Connect with us

Ongoing News

ചാമ്പ്യന്‍മാര്‍ക്ക് ഗോവന്‍ പൂട്ട്; ബെംഗളൂരുവിന് വീണ്ടും സമനില

Published

|

Last Updated

ബെംഗളുരു എഫ് സിയുടെ സുനില്‍ ഛേത്രിയുടെ മുന്നേറ്റം തടയുന്ന ഗോവന്‍ പ്രതിരോധം

മഡ്ഗാവ്: ഐ എസ് എല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളുരു എഫ് സിയെ സമനിലയില്‍ തളച്ച് എഫ് സി ഗോവ (1-1). ഉദാന്ത സിംഗിലൂടെ ലീഡെടുത്ത ബെംഗളുരുവിനെ ആതിഥേയര്‍ സ്‌റ്റോപ്പേജ് ടൈമിലെ പെനാല്‍റ്റി ഗോളിലാണ് പിടിച്ചു കെട്ടിയത്.

ആദ്യ പകുതിയില്‍ ബെംഗളുരുവിന് ആധിപത്യമുണ്ടായിരുന്നു. പക്ഷേ, ഫിനിഷിംഗില്‍ വേണ്ടത്ര തിളങ്ങാന്‍ സാധിക്കാതിരുന്നത് തിരിച്ചടിയായി. ആദ്യ ടച്ച് മുതല്‍ ഗോള്‍ അന്വേഷിച്ചു കൊണ്ടിരുന്നു ബെംഗളുരു. ഇതോടെ ഗോവ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഗോവന്‍ ടീം ഹോം മാച്ചില്‍ കൂടുതല്‍ സമയം ഡിഫന്‍സില്‍ നില്‍ക്കുന്നത് പതിവ് കാഴ്ചയല്ല. ആദ്യ പതിനഞ്ച് മിനുട്ടിന് ശേഷമാണ് കൗണ്ടര്‍ അറ്റാക്കിംഗിലൂടെ ഗോവക്കാര്‍ തലപൊക്കിയത്.
മുപ്പത്തൊമ്പതാം മിനുട്ടില്‍ ബെംഗളുരു ആദ്യ ഗോള്‍ നേടാനുള്ള അവസരം കണ്ടെത്തി.

ദിമാസ് ഡെല്‍ഗാഡോയുടെ മനോഹരമായ ഫ്രീകിക്ക് ബോള്‍ ഗോവന്‍ ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലെല്ലാം മറികടന്ന് വലയിലേക്ക് ഊര്‍ന്നിറങ്ങി. ഗോവ ഗോളി മുഹമ്മദ് നവാസും കാഴ്ചക്കാരനായി. എന്നാല്‍, സെമിന്‍ലെന്‍ ഡൗഗെല്‍ ഗോള്‍ ലൈന്‍ ഹെഡ്ഡര്‍ ക്ലിയറന്‍സ് നടത്തി വിസ്മയിപ്പിച്ചു.
ആദ്യ പകുതി ഏകപക്ഷീയമായിരുന്നെങ്കിലും ആവേശകരമായിരുന്നു. ബെംഗളുരുവിന്റെ തുടര്‍ ആക്രമണങ്ങളെ ഗോവന്‍ താരങ്ങള്‍ മധ്യനിരയില്‍ വെച്ചും വിംഗുകളില്‍ വെച്ചും തടയാന്‍ നടത്തുന്ന നീക്കങ്ങള്‍ കളിക്ക് ചൂടും ചൂരും പകര്‍ന്നു.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷവും ബെംഗളുരുവാണ് മത്സരം നിയന്ത്രിച്ചത്. അറുപത്തിരണ്ടാം മിനുട്ടില്‍ ഉദാന്ത സിംഗ് ഗോളടിച്ചു. ഗുര്‍പ്രീത്സിംഗിന്റെ ഗോള്‍ കിക്ക് മാനുവല്‍ ഒന്‍വുവിലേക്ക്-ഉദാന്തയിലേക്ക്.
ഫസ്റ്റ് ബോള്‍ നീക്കം ഗോളി നവാസിനെ കീഴടക്കി. വിംഗര്‍ക്ക് തെറ്റിയില്ല ,1-0. പൊരുതിക്കളിച്ച ഗോവക്കാര്‍ അവസാന ഘട്ടത്തില്‍ നാടകീയ സമനില നേടിയെടുത്തു. ആഷിഖ് കുരുനിയന്റെ ടാക്ലിംഗില്‍ കൊറോമിനാസ് ബോക്‌സിനകത്ത് വീണതാണ് പെനാല്‍റ്റിയായത്. കിക്കെടുത്ത സ്പാനിഷ് താരം കൊറോമിനാസിന് പിഴച്ചില്ല.