Connect with us

National

വിരാട് കോലിക്കും ടീം ഇന്ത്യക്കും തീവ്രവാദി ആക്രമണ ഭീഷണി: സുരക്ഷ ശക്തമാക്കാന്‍ ഡല്‍ഹി പോലീസിന് നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്കും സംഘത്തിനും തീവ്രവാദ ഭീഷണി. ഇതേ തുടര്‍ന്ന് നവംബര്‍ മൂന്നിന് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ ഡല്‍ഹി പോലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)ക്കാണ് കോലിയും ഇന്ത്യന്‍ ടീമും തങ്ങളുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന വ്യക്തമാക്കുന്ന അജ്ഞാത കത്ത് ലഭിച്ചത്.

പ്രധാന മന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി നേതാവ് എല്‍ കെ അദ്വാനി, പ്രവര്‍ത്തക പ്രസിഡന്റ് ജെ പി നദ്ദ, ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് എന്നിവരുടെ പേരുകളും പട്ടികയിലുണ്ടെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. കേരളത്തിലെ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ലഷ്‌കര്‍ എന്ന ഭീകര ഗ്രൂപ്പ് കോലിയുള്‍പ്പടെയുള്ള ക്രിക്കറ്റര്‍മാരെയും പ്രമുഖ രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യം വച്ചേക്കുമെന്നാണ് കത്തില്‍ പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബി സി സി ഐ) കത്തിന്റെ പകര്‍പ്പ് എന്‍ ഐ എ അയച്ചുകൊടുത്തിട്ടുണ്ട്.

കത്ത് വ്യാജമാകാനാണ് സാധ്യതയെങ്കിലും എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിക്കുമെന്ന് എന്‍ ഐ എ വ്യക്തമാക്കി. ബംഗ്ലാദേശിനെതിരെ മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടി ട്വന്റി പരമ്പരയിലെ ആദ്യ പോരാട്ടമാണ് നവംബര്‍ മൂന്നിന് അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുക. ടി ട്വന്റിക്കു ശേഷം രണ്ടു ടെസ്റ്റുകളും ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിക്കും.

Latest