്കുന്ന ഡോക്ടര്‍ അദ്‌നാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. രക്തത്തിലെ കൗണ്ട് കുറഞ്ഞതും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതും ശരീഫിന്റെ ആരോഗ്യ നില മോശമാക്കിയതായി അദ്ദേഹം പറഞ്ഞു. ഇതിനൊക്കെ പുറമെയാണ് ഷുഗറും രക്തസമ്മര്‍ദവും പരിധി വിട്ട നിലയിലെത്തിയത്. ആശുപത്രിയിലെത്തിച്ച ശേഷം അദ്ദേഹത്തിന്റെ ശരീര ഭാരം പൊടുന്നനെ ഏഴുകിലോ കുറഞ്ഞതായി ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

കോട് ലോക്പത് ജയിലിലായിരുന്ന ശരീഫിനെ കഴിഞ്ഞ മാസം ചൗധരി ഷുഗര്‍ മില്‍ അഴിമതിക്കേസ് അന്വേഷിക്കുന്ന ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍ എ ബി) കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. അല്‍ അസീസിയ്യ സ്റ്റീല്‍ മില്‍സ് അഴിമതി കേസില്‍ ശരീഫിനെ 2018 ഡിസംബര്‍ 24ന് ഏഴു വര്‍ഷത്തെ തടവിനു ശിക്ഷിച്ച അക്കൗണ്ടബിലിറ്റി കോടതി സൈനിക കപ്പലുകളുമായി ബന്ധപ്പെട്ട കുംഭകോണ കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

Latest