Connect with us

Articles

വികസനം മാതൃഭാഷക്കൊപ്പം

Published

|

Last Updated

ഭരണം ജനങ്ങളുടെ ഭാഷയിലായിരിക്കണം എന്നത് ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ പ്രധാനപ്പെട്ടതാണ്. സംസ്ഥാനത്തെ ഭരണഭാഷ പൂര്‍ണമായും മാതൃഭാഷയായ മലയാളത്തിലായിരിക്കണമെന്നതാണ് സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം. 1956 നവംബര്‍ ഒന്നിന് കേരളം രൂപവത്കരിച്ചതു മുതല്‍ ഈ ഉദ്ദേശ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിവരുന്നുണ്ട്. എന്നാല്‍ ഭരണതലത്തില്‍ മലയാളത്തിന്റെ ഉപയോഗം ഇന്നും പൂര്‍ണമായി നിര്‍വഹിക്കപ്പെട്ടിട്ടില്ല.

ജനാധിപത്യം സാര്‍ഥകമാകണമെങ്കില്‍ ഭരണത്തില്‍ ജനങ്ങള്‍ക്കുള്ള പങ്ക് ഉറപ്പാക്കണം. ഭാഷ അതിനൊരു തടസ്സമാകരുത്. ഭരിക്കുന്നവരുടെയും ഭരണീയരുടെയും ഭാഷ ഒന്നായിത്തീരുമ്പോഴാണ് ആശയവിനിമയം പൂര്‍ണമാകുന്നത്. ഭരണഭാഷാമാറ്റം ലക്ഷ്യം കൈവരിക്കണമെങ്കില്‍ രാഷ്ട്രീയ ഇച്ഛാശക്തിയും ജനങ്ങളുടെ സഹകരണവും ഉദ്യോഗസ്ഥരുടെ പരിശ്രമവും മാധ്യമങ്ങളുടെയും ഭാഷാവിദഗ്ധരുടെയും പങ്കാളിത്തവും ആവശ്യമാണ്.

1957ലെ ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് കോമാട്ടില്‍ അച്യുത മേനോന്‍ അധ്യക്ഷനായ ഒരു കമ്മിറ്റിയെ ഭരണഭാഷാ മാറ്റത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചു. 1958 ആഗസ്റ്റ് 16ന് സമര്‍പ്പിച്ച കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്നുള്ള പരിശോധനകളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ 1965 മുതല്‍ കേരളത്തിലെ വിവിധ വകുപ്പുകളിലും സെക്രട്ടേറിയറ്റിലും ഔദ്യോഗിക നടപടിക്രമങ്ങള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ ആകാവുന്നതാണെന്ന് ഉത്തരവിട്ടു. 1973ല്‍ ആക്റ്റ് ഭേദഗതി വരുത്തി മലയാളവും ഇംഗ്ലീഷും ഔദ്യോഗിക ഭാഷകളാക്കി. കേരളത്തിലെ ഹൈക്കോടതിയുടെയും കീഴ്‌ക്കോടതികളുടെയും നടപടികള്‍ മലയാളത്തിലാക്കുന്നതിന് വേണ്ടി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ജസ്റ്റിസ് നരേന്ദ്രന്റെ അധ്യക്ഷതയില്‍ ഒരു കമ്മിറ്റിയെ 1985ല്‍ സര്‍ക്കാര്‍ നിയോഗിച്ചു. 1987ല്‍ കമ്മിറ്റി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീഴ്‌ക്കോടതികളിലെ ഔദ്യോഗികഭാഷ മലയാളമാക്കി ഉത്തരവിറങ്ങി. ഭരണഭാഷ മലയാളമാക്കി എന്നതുകൊണ്ട് ഇംഗ്ലീഷ് പൂര്‍ണമായി ഉപേക്ഷിക്കപ്പെടുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലും ഇതര സംസ്ഥാന ഓഫീസുകളിലും ബന്ധപ്പെടുന്നതിന് ഇംഗ്ലീഷ് ആവശ്യമാണ്. അതുപോലെ ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള കത്തിടപാടുകളും നടപടികളും ഇംഗ്ലീഷില്‍ ആയിരിക്കണം.
1971 മുതല്‍ സെക്രട്ടേറിയറ്റില്‍ ഔദ്യോഗിക ഭാഷാവിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 1999 മുതല്‍ സര്‍ക്കാര്‍ തലത്തില്‍ ജീവനക്കാര്‍ക്ക് ഭാഷാഭിമുഖ്യം വളര്‍ത്തുന്നതിനും ഭാഷാ പ്രയോഗത്തില്‍ പരിശീലനം നല്‍കുന്നതിനും ഔദ്യോഗിക ഭാഷാ പരിശീലന പരിപാടികള്‍ ആരംഭിച്ചു. 2002 മുതല്‍ നമ്മുടെ സംസ്ഥാനത്ത് നവംബര്‍ ഒന്നിന് മലയാള ദിനവും ഒന്ന് മുതല്‍ ഏഴ് വരെ ഭരണഭാഷാ വാരമായും സര്‍ക്കാര്‍തലത്തില്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു വരുന്നു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതല ഭാഷാ സമിതി മൂന്ന് മാസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് വിവിധ വകുപ്പുകളിലെ ഭാഷാമാറ്റ പുരോഗതി വിലയിരുത്തുന്നു. യോഗത്തില്‍ വിവിധ വകുപ്പ് തലവന്മാര്‍ പങ്കെടുക്കും. സംസ്ഥാനതല ഭാഷാ സമിതിയുടെ അധ്യക്ഷന്‍ ചീഫ് സെക്രട്ടറിയാണ്. നാല് മാസത്തിലൊരിക്കല്‍ സംസ്ഥാനതല ഭാഷാസമിതി യോഗം ചേരും. മുഖ്യമന്ത്രി അധ്യക്ഷനും സാംസ്‌കാരികവകുപ്പ് മന്ത്രി ഉപാധ്യക്ഷനുമായ ഉന്നതതല സമിതി ആറ് മാസത്തിലൊരിക്കല്‍ യോഗം ചേരുന്നു. ഇതിന് പുറമെ നിയമസഭയുടെ ഔദ്യോഗിക ഭാഷാസമിതിയും ഭാഷാമാറ്റ പുരോഗതിക്കായി പ്രവര്‍ത്തിച്ചു വരുന്നു.

ഭരണഭാഷ മലയാളത്തിലായിരിക്കണമെന്ന സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ എല്ലാ വകുപ്പ് തലവന്മാരും ഓഫീസ് മേലാധികാരികളും ജീവനക്കാരും ഒന്നിച്ച് പരിശ്രമിക്കേണ്ടതുണ്ട്. ഭരണഭാഷാ സംബന്ധമായുള്ള നടപടിക്രമങ്ങള്‍ വിവിധ വകുപ്പുകളില്‍ നടപ്പിലാക്കുന്നുണ്ടോ എന്നും അതിന്റെ പുരോഗതിയും ഔദ്യോഗിക ഭാഷാവകുപ്പ് പരിശോധിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്യണം. ഔദ്യോഗിക ഭാഷ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും കൃത്യമായി നടപ്പാക്കാനുള്ള പരിശ്രമങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അതീവ ഗൗരവത്തോടെ ഏറ്റെടുക്കേണ്ടതുണ്ട്.

സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനും മലയാളം പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമാക്കണം. മലയാളത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. കേരളത്തിന്റെ സമഗ്ര വികസനം മാതൃഭാഷയിലൂടെയാകണം. ഇങ്ങനെയാകുമ്പോഴാണ് വികസനവും നാടിന്റെ വളര്‍ച്ചയും സര്‍ഗാത്മകമാകുന്നത്.
വിദ്യാഭ്യാസവും ഭരണവും മറ്റു സാമൂഹിക വിനിമയങ്ങളും പൂര്‍ണമായി മലയാളത്തില്‍ നടപ്പാക്കാന്‍ കഴിയാത്ത നമ്മുടെ സംസ്ഥാനത്ത് ശരിയായ അര്‍ഥത്തില്‍ ജനാധിപത്യം അനുഭവിക്കാനാകുന്നുണ്ടോ എന്ന് സംശയമാണ്. മാതൃഭാഷ വളരുകയും വികസിക്കുകയും ജനങ്ങള്‍ നെഞ്ചേറ്റുകയും ചെയ്യുമ്പോള്‍ തന്നെ ഭരണവും കോടതി നടപടി ക്രമങ്ങളും പൂര്‍ണമായും മലയാളത്തില്‍ നടപ്പാക്കിയാല്‍ മാത്രമേ സാധാരണക്കാര്‍ക്ക് അവന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകൂ. അതിനുള്ള ഇച്ഛാശക്തി ഭരണകൂടത്തിനും മലയാളി സമൂഹത്തിനും ഉണ്ടാകണം.

ആഗോളവത്കരണം, ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ച, കമ്പോള സംസ്‌കാരം, നഗരവത്കരണം, പാശ്ചാത്യ ജീവിതശൈലി, ഗള്‍ഫ് സ്വാധീനം എന്നിവയൊക്കെ നമ്മുടെ സാമൂഹിക ജീവിതത്തെയും സാംസ്‌കാരിക അടരുകളെയും സാരമായി സ്വാധീനിച്ചിട്ടുണ്ട്. നമ്മുടെ പൈതൃകം, പാരമ്പര്യം, നാട്ടറിവുകള്‍, കാര്‍ഷിക സംസ്‌കൃതി എന്നിവ നഷ്ടമാകുന്ന തരത്തിലുള്ള സ്വാധീനങ്ങളും ഇടപെടലുകളും അടുത്ത കാലത്തായി വലിയ തോതില്‍ ഉണ്ടാകുന്നു. ഇതിനോടൊക്കെയുള്ള ചെറുത്ത് നില്‍പ്പിന്റെ ഭാഗമായി മാത്രമേ ഭാഷകളുടെ തകര്‍ച്ചയെയും കാണാനാകൂ. ഓരോ നാടിനും ചെറു സമൂഹങ്ങള്‍ക്കും അവരുടെ ഭാഷയും സ്വത്വവും സംരക്ഷിക്കാനും നിലനിര്‍ത്താനും കഠിന പ്രയത്‌നങ്ങള്‍ ആവശ്യമായി വന്നിരിക്കുന്നു. ഒരു ജനസമൂഹം മാതൃഭാഷയെ സംരക്ഷിക്കുന്നു എന്നതിനര്‍ഥം അവര്‍ക്ക് കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാനുള്ള കരുത്തുണ്ട് എന്നാണ്. മലയാളികളായ നാം ഇക്കാര്യത്തില്‍ വരും കാലങ്ങളില്‍ കൂടുതല്‍ ജാഗ്രതയും പ്രതിരോധവും ഉയര്‍ത്തേണ്ടതുണ്ട്.

(ലേഖകന് കേരള സര്‍ക്കാറിന്റെ ഭരണ ഭാഷാസേവന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്)

Latest