Connect with us

Editorial

ഭരണകൂട ഭീകരതയുടെ നേര്‍സാക്ഷ്യം

Published

|

Last Updated

ബെംഗളൂരു സ്‌ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കുന്നതിന് കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. മഅ്ദനിയുടെ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കാനും മതിയായ ചികിത്സ ഉറപ്പ് വരുത്താനും ആവശ്യമായ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ തുടങ്ങി സംസ്ഥാനത്തെ വിവിധ സംഘടനാ ഭാരവാഹികള്‍ ഒപ്പിട്ട നിവേദനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമര്‍പ്പിക്കുകയുണ്ടായി. നേരത്തേ ഇതുസംബന്ധിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉത്തരവാദപ്പെട്ട പലരെയും കണ്ടു സംസാരിക്കുകയും കത്തയക്കുകയും ചെയ്തിരുന്നു. 2012 ഡിസംബറില്‍ അന്നത്തെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടാര്‍, ആഭ്യന്തര മന്ത്രിയായിരുന്ന ആര്‍ അശോക് എന്നിവരെ കാന്തപുരം നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെടുകയും സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ 2017ല്‍ അദ്ദേഹത്തിനു കത്തയക്കുകയും ചെയ്തിരുന്നു.

നീതിനിഷേധത്തിന്റെ രാജ്യത്തെ ഏറ്റവും വലിയ ഇരയും ഭരണകൂട ഭീകരതയുടെ നേര്‍സാക്ഷ്യവുമാണ് അബ്ദുന്നാസിര്‍ മഅ്ദനി. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് 1998 മാര്‍ച്ച് 31ന് അറസ്റ്റിലായ അദ്ദേഹത്തിന് പ്രസ്തുത കേസില്‍ ഒമ്പത് വര്‍ഷത്തിലേറെക്കാലം വിവിധ ജയിലുകളില്‍ വിചാരണാ തടവുകാരനായി കിടക്കേണ്ടി വന്നു. അവസാനം കേസില്‍ അദ്ദേഹത്തിന് പങ്കില്ലെന്നു കണ്ട് 2007 ആഗസ്റ്റില്‍ കോടതി കുറ്റവിമുക്തനാക്കി. ഒമ്പത് വര്‍ഷക്കാലം വേണ്ടിവന്നു നമ്മുടെ കോടതികള്‍ക്ക് ഒരു തടവുപുള്ളി കേസില്‍ പ്രതിയാണോ അല്ലയോ എന്നു കണ്ടെത്താന്‍. എന്നിട്ടും കൂടുതല്‍ കാലം അദ്ദേഹത്തിന് നാട്ടില്‍ കുടുംബത്തോടൊപ്പം സ്വസ്ഥ ജീവിതം അനുഭവിക്കാനായില്ല. 2010 ആഗസ്റ്റ് 17ന് ബെംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു വീണ്ടും തടവറക്കുള്ളില്‍ ബന്ധിച്ചു.
കാഴ്ചശക്തി ഏറെക്കുറെ മങ്ങുകയും വിവിധ രോഗങ്ങളാല്‍ കടുത്ത അവശത അനുഭവിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കേസ് സംബന്ധമായ നടപടികള്‍ പ്രോസിക്യൂഷന്‍ മനഃപൂര്‍വം അനന്തമായി നീട്ടിക്കൊണ്ടു പോകുകയാണ്.

കേസ് അനന്തമായി നീണ്ടു പോകുന്നതിനെതിരെ മഅ്ദനിയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ, നാല് മാസത്തിനകം കേസ് തീര്‍പ്പാക്കുമെന്ന് 2014 നവംബര്‍ 17ന് കര്‍ണാടക സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വ. രാജീവ് രാമചന്ദ്രനും അഡ്വ. അനിതാ ഷേണായിയും സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. അതുകഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിട്ടു. ഇപ്പോഴും ഒച്ചിന്റെ വേഗത്തിലാണ് കേസ് നടപടികള്‍ നീങ്ങുന്നത്.

പലപ്പോഴായി മഅ്ദനി സമര്‍പ്പിച്ച ജാമ്യാപേക്ഷകളില്‍ പോലും ക്രൂരവും മനുഷ്യത്വരഹിതവുമായ നിലപാടാണ് പ്രോസിക്യൂഷനും കോടതികളും സ്വീകരിച്ചത്. ജാമ്യം അനുവദിച്ചാല്‍ മഅ്ദനി തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതികള്‍ അപ്പടി അംഗീകരിക്കുകയായിരുന്നു മിക്കപ്പോഴും. വീല്‍ചെയറിന്റെ സഹായത്തോടെ മാത്രം സഞ്ചരിക്കുകയും പലവിധ അസുഖങ്ങള്‍ മൂലം പാടേ അവശനാകുകയും ചെയ്ത ഒരു രോഗിയില്‍ എന്തു തീവ്രവാദ പ്രവര്‍ത്തനമാണാവോ അവര്‍ ഭയക്കുന്നത്? ജനാധിപത്യ സംവിധാനത്തില്‍ വിചാരണത്തടവുകാരന് അനുവദിച്ച നിയമ പരിരക്ഷയാണ് ജാമ്യം. എന്നാല്‍ ജാമ്യത്തെക്കുറിച്ച് പറയേണ്ട, ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചാലോചിക്കാമെന്നാണ് ജാമ്യാപേക്ഷയുമായി ചെല്ലുമ്പോള്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്ക് പല കോടതികളില്‍ നിന്നും ലഭിച്ച മറുപടി.

നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ വിചാരണാ നടപടികള്‍ വൈകുന്നത് പരിഗണിച്ച് സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും ബെംഗളൂരു നഗരം വിട്ടുപോകാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയായിരുന്നു അത്.
ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായാണ് ബെംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനി പ്രതിചേര്‍ക്കപ്പെട്ടതെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തല്‍. ഈ കേസില്‍ ആദ്യ രണ്ട് തവണ തയ്യാറാക്കപ്പെട്ട കുറ്റപത്രത്തിലും മഅ്ദനിയുടെ പേരുണ്ടായിരുന്നില്ല. മൂന്നാമത്തെ കുറ്റപത്രത്തിലാണ് അദ്ദേഹത്തിന്റെ പേര് വരുന്നത്. കുടകില്‍ തടിയന്റവിട നസീര്‍ സംഘടിപ്പിച്ച തീവ്രവാദ ക്യാമ്പില്‍ അദ്ദേഹം പങ്കെടുത്തുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.

മുഴുസമയവും പോലീസ് കാവലിലായിരുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് അവരെ വെട്ടിച്ചു കുടകില്‍ എത്താന്‍ സാധിച്ചതെന്ന ചോദ്യത്തിന് പോലീസും പ്രോസിക്യൂഷനും മറുപടി പറയേണ്ടതുണ്ട്. കുടകിലെ ക്യാമ്പില്‍ പങ്കെടുത്തുവെന്ന് സ്ഥാപിക്കാന്‍ തെളിവായി ഹാജരാക്കുന്നത് തട്ടിക്കൂട്ട് സാക്ഷികളെയും.

കൊച്ചിയിലെ ജോസ് വര്‍ഗീസാണ് ഒരു സാക്ഷി. തന്നെ കബളിപ്പിച്ചാണ് മൊഴി രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ സാക്ഷിയാക്കിയതെന്നും ഇംഗ്ലീഷില്‍ എഴുതിയ ചില പേപ്പറുകളില്‍ പോലീസ് തന്നെക്കൊണ്ട് ബലമായി ഒപ്പ് വെപ്പിക്കുകയായിരുന്നുവെന്നും മുഖ്യപ്രതി റഫീഖും കോടതിയില്‍ പറഞ്ഞു. ഇതാണ് കേസിന്റെ അവസ്ഥ. ഈ കേസ് നിലനില്‍ക്കാന്‍ ഒരു സാധ്യതയും നിയമജ്ഞര്‍ കാണുന്നില്ല. എന്നിരിക്കെ ആരുടെയോ നിര്‍ദേശ പ്രകാരം പരമാവധി അദ്ദേഹത്തെ ജയിലില്‍ തളച്ചിടുന്നതിന്റെ ഭാഗമായാണ് പ്രോസിക്യൂഷന്‍ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ മുസ്‌ലിം സംഘടനാ നേതാക്കള്‍ രംഗത്ത് വന്നത്. നിരപരാധികള്‍ക്ക് വേണ്ടി ഇനിയും ശബ്ദമുയരട്ടെ.

Latest