Connect with us

Vazhivilakk

പറ! കൊടുത്തിട്ട് കുറഞ്ഞുപോയവരാര്?

Published

|

Last Updated

എന്തിനാണ്, ഹാജിസാഹിബിന്റെ വീട്ടിൽ വന്നതെന്ന് ആദ്യം പറയാം. സമദിന്റെ കൂടെ ചെന്നതാണ്. ദൈന്യതയുടെ പടുകുഴിയിലാണ് സമദുള്ളത്. അപേക്ഷാഫോമുകൾ തെറ്റാതെ പൂരിപ്പിച്ച് തരിക, സമയം തെറ്റാതെ യൂനിവേഴ്‌സിറ്റിയിൽ എത്തിക്കുക, ചലാൻ അടക്കുക, പേ ഇൻ സ്ലിപ്പ് സൂക്ഷിക്കുക തുടങ്ങിയ ഒരുപാട് സഹായങ്ങൾ ഒരുപാട് തവണ ചെയ്തു തന്നവൻ എന്ന നിലക്ക് സമദിന്റെ പരിദേവനങ്ങൾ കണ്ടില്ലെന്ന് നടിക്കാനോ, ഒഴിവുകഴിവ് പറഞ്ഞ് മുങ്ങാനോ ഒന്നും ഒരു വകുപ്പുമില്ല. ഉപ്പയില്ല സമദിന്. അവൻ ആളെ കണ്ടിട്ടുപോലുമില്ല. ഉമ്മയാണ് അവനെ പോറ്റിയത്. അനവധി ജീൻസുകൾ, മാത്രമല്ല ഗാലക്‌സിസെറ്റും, ബൈക്കുമടക്കം പലതും, തടി ഉരുക്കിയൊഴിച്ച വിയർപ്പ് വടിച്ചുവിറ്റ് ആ ഉമ്മ വാങ്ങിച്ച് കൊടുത്തിട്ടുണ്ട്. പക്ഷെ കഴിഞ്ഞ ആറുമാസക്കാലമായി ആ ഉമ്മക്ക് വയ്യ! കലശലായ ക്ഷീണം. കുറേക്കാലം അരിഷ്ടം കുടിയും ചൂർണം പുരട്ടുമായി കഴിച്ചു. ഒടുക്കം മിംസിൽ ചെന്ന് ചെക്കപ്പ് നടത്തി നോക്കുമ്പോൾ കിഡ്‌നി ക്ലോസ്! ഒന്നല്ല, രണ്ടും!! ഇന്നാലില്ലാഹ്. ഡയാലിസിസ്, അതേ ഇനി വഴിയുള്ളൂ. ആദ്യമാദ്യമൊക്കെ വനിതാ ബേങ്കിൽ ഉമ്മ അടച്ചിരുന്ന പൈസയെടുത്ത് കാര്യം നടത്തി. അതു തീരാൻ നേരത്ത് അമ്പതിനായിരത്തിന്റെ കുറി വന്നു. ശേഷം ഉമ്മാന്റെ കൈയിലുണ്ടായിരുന്ന വള ഊരി വിറ്റു. പിന്നെ മാലവിറ്റു. പിന്നെ കാതില വിറ്റു. ഒടുക്കം ഉമ്മ നേരത്തെ മാറ്റിവെച്ചിരുന്ന, ഉപ്പാന്റെ ഗന്ധസ്മരണകൾ പറ്റിപ്പിടിച്ച, ഉമ്മാന്റെ ഒരു ആന്തരാവയവം ആയി പരിണമിച്ച, അരപ്പവന്റെ ആ മഹ്‌റുതാലിയും വിറ്റു.

നിർവാഹമില്ലാതായപ്പോൾ ബൈക്കുവിറ്റു. ഗതികെട്ടപ്പോൾ ഗാലക്‌സി കൊടുത്ത് നോക്കിയയുടെ ഒരു സെക്കന്റ് ഹാൻഡ് സെറ്റ് കൈവശപ്പെടുത്തി. ഇനി ഡയാലിസിസ് ആവില്ല എന്നുവെച്ചതാണ്. പക്ഷെ, സമയം ഒരു മണിക്കൂർ വൈകിയപ്പോഴേക്കതാ, ഉമ്മ ചോക്കുന്നു, പിന്നെ വെളുക്കുന്നു, പിടയുന്നു, പുകയുന്നു, നാക്കുണങ്ങുന്നു. വീട്ടിന്റെ രേഖ പണയപ്പെടുത്തി, പിന്നെയും ഒരുപാട് ഡയാലിസിസുകൾ നടത്തി. സൺലൈറ്റ് ക്രോക്കറി മാളിന്റെ ഉടമയാണ് ഗഫൂറാജി. പൂത്ത പണമുണ്ട് കൈയിൽ. മകളെ പഠിപ്പിച്ചു എന്നൊരു നൂൽബന്ധം അയാളുമായി എനിക്കുണ്ട്. അത് സമദിനറിയാം താനും. കടമായി ഒരമ്പത് വാങ്ങിച്ച് കൊടുക്കണമെന്നാണ് അവനാവശ്യപ്പെടുന്നത്. ഒരു സഹായം എന്ന നിലക്ക് തന്നെ അവനത് വസ്വൂലാക്കി കൊടുക്കണം എന്നാണ് എന്റെയുള്ളിലുള്ളത്. കാര്യങ്ങളെല്ലാം പരമാവധി എരിവും പുളിയും കൂട്ടി ഞങ്ങൾ ഹാജിസമക്ഷം സമർപ്പിച്ചുകഴിഞ്ഞു. അതേത്തുടർന്ന് നാല് സംഭവങ്ങളാണ് ഹാജി പറഞ്ഞത്. ആറ് ലക്ഷം ദിർഹമിന്റെ ഡ്രാഫ്റ്റ്, ദുബൈ ബേങ്ക് സീൽ വെക്കാൻ മറന്നത് കൊണ്ടുണ്ടായ ഭീമമായ നഷ്ടത്തെ പറ്റിയായിരുന്നു ആദ്യത്തേത്. നാൽപ്പത്തിയെട്ട് ലക്ഷത്തിന് വിൽപ്പന ഉറച്ച ഒരു വില്ലയുടെ ഇടപാട് ആരോ പാരവെച്ചതിൽ അലസിപ്പോയതായിരുന്നു രണ്ടാമത്തേത്. മൂന്നാമത്തേതെന്തായിരുന്നു എന്നിപ്പോൾ നിശ്ചയം കിട്ടുന്നില്ല. ഒടുക്കം പറഞ്ഞുനിർത്തിയത് ബോട്ടിറക്കുന്ന കാര്യമാണ്. കൊല്ലത്ത് നിന്നാണ് ബോട്ട് കൊണ്ടുവരേണ്ടത്. എന്തെല്ലാം സംവിധാനമാണതിൽ. കടലിൽ ഇന്ന സ്ഥലത്ത് ഇന്ന മീനുണ്ടെന്ന് അതിലെ ഒരു സ്വിച്ചമർത്തി നോക്കിയാൽ കാണും. അയക്കൂറ, ആവോലി, തളയൻ, ചൂര, കൂന്തൾ. ഓരോന്നിനും വെവ്വേറെ അറകൾ. സംഗതി ലോഞ്ചാവുമ്പോഴേക്ക് ഒരെൺപത് എൺപത്തഞ്ച് ലക്ഷം വരും. വരാനുള്ളതൊന്നും വന്നിട്ടില്ല. ലക്ഷങ്ങളിനിയും ഷോട്ടുണ്ട്. “എന്റെ ആറ്റലായ ഗഫൂറാജീീീ… ഞങ്ങളോടിതു വേണ്ടിയിരുന്നോ? എന്ന് കയർക്കാൻ ഉള്ളിൽ തിളച്ചെങ്കിലും തെളിച്ച് ചോദിക്കാൻ ധൈര്യം വന്നില്ല. ഉണ്ടായിട്ട് കാര്യമില്ല; കൊടുക്കാനൊരു തൗഫീഖ് വേറെത്തന്നെ വേണം. അതുണ്ടെങ്കിൽ മുതലില്ലെങ്കിലും കൊടുക്കാനാകും. അതില്ലേ, കൊടുക്കാനൊക്കില്ലെന്ന് മാത്രമല്ല സ്വന്തം അനുഭവിക്കാൻ പോലുമാകില്ല. സമ്പന്നത എന്നുവെച്ചാൽ ചരക്കുകളുടെ പെരുപ്പമല്ല; മറിച്ച് മനസ്സിന്റെ ധന്യതയാണ്. എന്തെങ്കിലും കൈകൊണ്ട് കൊടുക്കുകയെന്നുവെച്ചാൽ, പിശുക്കന് സ്വന്തം ശരീരത്തിൽ നിന്ന് പച്ചിറച്ചി അരിഞ്ഞുകൊടുക്കും പോലെ തോന്നുന്നത് ആ സമ്പന്നാവസ്ഥയില്ലാത്തത് കൊണ്ടാണ്. ആ വേദനയുടെ തീക്ഷ്ണത അനുഭവിതച്ചറിഞ്ഞതിനാലായിരിക്കണം ഷൈലോക്ക് എന്ന അറുമ്പിശുക്കൻ (അന്റണിയോ -മർച്ചന്റ് ഓഫ് വെനീസ്) കടക്കാരന്റെ കരളിനോട് ചേർന്ന തുടുത്ത ഇറച്ചിതന്നെ പകരാമാവശ്യപ്പെട്ടത്?

പിശുക്കൻ, പെറുക്കിക്കൂട്ടി വെക്കുന്നേയുള്ളൂ; ഒന്നും സമ്പാദിക്കുന്നില്ല യഥാർഥത്തിൽ. “റസാന” എന്ന അധ്യാത്മകാവ്യം, പിശുക്കനെ പെരുച്ചാഴിയോടാണ് ഉപമിച്ചിരിക്കുന്നത്. ഒരിക്കൽ ആരെങ്കിലും അതിനെ പിടികൂടും. അപ്പോൾ ധാന്യം അപ്പവും പെരുച്ചാഴി കറിയുമായി മാറും. കോരാത്ത കിണറ്റിലെ വെള്ളം ചെളിയും പൂപ്പും നിറഞ്ഞ് കെടുകയാണ് ചെയ്യുക. കോരിക്കൊണ്ടേയിരിക്കുമ്പോൾ വെള്ളം ശുദ്ധമാകുകയും ഉറവക്കണ്ണുകൾ പിടച്ച് ചുരത്തുകയും ചെയ്യും. അല്ലാഹു ധനികരെ അബലർക്കുള്ള ആലംബമായാണ് അയച്ചിരിക്കുന്നത്. കായ്ക്കനികൾ നിറഞ്ഞ മരത്തെ ചുറ്റിപറ്റി എത്രയെങ്ങാനും പക്ഷിപറവകളാണ് കഴിഞ്ഞുകൂടുന്നത്. എത്ര അർഥഗർഭം ആ ഉപമകൾ!
ലുബ്ധത എന്നത് മനസ്സിനെ വരിഞ്ഞുകെട്ടുന്ന ഒരു രോഗമാണ്. ദുൻയവീ ലോകത്തോടുള്ള പിടുത്തം വിട്ട പിരിശം കാരണമാണ് ഈ രോഗം വന്നുപെടുന്നത്. ഭൗതികലോകം ഈച്ചച്ചിറകിനേക്കാൾ വില കുറഞ്ഞതാണെന്നും അഴുകിയ ജഡം പോലെ കൊള്ളരുതാത്തതാണെന്നുമുള്ള ബോധം വേരിറങ്ങായ്കയാലാണ്, പിശുക്ക് പിടിമുറുക്കുന്നത്. വിനിയോഗിക്കാതെ പിടിച്ചുവെച്ചാൽ എപ്പോഴെങ്കിലും തനിക്കിത് സ്വന്തമായി അനുഭവിക്കാനാവുമെന്നോ മറ്റോ ഉള്ള ഒരു ഗുപ്തബോധം ഉൾതടത്തിലെവിടെയോ നമ്മെ വേട്ടയാടുന്നത് കൊണ്ടാണ് ആളുകളുടെ വെറുപ്പ് വിഗണിച്ചും നാം അസ്സൽ പിശുക്കന്മാരാകുന്നത്.

പക്ഷെ, പിശുക്കന്റെ മുതൽ കാലം തിന്നുകയാണ് ചെയ്യുക. ആലംബഹീനരായ ആളുകൾ പിശുക്കനായ ധനികനെ കാണുമ്പോൾ ഉള്ളാലെ ശപിക്കുകയാണ് ചെയ്യുക. മനുഷ്യൻ മാത്രമല്ല മലക്കുകളും സദാ പിശുക്കുവിരുദ്ധ പ്രാർഥന നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ് ഹദീസ് വ്യക്തമാക്കുന്നത്. അബൂഹുറൈറ (റ) നിവദനം ചെയ്ത ഹദീസ,് സ്വഹീഹുമുസ്‌ലിമിൽ ഉദ്ധരിക്കുന്നത് പ്രകാരം എല്ലാ പുലർകാലത്തും രണ്ട് മലക്കുകൾ ഇറങ്ങിവരും എന്നാണ്. അവർ ഭൂതമനുഷ്യവിഭാഗമൊഴിച്ചുള്ള അല്ലാഹുവിന്റെ (അനന്തകോടി) സൃഷ്്ടിജാലങ്ങൾ കേൾക്കുമാറ് പ്രാർഥിക്കും. കൊടുക്കുന്നവന് നീ പകരം നൽകണേ യാ അല്ലാഹ്! കൊടുക്കാത്തവന് നീ നാശം കൊട് അല്ലാഹുവേ!! പിശുക്കുകാണിക്കുന്നവനെ കഷ്ടകാലങ്ങളിലേക്ക് തള്ളിയെത്തിക്കുമെന്ന ഖുർആൻ വചനം സൺലൈറ്റ് ഗഫൂറാജിയും തന്റെ സകലമുരീദുമാരും ഉൾക്കിടിലത്തോടെ വേണം വായിക്കാൻ.
“തിടുക്കം തീരട്ടെ; ചരക്കുകൾ കുന്നുകൂടട്ടെ എന്നിട്ട് വേണം ഒരു പെരുംകൊടുപ്പ് കൊടുക്കാൻ” ചിലരുടെ വിചാരമാണ്. ഇപ്പോൾ കൊടുത്താൽ നമ്മൾ കെണിയും. പക്ഷെ ഒരു നല്ല കാലം വരും. എത്ര വാരിക്കൊടുത്താലും ഒരു പുല്ലും സംഭവിക്കാനില്ലാത്ത അതിസമൃദ്ധിയുടെ വസന്തകാലം. അധികമാളുകളുടെ ഉള്ളിലും നിഷ്‌കപടമെന്ന് തോന്നിക്കുന്ന ഈ ചിന്ത പൂതപ്പുമൂടി ഉറങ്ങുന്നുണ്ട്. പക്ഷെ നടക്കാത്ത കാര്യമാണതെന്ന് എത്ര പേർക്കറിയാം എന്നതാണറിയാത്തത്.
കൈയിലുള്ള പണത്തോട് പൂതിയുണ്ടായിരിക്കെ ആ പണം അത്യാവശ്യമാണെന്നിരിക്കെ കൊടുക്കണമെന്നാണ് ഖുർആന്റെ ആഹ്വാനം, ഹദീസിന്റെ അദ്ധ്യാപനം. അതെങ്ങനെ ജീവിതത്തിൽ സാധ്യമാക്കാമെന്ന് പച്ചക്ക് കാണിച്ച് തരികയായിരുന്നു ത്വാഹാറസൂലും തിരുസഹചരും. കിട്ടുന്നതെല്ലാം കൊടുത്തുതീർക്കുകയും സ്വന്തം വീട്ടിലേക്ക് വെറും കൈയോടെ പോവുകയും ചെയ്യുക എന്നതായിരുന്നു തിരുദൂതരുടെ ശൈലി. നബി(സ) തങ്ങളുടെ കൈയിൽ ഒരു സാധനമുണ്ടായിരിക്കെ, അതൊരാൾ ചോദിച്ചിട്ട് കൊടുക്കാതിരുന്ന ഒരൊറ്റ സംഭവവും ഇല്ലെന്ന് സ്വഹാബികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സ്വന്തം കൈകൾകൊണ്ട് നെയ്‌തെടുത്ത ഒരു ഷാൾ നബിക്ക് ദാനം ചെയ്തു ഒരു മാന്യവനിത. തിരുദൂതർ ഇഷ്ടത്തോടെ സ്വീകരിക്കുകയും അരയുടുപ്പായി ഉടുക്കുകയും ചെയ്ത് പുറത്തിറങ്ങിയ മാത്രയിലുണ്ട് മറ്റൊരാൾ വന്ന് “അതെനിക്ക് തരുമോ നബിയേ” എന്ന് ചോദിക്കുന്നു. ഉടൻ അയാൾക്കത് കൊടുക്കുന്നു. അപ്പോൾ കണ്ടുനിന്നവർ അയാളെ ശകാരിക്കുന്നു. “എന്ത് ചോദിച്ചാലും മുടക്കം പറയില്ല എന്ന് തനിക്കറിയാമ്പാടില്ലായിരുന്നോ?” എന്നാണവർ ചോദിച്ചത്. ആ ചോദ്യത്തിലാണ് നമ്മുടെ പിടുത്തം. ചോദിച്ചുവാങ്ങിയത് നബിയോരുടെ ശരീരം ഉരസിയ മുണ്ട് തന്റെ കഫൻ പുടയാക്കി ഉപയോഗിക്കാനാണ്. അതിൽ മറ്റൊരു പിടുത്തം കിടക്കുന്നുണ്ട്.

ആഹാരം ചോദിച്ചുവന്നു, ഒരാൾ. ഒന്നുമില്ല കൈയിൽ. ഭാര്യമാർ വശം ആളെ വിട്ടു. എല്ലാവരുടെ അടുത്തും ഒന്ന് മാത്രമുണ്ട.് പച്ചവെള്ളം!! ഒടുവിൽ, നബി പരസ്യവിളംബരം ചെയ്തു. “ഇയാളെ ഈ രാത്രി ആര് വിരുന്നൂട്ടും. ഒരു സഹാബി ഏറ്റു. വീട്ടിൽ ചെന്ന് കാര്യം തിരക്കിയപ്പോഴല്ലേ കഥയറിയുന്നത്. പൈതങ്ങൾക്ക് തിന്നാനുള്ള ച്ചിരിപിടി എന്തോ ഉണ്ട്. അത്ര തന്നെ. സഹധർമിണിയോട് സ്വഹാബി പറഞ്ഞു.

“നീയൊരു കാര്യം ചെയ്യ്. കുട്ടികളോട് എന്തെങ്കിലും താട്ടുപൂട്ടു വർത്താനം പറഞ്ഞ് അവറ്റയെ ഉറക്ക്. അതിഥിയെത്തിയാൽ വിളക്കണക്ക്. ഭക്ഷണം വിളമ്പിക്കൊടുത്ത ശേഷം നമുക്ക് മാറിനിന്ന് തിന്നും പോലെ കളിക്കാം.” ഒടുവിലെന്തിന് പറയുന്നു. അതിഥി നന്നായി തട്ടി. ആ കുടുംബം ഒട്ടിയ വയറുമായി രാത്രി ഉരുട്ടി. നേരം പുലർന്ന് നബി തങ്ങളെ (സ)കണ്ടപ്പോൾ അവിടുന്ന് അരുളി. നിങ്ങൾ നിങ്ങളുടെ അതിഥിയെ തക്കരിച്ച രീതി കണ്ടിട്ട് അല്ലാഹു അത്ഭുതം കൂറിയിട്ടുണ്ട്.

ഉദാരതാബോധത്തിൽ നബി(സ) യെ കുത്തിലും കോമയിലും അനുകരിക്കുകയായിരുന്നു തിരുസഖാക്കൾ. അബൂബക്കർ സിദ്ദീഖ് (റ) വിന്റെയും ഹസ്രത്ത് ഉസ്മാൻ (റ)വിന്റെയും ദാനശീലം സമാനതകളില്ലാത്തതാണ്. ദീനീപ്രബോധനത്തിന്റെ ആദ്യകാലത്ത് പട്ടിണിയും പരിവട്ടവും അവരെ കടിച്ചുകാർന്നദിനങ്ങളിൽ തിരിച്ചും മറിച്ചും നോക്കാതെ വാരിക്കൊടുക്കുകയായിരുന്നു അവർ.
ഇസ്‌ലാമിലേക്ക് വരുമ്പോൾ നാൽപതിനായിരം വെള്ളി നാണയങ്ങൾ കൈവശമുള്ളയാളായിരുന്നു, സിദ്ദീഖുൽ അക്ബർ (റ). പക്ഷെ മദീനയിലേക്ക് പലായനം ചെയ്യുമ്പോഴേക്ക് അത് അയ്യായിരമായി അലിഞ്ഞിരുന്നു. കാര്യമായും അശരണരെ സംരക്ഷിക്കാനും, അടിമകളെ മോചിപ്പിക്കാനുമായിരുന്നു ആ പണം വഴിതിരിഞ്ഞത്. മഹാനവർകളോട് ദാനത്തിന്റെ കാര്യത്തിൽ മത്സരത്തിനിറങ്ങിയ ഉമർ (റ) വിന്റെ കഥയുണ്ട്. നബി(സ)യെ അവരോട് ധർമ്മം ആവശ്യപ്പെട്ടു. നേർപകുതിയുമായി കുതിച്ചു ചെന്നു ഹസ്രത്ത് ഉമർ (റ). ഉടൻ സിദ്ദീഖ് (റ)വും എത്തി.

ഉമർ, എന്തുണ്ട് ബാക്കി?
തങ്ങളുടെ ചോദ്യം
“ഇത്രയും കൂടി”

“അബൂബക്കർ! എന്താണ് വീട്ടിൽ ബാക്കിവെച്ചിരിക്കുന്നത്?
“അല്ലാഹുവും അവന്റെ റസൂലും മാത്രം!”
ശൂര ഉമർ (റ) ഞെട്ടി. ഇല്ല ഒരിക്കലും ഒരുകാര്യത്തിലും സിദ്ദീഖിനെ (റ) പിന്നിലാക്കാൻ എനിക്കാവില്ല. വഫാത്ത് നേരത്ത് ഒന്നാം ഖലീഫയുടെ ബാലൻസ് എത്രയെന്ന് കേൾക്കണോ? സീറോ സീറോ……ദീൻ വളർച്ചയുടെ ആദ്യകാല ആധിദിനങ്ങളിൽ ഏറെ ഉപകാരപ്പെട്ടിട്ടുള്ളതാണ് ഉസ്മാൻ (റ) ന്റെ സമ്പത്ത്. നിർണായക ആവശ്യങ്ങളിലാണ് ആ സമ്പത്ത് വഴിതിരിഞ്ഞത്. മദീനക്കാർക്കന്ന് സുലഭമായി വെള്ളം കിട്ടുമായിരുന്നില്ല. നൽതണ്ണീർ കിട്ടുന്ന ആകെ ഒരു കിണറാണുള്ളത്. റൂമാകിണർ. അതാണെങ്കിൽ ഒരു ജൂതന്റെ പക്കലും. അദ്ദേഹം അതിലെ വെള്ളം വിലക്ക് വിൽക്കുകയായിരുന്നു. പൊന്നുവിലകൊടുത്ത് ഉസ്മാൻ (റ) അത് വാങ്ങി പൊതുജനങ്ങൾക്കായി വിട്ടുകൊടുത്തു. അതിന്റെ വില കേൾക്കണോ? മുപ്പതിനായിരം ദിർഹം!
ദീനിൽ ആള് കൂടുന്നു. മദീനാപള്ളി തിരക്ക് കൊണ്ട് ശ്വാസം മുട്ടുന്നു. പള്ളിയോട് ചേർന്ന് ഒരു സ്ഥലമുണ്ട്. കിട്ടിയാൽ കൊള്ളാം. ആരംഭപൂവിന്റെ പൂതി. തീവില കാരണം, അങ്ങടുത്തുകൂടാ. ഇരുപതിനായിരം ദിർഹം കൊടുത്ത് ഹസ്രത്ത് ഉസ്മാൻ (റ) അതുവാങ്ങി. പള്ളി വികസിപ്പിച്ചു. ഇസ്‌ലാം സ്വീകരിച്ച അന്ന് മുതൽ ഓരോ വെള്ളിയാഴ്ചയും ഓരോ അടിമയെ വീതം വിലകൊടുത്ത് വാങ്ങി മോചിപ്പിച്ച ആ ദുന്നൂറൈനിയുടെ ചരിത്രം നമുക്ക് രോമാഞ്ചം പകരുന്നില്ലേ?

മദീനയിലെ ഏറ്റവും വിലകൂടിയ ഈത്തപ്പനത്തോട്ടത്തിനുടമായിരുന്നു, അബൂത്വൽഹ. ബൈറൂഹാതോട്ടം കാഴ്ചക്കാരുടെ നാക്കിൽ വെള്ളമൊലിപ്പിച്ചിരുന്നു. സ്വദഖയുടെ പുണ്യത്തെ കുറിച്ച് കേട്ട അബുത്വൽഹ ആ തോട്ടം അകപ്പാടെ തിരുനബിക്ക് സമർപ്പിച്ചു. അങ്ങയ്ക്കിഷ്ടപ്പെട്ട വിധം വിനിയോഗിച്ചോളൂ എന്ന് പറഞ്ഞ് അത് കരളിൽ നിന്നും ചെത്തിയിട്ടു. ഒന്നു ചോദിച്ചോട്ടെ, മനസ്സറിഞ്ഞ് വല്ലതും കൊടുക്കാറുണ്ടോ? കൈകൊണ്ട് കൊടുക്കുമ്പോൾ കരളിൽ ഒരു ആളൽ അനുഭവപ്പെടാറുണ്ടോ? ഓർക്കുക! കൊടുത്തതേ ബാക്കിയുണ്ടാവൂ. വിദ്യ മാത്രമല്ല, ധനവും കൊടുക്കുന്തോറുമേറിടുകയാണ്, ചെയ്യുക.

ഫൈസൽ അഹ്‌സനി ഉളിയിൽ
• faisaluliyil@gmail.com

---- facebook comment plugin here -----

Latest