Connect with us

International

ലബനാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; തെരുവിലിറങ്ങിയ ആയിരങ്ങള്‍ പ്രധാന റോഡുകള്‍ ഉപരോധിച്ചു

Published

|

Last Updated

ബെയ്‌റൂത്ത്: ലബനാനില്‍ അധികാര ദുര്‍വിനിയോഗവും അഴിമതിയും ആരോപിച്ച് സര്‍ക്കാറിനെതിരെ നടക്കുന്ന പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായി. തലസ്ഥാനമായ ബെയ്‌റൂത്തിലെ പ്രധാന റോഡുകളെല്ലാം പ്രക്ഷോഭകര്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചും കാറുകള്‍ പാര്‍ക്ക് ചെയ്തും ഉപരോധിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാറിന് നേതൃത്വം നല്‍കുന്നവരെല്ലാം രാജിവെക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. സമരത്തില്‍ നിന്ന് പിന്മാറണമെന്ന രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളുടെയെല്ലാം അഭ്യര്‍ഥന തള്ളിക്കളഞ്ഞാണ് പ്രതിഷേധക്കാര്‍ ഉപരോധം ശക്തമാക്കിയത്.

പ്രതിഷേധം നടക്കുന്നയിടങ്ങളില്‍ എത്തിച്ചേര്‍ന്നവരെല്ലാം സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തങ്ങളുടെ വാഹനങ്ങള്‍ റോഡുകളില്‍ നിര്‍ത്തിയിട്ടു. ഒക്ടോബര്‍ 17ന് ഇതേ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ എല്ലാ തുറകളിലും പെട്ടവര്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് പുതുതായി ഏര്‍പ്പെടുത്തിയ നികുതികള്‍ പിന്‍വലിക്കാമെന്നും നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായകരമായ പദ്ധതികള്‍ നടപ്പിലാക്കാമെന്നും പ്രധാന മന്ത്രി സഅദ് ഹരീരി ഉറപ്പു നല്‍കിയിരുന്നുവെങ്കിലും പാലിക്കുന്നതില്‍ പരാജയപ്പെട്ടു.
രാജ്യത്തെ ഭരണ-രാഷ്ട്രീയ സംവിധാനം പൂര്‍ണമായി അഴിച്ചുപണിയണമെന്നും 1943 മുതല്‍ നിലവിലുള്ള വിഭാഗീയ രീതിയിലുള്ള ഭരണം അവസാനിപ്പിക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു.

അതേസമയം, റോഡ് ഉപരോധത്തില്‍ നിന്ന് സമരക്കാര്‍ പിന്മാറിയാല്‍ മാത്രമെ ആവശ്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുകയുള്ളൂവെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. പ്രക്ഷോഭകര്‍ക്ക് മറ്റ് കേന്ദ്രങ്ങളിലേക്ക് മാറി സമരം തുടരാവുന്നതാണ്.