Connect with us

Ongoing News

ശാലിയാത്തി(റ) യുടെ രചനാലോകം

Published

|

Last Updated

തജല്ലിയാതെ ഖുലഫാഎ അഅലാ ഹസ്രത്ത് എന്ന കിതാബിൽ ഇമാം ബറേൽവി (റ) യുടെ ഖലീഫമാരുടെ കൂട്ടത്തിൽ ഇമാം ശാലിയാത്തി (റ) യെ പരിചയപ്പെടുത്തുന്നുണ്ട്. വിജ്ഞാന വിപ്ലവത്തിന്റെ കരുത്ത് പകർന്ന മഹാമനീഷി ശൈഖ് അഹ്്മദ് കോയ ശാലിയാത്തി (റ) യെ അഭിമാനത്തോടെ വിജ്ഞാന കേരളം ഓർമിക്കുന്നു.

കോഴിക്കോട് കോയമരക്കാരകം തറവാട്ടിൽ ജനിച്ച പ്രസിദ്ധനായ ഇമാദുദ്ദീൻ അലി (റ) – ഫരീദാ ബീവി ദമ്പതികളുടെ മകനായി ചാലിയത്ത് പൂതാറമ്പത്ത് വീട്ടിൽ ഇമാം ശാലിയാത്തി (റ) ഹി: 1302 [എ ഡി 1884] ൽ ജനിച്ചു.
വിഖ്യാതരായ ശൈഖ് അബ്ദുല്ലാഹിൽ യാഫിഈ (റ)യുടെ പരമ്പരയിൽ വരുന്ന അല്ലാമാ മുഹ്്യിദ്ദീനുൽ കാലിക്കൂത്തിയാണ് ഇമാം ശാലിയത്തിയുടെ പിതാമഹൻ. പിതാവ് ശൈഖ് അലിയ്യു ശാലിയാത്തി (റ) ഏറ്റവും വലിയ ദറസ് നടത്തിയ മഹത്തുക്കളിൽ പ്രമുഖരാണ്. ഒട്ടേറെ രചനകളും മഹാനുണ്ട്. പിതാവിന്റെ ഒട്ടേറെ ഗ്രന്ഥങ്ങളും ഇമാം ശാലിയാത്തി തന്റെ ഖുതുബ് ഖാനയിൽ പ്രത്യേകമായി സംവിധാനിച്ചിട്ടുണ്ട്. തന്റെ പിതാവിൽ നിന്നുതന്നെയാണ് ഒട്ടുമിക്ക ഫന്നുകളിലും പ്രാഗത്ഭ്യം നേടിയത്.
സ്വാതന്ത്ര്യ സമര ചരിതത്തിലെ ചാലക ശക്തി ആലി മുസ്്ലിയാർ (റ), ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, മൗലാനാ മുഫ്തി മഹ്്മൂദ് മദിറാസി തുടങ്ങിയ ഉന്നതരിൽ നിന്നും വിജ്ഞാനം നുകർന്നു. ശൈഖ് അഹ്്മദ് രിളാഖാൻ ഖാദിരി അൽ ബറേൽവി(റ)യിൽ നിന്നും വിവിധ ശാഖകകളിൽ വിജ്ഞാനം കരഗതമാക്കി. ആത്മജ്ഞാന സമുദ്രമായ ഇമാം ബറേൽവി (റ)യിൽ നിന്നും പതിനാലോളം ത്വരീഖത്തുകൾ സ്വീകരിച്ചു.

ഹനഫി മദ്ഹബിലെ വിജ്ഞാനങ്ങളും പഠിച്ചു. നാല് മദ്ഹബുകളിലും അവഗാഹം നേടുക മാത്രമല്ല. ഫത്്വ നൽകുകയും ചെയ്തിരുന്നു. ഹൈദരാബാദ് നൈസാമിന്റെ മുഫ്തിയായി നിയമിക്കപ്പെട്ടു.
വെല്ലൂർ ലത്വീഫിയ്യയിലെ പഠനത്തിന് ശേഷം അവിടെ തന്നെ അധ്യാപനം നടത്തി. പിന്നീട് പ്രധാന മുദർരിസായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. ഏറ്റവും കൂടുതൽ കാലം ദറസ് നടത്തിയതും അവിടെയാണ്.
ബട്കൽ, നാഗൂർ, കൊടിയത്തൂർ, തിരൂരങ്ങാടി, തിരുനെൽവേലി പേട്ട തുടങ്ങി അനേകം സ്ഥലങ്ങളിലും ദറസ് നടത്തിയിട്ടുണ്ട്. സർഗവാസനകൾ നിറഞ്ഞുനിന്നിരുന്ന മഹാനവർകൾ എഴുതിത്തീർത്ത ലോകം വിശാലമാണ്. അറുപതിലധികം കനപ്പെട്ട രചനകൾ, നാൽപ്പതോളം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 159ഓളം ഫത്്വകൾ ക്രോഡീകരിച്ച ഫതാവൽ അസ്ഹരിയ്യ ശ്രദ്ധേയമാണ്. അധ്യാത്മിക വ്യക്തിത്വങ്ങളുടെ മനാഖിബുകൾ ഒട്ടേറെ തന്റെ രചനയിൽ പിറന്നിരുന്നു.

ബദ്്രിയ്യത്തുൽ ഹംസിയ്യയുടെ ശറഹ് പ്രസിദ്ധമാണ്. മൂന്നാം പതിപ്പ് ഇമാം ശാലിയാത്തി (റ) യുടെ ഹള്‌റത്തിൽ ഉറൂസ് ദിനമായ സെപ്തംബർ 27ന് കാന്തപുരം ഉസ്താദ്, സുലൈമാൻ ഉസ്താദ് എന്നിവരുടെ നേതൃത്വത്തിൽ പ്രകാശനം ചെയ്തു.
മഹാഗുരു ഇമാം സയ്യിദ് സൈനുൽ ആബിദീൻ അൽ ബർസഞ്ചിയുടെ ജാലിയത്തുൽ കുറബ് 144 ബൈത്തുകളുള്ള ബദ്‌രിയത്തുൽ ഹംസിയ്യ, 38 ബൈത്തുകൾ ഉൾക്കൊള്ളുന്ന ഉഹ്ദ് ശുഹദാക്കളുടെ പേരിലുള്ള ഖസീദയും ദുആ ഉൾക്കൊള്ളുന്ന 41 ബൈത്തുകളും അടങ്ങിയതാണ്. അറബി അക്ഷരമാല ക്രമത്തിലാണ് ഇതിന്റെ രചന. ഇതിന്റെ വിഖ്യാതമായ ശറഹാണ് ഇമാം ശാലിയത്തിയുടെ തൂലികയിൽ പിറന്നത്. 400 ഓളം പേജുകളിലായി കനപ്പെട്ട കൃതിയാണ്.

സമസ്തയുടെ രൂപവത്കരണത്തിലും പ്രചരണത്തിലും വലിയ പങ്കുവഹിച്ചിരുന്നു. 1934 നവംബർ 12ന് സമസ്ത രജിസ്റ്റർ ചെയ്ത സമയത്ത് ഇമാം ശാലിയാത്തി (റ) പത്താം നമ്പർ അംഗമായി ചേർക്കപ്പെട്ടു.

ഉന്നത നിലവാരത്തിലുള്ള ഖുതുബ്ഖാന ശാലിയാത്തി (റ) ക്ക് ഉണ്ടായിരുന്നു. വിവിധ ശാഖകളിലെ സുപ്രധാന ഗ്രന്ഥങ്ങളും, കൈയെഴുത്ത് പ്രതികളും അവിടെ ഉണ്ട്. കേരളത്തിലെ മികച്ച റഫറൻസ് ലൈബ്രറിയാണ് കോഴിക്കോട് ചാലിയത്ത് ഉള്ളത്. തന്റെ വീടിനടുത്ത് നിർമിച്ച പള്ളിയോടനുബന്ധിച്ചാണ് ഖുതുബ് ഖാന ഉള്ളത്. ദാറുൽ ഇഫ്താഇൽ അസ്ഹരിയ്യ എന്നാണ് ഖുതുബ് ഖാനയുടെ പേര് . ഹി: 1374 മുഹറം 27 ന് , 72 -മത്തെ വയസ്സിൽ വഫാത്തായി.
.