Connect with us

Ongoing News

നമുക്കൊപ്പമുണ്ട് ഒരു വിളിപ്പാടകലെ

Published

|

Last Updated

മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് മലപ്പുറം ജില്ലാ സംഘം

സംസ്ഥാനത്ത് വാഹനാപകടങ്ങൾ തുടർക്കഥയാകുമ്പോൾ അത് ഇല്ലായ്മ ചെയ്യാൻ യത്‌നിക്കുകയാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് കീഴിൽ നിലവിൽ വന്ന എൻഫോഴ്‌സ്‌മെന്റ് വിഭാഗം. കേവലം ആറ് മാസത്തിനകം ഇവർ വരുത്തിയിട്ടുള്ള മാറ്റം സംസ്ഥാനത്തിന്റെ റോഡ് സുരക്ഷാ രംഗത്ത് ഏറെ പ്രതീക്ഷയാണ് നൽകുന്നു. സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് കീഴിൽ സേഫ്റ്റി കേരള പ്രൊജക്ട് എന്ന പേരിൽ ഇക്കഴിഞ്ഞ ജനുവരിയിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നിലവിൽ വന്നിട്ടുണ്ട്. ഒരു ആർ ടി ഒക്ക് കീഴിൽ ആറോ ഏഴോ എം വി ഐമാരും 25ഓളം എ എം വി ഐമാരുമടങ്ങുന്ന ഒരു സംഘം തന്നെ ഓരോ ജില്ലയിലും പ്രവർത്തിച്ചുവരുന്നു. എം വി ഐമാരുടെ നേതൃത്വത്തിൽ എ എം വി ഐമാരെ ആറോ ഏഴോ സ്‌ക്വാഡുകളാക്കി തിരിച്ച് നിശ്ചിത ഏരിയകൾ കേന്ദ്രീകരിച്ചാണ് എൻഫോഴ്‌സ്‌മെന്റിന്റെ പ്രവർത്തനം. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ,് ജില്ലാ ആർ ടി ഒ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്.

സംസ്ഥാനത്തൊട്ടാകെ 85 വീതം എം വി ഐമാരുടെ നേതൃത്വത്തിൽ 85 സ്‌ക്വാഡുകളാണുള്ളത്. മൊത്തം 255 എ എം വി ഐമാരും ഉണ്ട് കെ ടി ഷിബുവാണ് സംസ്ഥാന എൻഫോഴ്‌സ്‌മെന്റ് നോഡൽ ഓഫീസർ. സംസ്ഥാന മോട്ടോർ വാഹ വിഭാഗത്തിന് വാഹന രജിസ്‌ട്രേഷൻ, ലൈസൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവ ചെയ്യാനുള്ളതിനാൽ വാഹനാപകട നിയന്ത്രണ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാൻ കഴിയാതെ വരുന്നു. അതിന് പരിഹാരമായിട്ടാണ് പുതിയ സംവിധാനമായി എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് രൂപം നൽകിയത്.

പാഠങ്ങൾ പലത്

24 മണിക്കൂറും പ്രവർത്തനനിരതരായ സേനയാണിത്. അപകടങ്ങൾ കുറക്കുന്നതിന്നായി വാഹപരിശോധന നടത്തുക എന്ന പതിവ് രീതിയിൽ നിന്ന് മാറി അപകടം സംഭവിച്ച സ്ഥലങ്ങളിൽ സഹായമെത്തിക്കുക, അപകടം പതിവായ ഏരിയകളെക്കുറിച്ച് വിശദമായ പഠനം നടത്തി അപകട കാരണവും അതിനുള്ള പരിഹാരമാർഗങ്ങളും കണ്ടെത്തി അവ സർക്കാറിന് സമർപ്പിക്കുകയും ചെയ്യുന്നു. ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെട്ടാൽ യാത്രക്കാർക്ക് തലക്കാണ് പെട്ടെന്ന് പരുക്ക് സംഭവിക്കുക. ഇങ്ങനെ സംഭവിച്ചാൽ മരണമോ മരിച്ചിട്ടില്ലെങ്കിൽ തന്നെ ഒരിക്കലും ബോധം തിരിച്ചുകിട്ടാത്ത വിധത്തിലുള്ള ഒരേ കിടപ്പോ ആയിരിക്കും അവസ്ഥ. ഹെൽമെറ്റ് ധരിച്ചാൽ തലക്ക് ഇത്തരം ഗുരുതരമായ പരുക്കിനെ ഒരുപരിധി വരെ തടയാനാകും.
കാർ അപകടത്തിൽ പെട്ടാൽ മുൻ സീറ്റിലിരിക്കുന്നവരുടെ നെഞ്ച് സ്റ്റിയറിംഗിലേക്കോ മുൻഭാഗത്തേക്കോ ചെന്നടിക്കുന്നു ഇതും മരണത്തിനോ ലിവർ, കിഡ്‌നി, ആമാശയം തുടങ്ങിയവക്ക് ഗുരുതരമായ പരുക്കിനോ കാരണമാകുന്നു. മരിച്ചിട്ടില്ലെങ്കിൽ തന്നെ മരണ തുല്യമായ ജീവിതമായിരിക്കും പിന്നീട് അവർക്കുണ്ടാകുക. സീറ്റ് ബെൽറ്റ് ധരിച്ചാൽ ഒരളവോളം ഇതിൽ നിന്ന് രക്ഷപ്പെടാമെന്ന് അപകടങ്ങളുടെ കണക്കുകൾ നിരത്തി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പറയുന്നു.

ബസുകളിൽ വിദ്യാർഥികൾ അനുഭവിക്കുന്ന യാത്രാപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും എൻഫോഴ്‌സ്‌മെന്റ് ഇടപെടൽ നടത്തുന്നുണ്ട്. യാത്രക്കാർക്ക് ടിക്കറ്റ് നൽകാത്ത ബസുകൾക്കെതിരെ നടപടി കൈക്കൊള്ളുന്നു. ടിക്കറ്റ് യാത്രക്കാരുടെ അവകാശമാണ് ടിക്കറ്റ് നൽകാത്ത ബസുകൾ വല്ല അപകടത്തിലും പെട്ടാൽ അതിലെ യാത്രക്കാർ ആരെല്ലാമായിരുന്നു എന്നതിന് യാതൊരു വിധ തെളിവും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഇത്തരം യാത്രക്കാർക്ക് നിയമപരമായ നീതി കിട്ടാതെ വരും. അതിനാൽ യാത്രക്കാർ ടിക്കറ്റ് ചോദിച്ചു വാങ്ങണം. നൽകാത്ത ബസുകളെക്കുറിച്ച് യാത്രക്കാർക്ക് തന്നെ എൻഫോഴ്‌സ്‌മെന്റിൽ വിവരം ധരിപ്പിക്കാം.

ആഘോഷങ്ങളുടെ മറവിൽ ചെറുപ്പക്കാർ റോഡുകളിൽ കാട്ടിക്കൂട്ടുന്ന ആഭാസങ്ങൾക്കെതിരേയും എൻഫോഴ്‌സ്‌മെന്റ് ശക്തമായി നടപടി തുടങ്ങിയിട്ടുണ്ട്. പിഴ ചുമത്തലും ശിക്ഷാ നടപടികളും എന്നതിനപ്പുറം ഡ്രൈവിംഗ് നിയമങ്ങൾ പാലിക്കാൻ ഓരോരുത്തരും തയ്യാറായാൽ മാത്രമാണ് ഈ വിഷയത്തിൽ ശാശ്വതപരിഹാരം ഉണ്ടാകുകയുള്ളൂ. പള്ളികൾ, മതപഠന ക്ലാസുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചും ഇവർ ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്.

ഹമീദ് തിരൂരങ്ങാടി
• sirajtgi@gmail.com

Latest