Connect with us

Kerala

പ്രതിപക്ഷം വേട്ടയാടുന്നു; താനൂരില്‍ പോയത് കല്ല്യാണത്തിന്- പി ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍: ആര്‍ എസ് എസ് നടത്തുന്ന വേട്ടയാടലിന്റെ തുടര്‍ച്ചയാണ് മുസ്ലിംലീഗ് നേതാവ് എം കെ മുനീര്‍ ഇന്ന് നിയമസഭയില്‍ തനിക്ക് എതിരായി നടത്തിയ പരാമര്‍ശമെന്ന് സി പി എം നേതാവ് പി ജയരാജന്‍. താനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കൊലപാകത്തില്‍ തനിക്ക് ഒരു പങ്കുമില്ല. ഒക്ടാബര്‍ 11ന് താനൂരില്‍ പോയത് കടലോര മേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ്. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ മക്കളുടെ കല്യാണമായിരുന്നു. ആ സന്ദര്‍ശനം രഹസ്യമല്ല. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള തന്റെ എല്ലാ യാത്രകളും എന്നോടൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു. താനൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇന്ന് നിയസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഫേസ്ബുക്കിലൂടെ മറുപടി നല്‍കുകയായിരുന്നു ജയരാജന്‍.

താനൂരില്‍ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ശയ്യാവലംബിയായ സഖാക്കളുടെ വീടുകകള്‍ സന്ദര്‍ശിച്ചു.
ആ പ്രദേശത്തെ പാര്‍ട്ടി സഖാക്കളുടെ സ്‌നേഹത്തോടെയുള്ള നിര്‍ബന്ധത്തിനു വഴങ്ങിയാണ് പോയത്. അപ്പോള്‍ തന്നെ അരൂരിലേക്ക് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി മടങ്ങുകയും ചെയ്തു. ഇതിലൊന്നും ഒരു രഹസ്യവും ഇല്ല. ജനങ്ങളുമായി അടുത്തിടപഴകുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നത് തെറ്റാണ് എന്ന് കരുതുന്നവരില്‍ ഞാന്‍ ഇല്ല. ഒരിക്കല്‍ പോയ സ്ഥലത്തു പിന്നീട് ഒരു ആക്രമണം നടന്നു എങ്കില്‍ അതിന്റെ ഉത്തരവാദിത്വം എന്നില്‍ അടിച്ചേല്‍പ്പിക്കാനുള്ള മാനസികാവസ്ഥയും യുക്തിയും മനസ്സിലാകുന്നില്ല.

നിയമസഭയില്‍ ദശാബ്ദത്തിലേറെ കാലം ഇരുന്ന ആളാണ് ഞാന്‍. എന്റെ അസാന്നിധ്യത്തില്‍ എന്നെക്കുറിച്ച് തീര്‍ത്തും അടിസ്ഥാനരഹിതവും ഖേദകരവുമായ പരാമര്‍ശം സഭയില്‍ നടത്തിയത് പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും ആണ് എന്നത് ആശ്ചര്യകരമാണ്. ഫാസിസത്തെ കുറിച്ച് പുസ്തകമെഴുതിയ പ്രതിപക്ഷ ഉപനേതാവ് ഫാസിസ്റ്റ് മുറയില്‍ ആര്‍ എസ് എസ് ശൈലിയില്‍ എന്നെ വേട്ടയാടാന്‍ ഇറങ്ങുന്നതിന്റെ അടിസ്ഥാനം എന്താണ്?.

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഇതുപോലുള്ള വ്യാജ പ്രചാരണത്തിനും വ്യക്തിഹത്യ്ക്കും മുതിരുന്നത് എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചാണ്?. ഈൗ വില കുറഞ്ഞ അപവാദ പ്രചാരണം നിങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലിന് സഹായകമാകട്ടെ എന്ന് മാത്രം പറയുന്നുവെന്നും ജയരാജന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest