Connect with us

National

പ്രതീക്ഷകള്‍ അവസാനിച്ചു; കുഴൽകിണറിൽ വീണ കുഞ്ഞ് സുജിത്ത് യാത്രയായി

Published

|

Last Updated

തിരിച്ചിറപ്പള്ളി: തമിഴ്‌നാട് തിരിച്ചിറപ്പള്ളിയിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരന്‍ സുജിത്ത് വിത്സന്‍ മരിച്ചു. ഇന്നലെ രാത്രി 10.30 ഓടെ കുഴല്‍ക്കിണറില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പും സേനാംഗങ്ങളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം അഴുകിയ നിലയിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്തു. കുഴല്‍ക്കിണറിലൂടെ തന്നെയാണ് മൃതദേഹം പുറത്തെടുത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ തമിഴ്‌നാട് റവന്യു കമീഷണര്‍ ജെ രാധാകൃഷ്ണന്‍ മരണവിവരം വാര്‍ത്താ ലേഖകരെ അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ – കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണത്. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലെത്തിയത്. തുടര്‍ന്ന് നാലരദിവസമായി കൂട്ടിയെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു

കുട്ടിയെ രക്ഷപ്പെടുത്താനായി ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. പക്ഷെ ഇതൊന്നും ഫലം കണ്ടില്ല. കുട്ടിയെ രക്ഷിക്കുന്നതിനായി സമാന്തരമായി കിണര്‍ കുഴിച്ചെങ്കിലും പകുതി കുഴിക്കുമ്പോഴേക്കും കാഠിന്യമേറിയ പാറ കണ്ടെത്തിയതാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായത്. പിന്നീട് വീണ്ടും വേറൊരു സമാന്തര കുഴി കുഴിക്കുന്നതിനിടെയാണ് കുഴിയില്‍ ദുര്‍ഗന്ധം വമിക്കുന്നതായി അനുഭവപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

അണ്ണാ സര്‍വകലാശാല വികസിപ്പിച്ചെടുത്ത തെര്‍മല്‍ ഉപകരണം ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ കുട്ടിയുടെ കൈ അനങ്ങുന്നതായി കണ്ടെത്തിയിരുന്നു. ദേശീയ ദുരന്ത നിവരാണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പോലീസ്, അഗ്‌നിരക്ഷാ സേന എന്നിവരടങ്ങിയ 250 സേനാംഗങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമാണ് സുജിത്തിനെ രക്ഷിക്കാനായി ശ്രമങ്ങള്‍ നടത്തിയത്.