Connect with us

International

ബ്രക്‌സിറ്റ് കാലാവധി അടുത്ത വര്‍ഷം ജനുവരി വരെ നീട്ടി

Published

|

Last Updated

ലണ്ടന്‍: ബ്രക്‌സിറ്റ് കാലാവധി നീട്ടി നല്‍കണമെന്ന ബ്രിട്ടന്റെ ആവശ്യം യൂറോപ്യന്‍ കൗണ്‍സില്‍ അംഗീകരിച്ചു. 2020 ജനുവരി 31 വരെയാണ് യൂറോപ്യന്‍ യൂണിയന്‍ സമയപരിധി നീട്ടി നല്‍കിയത്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. 2016ലെ ഹിതപരിശോധനക്ക് ശേഷം ഇത് രണ്ടാം തവണയാണ് കാലാവധി നീട്ടി നല്‍കുന്നത്.

നേരത്തെ, മൂന്നു മാസത്തേക്കു കൂടി കാലാവധി നീട്ടുന്ന കാര്യം യൂറോപ്യന്‍ യൂണിയന്‍ പരിഗണിക്കണമെന്നു ഡോണള്‍ഡ് ടസ്‌ക് നിര്‍ദേശിച്ചതിനു പിന്നാലെ ഇതിനെ എതിര്‍ത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രംഗത്തെത്തിയിരുന്നു.

ജനുവരി അവസാനംവരെ കാലാവധി നീട്ടിത്തരാന്‍ ഇയു തീരുമാനിച്ചാല്‍ ഡിസംബറില്‍ തിരഞ്ഞെടുപ്പു നടത്തണമെന്നു താന്‍ നിര്‍ദേശിക്കുമെന്നായിരുന്നു അന്ന് ജോണ്‍സന്‍ പറഞ്ഞിരുന്നത്.

എന്നാല്‍ നിലവില്‍ ജനുവരി 31 വരെ കാലാവധി നീട്ടി നല്‍കാനുള്ള തീരുമാനത്തോട് ജോണ്‍സണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡിസംബറില്‍ തിരഞ്ഞെടുപ്പു നടത്തണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടാലും അതിന് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയുടെ സഹകരണം ആവശ്യമാണ്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ലേബര്‍ നേതാവ് ജെറമി കോര്‍ബിനുമായി ഒക്ടോബര്‍ 22ന് ജോണ്‍സന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

Latest