Connect with us

Gulf

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സഊദി സന്ദര്‍ശനം; 13 കരാറുകളില്‍ ഒപ്പുവെക്കും

Published

|

Last Updated

റിയാദ്: ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സഊദി സന്ദര്‍ശനത്തില്‍ നടക്കുക തിരക്കിട്ട ചര്‍ച്ചകളും കൂടിയാലോചനകളും. തിങ്കളാഴ്ച രാത്രി സഊദി തലസ്ഥാനമായ റിയാദിലെത്തുന്ന പ്രധാന മന്ത്രിയും ഉന്നത തല സംഘവും സഊദി മന്ത്രിസഭയിലെ വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെ സന്ദര്‍ശിക്കും. ഇരു നേതാക്കളും നയതന്ത്ര സഹകരണ കരാറില്‍ ഒപ്പുവെക്കും. ഇതോടെ സഊദിയുമായി കരാറില്‍ ഒപ്പുവെക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. തുടര്‍ന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാന മന്ത്രി രാജാവിന്റെ ആതിഥേയത്വത്തില്‍ നടക്കുന്ന ഉച്ചവിരുന്നിലും സംബന്ധിക്കും. ഉച്ചക്കു ശേഷം ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികളായി എത്തിയ അയ്യായിരത്തിലധികം പേര്‍ പങ്കെടുക്കുന്ന മൂന്നാമത് ഫ്യുച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റിവ് ഉച്ചകോടിയില്‍ മോദി പ്രഭാഷണം നടത്തും.

ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീന്‍ ഫീല്‍ഡ് റിഫൈനറിയായ മഹാരാഷ്ട്രയിലെ റായ് ഗാര്‍ഡ് വെസ്റ്റ് കോസ്റ്റ് എന്ന ശുദ്ധീകരണ ശാലയില്‍ സഊദി അരാംകോയുടെ നിക്ഷേപം സംബന്ധിച്ച അന്തിമ രൂപം നല്‍കല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സൗദിയിലെ അല്‍ജെറി കമ്പനിയുമായി സഹകരിച്ച് റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കല്‍, പെട്രോളിയം സ്രോതസ്സുകളില്‍ സഊദിയുടെ പങ്കാളിത്തം, ഇന്ത്യയിലെ നാഷണല്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ നിക്ഷേപ ഫണ്ടില്‍ സഊദിയുടെ നിക്ഷേപം, ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കല്‍, ഇന്ത്യ പരിചയപ്പെടുത്തുന്ന പുതിയ “റുപിയാ കാര്‍ഡിന്റെ” ഔദ്യോഗിക പ്രകാശനം, ഡിസംബര്‍-ജനുവരിയില്‍ സഊദി-ഇന്ത്യ സംയുക്ത നാവികാഭ്യാസം തുടങ്ങിയവയാണ് ഇരു രാജ്യങ്ങളും ഒപ്പുവെക്കുന്ന കരാറുകള്‍. ചൊവ്വാഴ്ച രാത്രി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷം രാത്രിയോടെ തന്നെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.

Latest