Connect with us

Kerala

ബഷീറിന്റെ അസാന്നിധ്യം പ്രകടമായി നിയമസഭാ പ്രസ് ഗ്യാലറിയും മീഡിയാറൂമും

Published

|

Last Updated

ഫയൽ ചിത്രം

തിരുവനന്തപുരം: 14ാം നിയമസഭയുടെ 16ാം സമ്മേളനത്തിന്റെ ആദ്യ ദിവസം സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീറിന്റെ അസാന്നിധ്യം ഏറെ നിഴലിച്ചുകണ്ടിരുന്നു. നിയമസഭയുടെ മീഡിയാ റൂമിലും പ്രസ് ഗ്യാലറിയിലും ഇത് പ്രകടമാകുകയും ചെയ്തു.
കഴിഞ്ഞ 13 വർഷത്തിനിടെ ആദ്യമായാണ് നിയമസഭാ സമ്മേളനത്തിൽ കെ എം ബഷീറില്ലാത്ത പ്രസ് ഗ്യാലറിയും മീഡിയാ റൂമും. നിയമസഭാ റിപ്പോർട്ടിലും അവലോകനത്തിലും ആകാശവാണി അവലോകനത്തിലും കഴിവുതെളിയിച്ച ബഷീറിന്റെ നിയമസഭാ വാർത്തകൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. സഭാ സമ്മേളനത്തിൽ മുഴുവൻ സമയം പങ്കെടുക്കുകയും സഭയിലെ ശ്രദ്ധേയമായ രാഷ്ട്രീയ നീക്കങ്ങളുടെ കൗതുകകരമായ നുറുങ്ങുകളും വരികൾക്കിടയിലെ വാർത്തകളും തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിൽ മികവ് പ്രകടിപ്പിക്കുകയും ചെയ്തിരുന്ന ബഷീറിന്റെ അഭാവം മാധ്യമപ്രവർത്തകർക്കിടയിലും നിഴലിച്ചു.

സഭാ സമ്മേളന റിപ്പോർട്ടിംഗിലെ വിവിധ സെഷനുകൾ സഹപ്രവർത്തകർക്ക് വീതിച്ചു കൊടുത്താലും സഭയിൽ മുഴുവൻ സമയ സാന്നിധ്യമായി ബഷീർ ഉണ്ടാകുമായിരുന്നു. സഭയിലെ രാഷ്ട്രീയമായ ഏറ്റുമുട്ടലുകളിൽ പക്ഷം ചേരാതെയും പാർട്ടികളുടെ തന്ത്രപരമായ നീക്കങ്ങൾ സശ്രദ്ധം വീക്ഷിച്ചും തന്റെ നിയമസഭാ വാർത്തകളെ സമ്പന്നമാക്കിയ ബഷീർ ജനപ്രതിനിധികൾക്കൊപ്പം സ്പീക്കറോടും പ്രത്യേക സൗഹൃദം പുലർത്തിയിരുന്നു. കേരള നിയമസഭ കണ്ട ഏറ്റവും കലുഷിതമായ നിയമസഭാ ദിനം ബാർക്കോഴ കേസിൽ കുറ്റാരോപിതനായ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ട് ഇടതുപക്ഷം പ്രതിരോധം തീർത്ത ദിവസമായിരുന്നു.

അന്ന് മാധ്യമ പ്രവർത്തകർക്കൊപ്പം തുടർച്ചയായി രണ്ട് പകലുകളും ഒരു രാത്രിയും നിയമസഭാ മീഡിയാറൂമിലും പ്രസ് ഗ്യാലറിയിലും ബഷീർ അന്ന് കഴിച്ചുകൂട്ടിയിരുന്നു. ബഷീറിന്റെ അഭാവം നിഴലിച്ച 16ാം സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ഭരണ പ്രതിപക്ഷ കക്ഷികളുടെ ഏറ്റുട്ടലിൽ പ്രക്ഷുബ്ധമായിരുന്നു.

തന്റെ സത്വസിദ്ധമായ നിയമസഭാ അവലോകനത്തിലൂടെ കേരളത്തിലെ പ്രമുഖരാ യ 50 സഭാ എഴുത്തുകാരുടെ പട്ടികയിലിടം പിടിച്ച ബഷീറിന്റെ സഭാ അവലോകനമടങ്ങിയ “പ്രസ് ഗ്യാലറി കണ്ട സഭ” എന്ന കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ഗ്രന്ഥം പ്രകാശനം ചെയ്തത് ബഷീറിന്റെ മരണത്തിന് രണ്ട് ദിവസം മുമ്പായിരുന്നു.

Latest