Connect with us

Articles

വക്രരാഷ്ട്രീയം വീണ്ടും തീണ്ടാപ്പാടകലം

Published

|

Last Updated

വി കെ പ്രശാന്ത്, കെ സുരേന്ദ്രന്‍, പിണറായി വിജയന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ വലിയ പരാജയത്തിന് മുന്നില്‍ ഉഴറി നിന്ന ഇടത് ജനാധിപത്യ മുന്നണിക്കും അതിന് നേതൃത്വം നല്‍കുന്ന സി പി ഐ (എം)ക്കും നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ ഫലം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. എങ്കിലും സി പി ഐ (എം)ക്ക് ശക്തമായ സ്വാധീനമുള്ള അരൂരില്‍ പരാജയമുണ്ടായെന്നത് അവരുടെ ആത്മവിശ്വാസത്തെ ചെറുതായി ഉലക്കുകയും ചെയ്യുന്നു. വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും പരാജയം ചെറുതല്ലാത്ത തിരിച്ചടിയാണെങ്കിലും വോട്ടു ബേങ്കില്‍ വലിയ ഇടിവില്ലാതെ നോക്കാനായെന്നത് കോണ്‍ഗ്രസിനെയും ഐക്യജനാധിപത്യ മുന്നണിയെയും സംബന്ധിച്ച് ആശ്വാസകരമാണ്. അരൂര്‍ പിടിച്ചെടുക്കാനായെന്നത് നേട്ടവും. ഉപതിരഞ്ഞെടുപ്പ് ഫലം അലോസരമുണ്ടാക്കേണ്ടത് ബി ജെ പിക്കും അവരുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിനുമാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ നേമത്ത് ഒ രാജഗോപാല്‍ നേടിയ വിജയത്തോടെ നിയമസഭയില്‍ അക്കൗണ്ട് തുറന്ന ബി ജെ പി വലിയ അവകാശവാദങ്ങള്‍ പിന്നീട് നടത്തിയിരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിന് ആചാരത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി നീക്കുകയും ആ വിധി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷം രൂപപ്പെടുത്തിയെടുത്ത വൈകാരിക അന്തരീക്ഷം കാവിക്കുതിപ്പിന് ബലമേകുമെന്ന് സംഘ്പരിവാരം കരുതുകയും ചെയ്തു. എന്നാല്‍ അത്തരം പ്രതീക്ഷകളൊക്കെ അസ്ഥാനത്താണെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമായി പറഞ്ഞുവെക്കുന്നുണ്ട്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന മലയാളികളെ സംബന്ധിച്ച് അതുതന്നെയാണ് ഏറെ പ്രധാനവും.

2014ല്‍ ലോക്‌സഭയില്‍ ബി ജെ പി ഒറ്റക്ക് ഭൂരിപക്ഷം നേടുകയും നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്തെത്തുകയും അസാധാരണമായ പ്രചാരണ സംവിധാനങ്ങളിലൂടെ താനൊഴിഞ്ഞാരുമില്ല ഇന്ത്യന്‍ യൂനിയനില്‍ നേതാവായി എന്ന മട്ടിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയും ചെയ്തതിന്റെ പ്രതിഫലനം കേരളത്തിലെ വോട്ടര്‍മാര്‍ക്കിടയിലുമുണ്ടായിരുന്നു. അതുപക്ഷേ, 2019ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി വലിയ വിജയം ആവര്‍ത്തിച്ചപ്പോള്‍ കേരളത്തില്‍ കാവിക്കൊടി പാറിക്കാന്‍ പാകത്തില്‍ ശക്തമായിരുന്നില്ല. 20ല്‍ 19 സീറ്റിലും യു ഡി എഫ് സ്ഥാനാര്‍ഥികള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ആലപ്പുഴ തീരെ ചെറിയ വ്യത്യാസത്തില്‍ എല്‍ ഡി എഫ് പിടിച്ചെടുക്കുകയും ചെയ്തു. എങ്കിലും പത്തനംതിട്ട, പാലക്കാട്, തൃശൂര്‍ മണ്ഡലങ്ങളില്‍ ബി ജെ പിക്ക് കാര്യമായ വോട്ട് വര്‍ധനയുണ്ടായി. തിരുവനന്തപുരത്ത് നേരത്തേയുള്ള രണ്ടാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. വിജയം നേടാനായില്ലെങ്കിലും ചില മണ്ഡലങ്ങളിലെങ്കിലും വോട്ട് വര്‍ധിപ്പിക്കാനായത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നതാണെന്നാണ് ബി ജെ പിയും കൂട്ടാളികളും പിന്നീട് പ്രചരിപ്പിച്ചത്.

അങ്ങനെ വലിയ വോട്ടുവിഹിതം ബി ജെ പിക്ക് ലഭിച്ച ലോക്‌സഭാ മണ്ഡലങ്ങളുടെ ഭാഗമാണ് വട്ടിയൂര്‍ക്കാവും കോന്നിയും. അതുകൊണ്ടു തന്നെ ഈ രണ്ട് മണ്ഡലങ്ങളിലും വിജയിക്കുമെന്ന വീരവാദം അവര്‍ നടത്തിയിരുന്നു. വിജയിച്ചില്ലെങ്കിലും ജയ പരാജയം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും ബി ജെ പിയുടെ സാന്നിധ്യമെന്ന തോന്നല്‍ ശക്തമാകുകയും ചെയ്തു. മഞ്ചേശ്വരത്ത് 2016ല്‍ ഐക്യജനാധിപത്യ മുന്നണിയില്‍ മത്സരിച്ച മുസ്‌ലിം ലീഗിന് ഭൂരിപക്ഷം തീരെ കുറവായിരുന്നു. മഞ്ചേശ്വരത്ത് വൈകാതെ കാവിക്കൊടി പാറുമെന്ന പ്രതീതി ജനിപ്പിക്കപ്പെട്ടു. ഇതിനെയെല്ലാം അപ്രസക്തമാക്കും വിധത്തിലേക്ക് കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം മാറിയെന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.

അത്തരത്തിലൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഇടത് ജനാധിപത്യ മുന്നണിയുമാണ്. അതുകൊണ്ട് പാലയുള്‍പ്പെടെ ആറിടത്തേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ മൂന്നിടത്ത് ജയിക്കാനായെന്നത് എല്‍ ഡി എഫിന്റെയും സി പി ഐ (എം) യുടെയും രാഷ്ട്രീയ വിജയമായി തന്നെ കാണണം.
ശബരിമലയിലെ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന്, ഹിന്ദു വോട്ടുകളുടെ ഏകീകരണം സാധ്യമാക്കും വിധത്തില്‍ വികാരമുണര്‍ത്താന്‍ ശ്രമിച്ചത് സംഘ്പരിവാരവും എന്‍ എസ് എസ്സിനെപ്പോലുള്ള സമുദായ സംഘടനകളും മാത്രമായിരുന്നില്ല, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു ഡി എഫ് കൂടിയായിരുന്നു. ആചാര (അനാചാര) സംരക്ഷണം തന്നെയാണ് വിശ്വാസ സംരക്ഷണമെന്ന് വരുത്തിത്തീര്‍ത്ത്, ഭരണഘടനയിലെ മൗലികാവകാശങ്ങളെ മുന്‍നിര്‍ത്തി സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുമെന്ന് പറയുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയായി വ്യാഖ്യാനിക്കുന്നത് സംഘ്പരിവാര്‍ അജന്‍ഡകളുടെ സ്ഥാപനത്തിനാണെന്ന് തിരിച്ചറിയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചില്ല. അല്ലെങ്കില്‍ അങ്ങനെ സൃഷ്ടിക്കപ്പെടുന്ന വികാരം വോട്ടായാല്‍ നടുത്തുണ്ടം നേടുക എന്ന താത്കാലിക ലക്ഷ്യത്തില്‍ ചുരുങ്ങി നിന്നു അവര്‍. ബാബരി മസ്ജിദ്, ഗോവധ നിരോധനം തുടങ്ങി നിരവധിയായ വിഷയങ്ങളില്‍ സംഘ്പരിവാരത്തിന് വളക്കൂറുള്ള മണ്ണൊരുക്കാന്‍ പാകത്തില്‍ ദേശീയതലത്തില്‍ ഓരോ കാലത്തും കോണ്‍ഗ്രസെടുത്ത നിലപാടുകളുടെ തുടര്‍ച്ച ശബരിമലയുടെ കാര്യത്തില്‍ ആവര്‍ത്തിക്കുകയാണ് അവര്‍ ചെയ്തത്. മൃദു ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിച്ച് തീവ്ര ഹിന്ദുത്വത്തിന്റെ പാളയത്തിലേക്ക് ആളെക്കൂട്ടുന്ന നയം.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് നിയമസഭകളിലേക്ക് കോണ്‍ഗ്രസ് ജയിച്ച് കയറുകയും ബി ജെ പിയെ പരാജയപ്പെടുത്താന്‍ പാകത്തില്‍ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നുവെന്ന തോന്നലുണ്ടാകുകയും രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാനെത്തുകയും ചെയ്തതോടെയാണ് ശബരിമലയെ കേന്ദ്രീകരിച്ച് ധ്രുവീകരണമുണ്ടാക്കി, രാഷ്ട്രീയനേട്ടം കൊയ്യാന്‍ സംഘ്പരിവാരം നടത്തിയ ശ്രമങ്ങള്‍ ഫലം കാണാതെ പോയത്.

ഇതൊന്നുമുണ്ടായിരുന്നില്ലെങ്കില്‍ ശബരിമല വോട്ടാകുമ്പോള്‍ നടുത്തുണ്ടം വിഴുങ്ങാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് നേതൃത്വം സംഘ്പരിവാരം ആഗ്രഹിച്ച വിധത്തിലുള്ള ധ്രുവീകരണത്തിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുമായിരുന്നു. ഈ ശ്രമങ്ങളെ ഒരു പരിധിവരെ ഫലപ്രദമായി ചെറുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ആരംഭിക്കുകയും കെ പി എം എസ്, എസ് എന്‍ ഡി പി തുടങ്ങിയ സംഘടനകളുടെ വലിയ പിന്തുണയില്‍ കരുത്താര്‍ജിക്കുകയും ചെയ്ത നവോത്ഥാന മൂല്യ സംരക്ഷണമെന്ന ആശയത്തില്‍ കേന്ദ്രീകരിച്ച രാഷ്ട്രീയത്തിന് സാധിക്കുകയും ചെയ്തു. അതുകൊണ്ടാണ് ലോക്‌സഭയിലെ വലിയ തോല്‍വിയിലും തങ്ങളുടെ അടിത്തറയില്‍ വലിയ വിള്ളലുണ്ടാകാതെ നോക്കാന്‍ സി പി ഐ (എം)ക്കും എല്‍ ഡി എഫിനും സാധിച്ചത്. ആ രാഷ്ട്രീയത്തിന്റെ തുടര്‍ച്ച ഈ ഉപതിരഞ്ഞെടുപ്പ് ഫലത്തിലും കാണാനാകും.

ആചാരത്തെ വിശ്വാസവുമായി കൂട്ടിക്കുഴച്ച്, ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വം കച്ചകെട്ടി ഇറങ്ങുകയും വട്ടിയൂര്‍ക്കാവില്‍ യു ഡി എഫിനായി പരസ്യ പ്രചാരണം നടത്തുകയും ചെയ്തിട്ടും വി കെ പ്രശാന്ത് എന്ന സി പി ഐ (എം) നേതാവ് വലിയ ഭൂരിപക്ഷത്തില്‍ അവിടെ ജയിച്ചത് പുതിയ രാഷ്ട്രീയം വളര്‍ന്നു വരുന്നതിന്റെ തെളിവായി തന്നെ കാണണം. കോന്നിയില്‍ ശബരിമലയുടെ ഡിവിഡന്റെടുക്കാന്‍ ഇറങ്ങിയ ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത് തുടര്‍ന്നതിന്റെ കാരണവും മറ്റൊന്നല്ല.

നവോത്ഥാന മൂല്യ സംരക്ഷണമെന്ന ആശയത്തിനപ്പുറത്തുള്ള കാരണങ്ങള്‍ ഈ രാഷ്ട്രീയത്തിനുണ്ടാകാം. അധികാരത്തില്‍ അര്‍ഹമായ സ്വാധീനം ഉറപ്പാക്കാന്‍ പുതു രാഷ്ട്രീയത്തിന്റെ ഭാഗമായ സംഘടനകള്‍ ആഗ്രഹിക്കുന്നുണ്ടാകും. അതങ്ങനെയാണെങ്കില്‍പ്പോലും സാമൂഹിക നീതിയുടെ പക്ഷത്തുനിന്ന് നോക്കുമ്പോള്‍ യുക്തിസഹമാണെന്ന് പറയേണ്ടിവരും. അത്തരമൊരു രാഷ്ട്രീയത്തിന്റെ സാധ്യത മുഖ്യമന്ത്രി പിണറായി വിജയന്‍ മനസ്സിലാക്കുന്നത് പോലെ സി പി ഐ (എം) നേതൃത്വം മനസ്സിലാക്കുന്നുണ്ടോ എന്നതിലേ സംശയമുള്ളൂ.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം സി പി ഐ (എം) നേതൃയോഗം ചേര്‍ന്ന് തിരുത്തേണ്ട തെറ്റുകളെക്കുറിച്ച് വിശദമായി ചര്‍ച്ച നടത്തുകയും വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രഖ്യാപനം. ഈ വിലയിരുത്തലിനെ ഏതാണ്ട് തള്ളിക്കൊണ്ട്, വിശ്വാസികള്‍ക്കെതിരല്ല പാര്‍ട്ടിയെന്ന് വ്യക്തമാക്കിക്കൊണ്ടുതന്നെ ശബരിമലയുടെ കാര്യത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. എന്‍ എസ് എസിന്റെ തിട്ടൂരങ്ങള്‍ക്കോ വിശ്വാസികളെ മറയാക്കി സംഘ്പരിവാരവും കോണ്‍ഗ്രസും പയറ്റുന്ന രാഷ്ട്രീയത്തിനോ വഴങ്ങില്ലെന്ന വ്യക്തമായ സന്ദേശം നല്‍കുകയാണ് പിണറായി വിജയന്‍ ഇതിലൂടെ ചെയ്തത്. അതിന്റെ പ്രതിഫലനം വട്ടിയൂര്‍ക്കാവിലും കോന്നിയിലും ഉണ്ടാകുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി വിനയാന്വിതനായി.

വട്ടിയൂര്‍ക്കാവില്‍ തങ്ങള്‍ക്കെതിരെ നിലപാടെടുത്ത സമുദായ സംഘടന തെറ്റുദ്ധാരണ തിരുത്തുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. ആചാരത്തെ വിശ്വാസമെന്ന് വ്യാഖ്യാനിച്ച് ജനത്തെ കബളിപ്പിക്കാനുള്ള ശ്രമം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് പറയാനുള്ള രാഷ്ട്രീയമായ കരുത്ത് അദ്ദേഹത്തിനുണ്ടായില്ല. അതുകൊണ്ടാണ് കേരളത്തില്‍ കരുത്താര്‍ജിക്കാന്‍ ഇടയുള്ള രാഷ്ട്രീയത്തെക്കുറിച്ച് ആ പാര്‍ട്ടിക്ക് ഇപ്പോഴും ധാരണയുണ്ടോ എന്ന സംശയം ഉന്നയിക്കുന്നത്.

വിശ്വാസത്തോടും ആചാരത്തോടുമുള്ള കൂറ് പരസ്യമായി പ്രഖ്യാപിച്ചും ബി ജെ പി സ്ഥാനാര്‍ഥിയായ തന്ത്രിയുടെ കൈ പിടിച്ച് തലയില്‍ വെച്ച് അനുഗ്രഹം നേടിയെന്ന് പറഞ്ഞും മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി സ്വയം പരിഹാസ്യനായതിന്റെ കാരണവും സി പി ഐ (എം)ക്കുള്ളില്‍ തുടരുന്ന അവ്യക്തത തന്നെയാണ്. അതവസാനിപ്പിച്ച് സാമൂഹിക നീതിയിലും തുല്യതയിലും ഊന്നുന്ന രാഷ്ട്രീയത്തില്‍ ചാഞ്ചാട്ടമില്ലാതെ ഉറച്ചുനില്‍ക്കാനുള്ള സന്ദേശമുണ്ട് ഈ ഉപതിരഞ്ഞെടുപ്പ് വിധിയില്‍. അത് ഇടതുപക്ഷം മാത്രം മനസ്സിലാക്കേണ്ടതല്ല, യു ഡി എഫും കോണ്‍ഗ്രസും കൂടിയാണ്. അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ നേടിയ വിജയം മതി അത് മനസ്സിലാക്കാന്‍. പൂതനയെന്ന ആക്ഷേപത്തിന് അവിടുത്തെ സ്ത്രീകള്‍ സി പി ഐ (എം)ക്ക് നല്‍കിയ മറുപടി കൂടിയാണല്ലോ ഷാനിമോളുടെ എം എല്‍ എ സ്ഥാനം.