Connect with us

Cover Story

മരണത്തെ നോക്കുന്ന കണ്ണുകള്‍

Published

|

Last Updated

ചിത്രം: ഫവാസ് ജല്ല

മരണമടഞ്ഞവരുടെ കണ്ണുകൾ ദൂരേക്ക് നോക്കുന്നതു പോലെയാണുണ്ടാകുക. തന്റെ ആത്മാവിനെയും കൊണ്ടുപോകുന്ന മലക്കുകളെ വീക്ഷിക്കുന്നതുപോലെ. ഭയാനകമായ എത്രയോ മരണങ്ങളിൽ അവശേഷിച്ച കണ്ണുകൾ വിദൂരതയിലേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു. ആത്മാവ് പിടിക്കപ്പെട്ടാൽ കണ്ണുകൾ അതിനെ പിന്തുടരും എന്ന ഹദീസ് വചനത്തെ അപ്പോഴൊക്കെ അവർ ഓർത്തുപോകും.

പടു വാർധക്യത്തിൽ നിന്നും ചതഞ്ഞരഞ്ഞു മരിക്കുന്നതിൽ നിന്നും മുങ്ങിമരിക്കുന്നതിൽ നിന്നും മരണ സമയത്ത് ശൈത്വാന്റെ ഉപദ്രവത്തിൽ നിന്നും നിന്നോടു ഞാൻ കാവൽ തേടുന്നുവെന്ന ഹദീസ് വചനത്തെ ഉള്ളിൽ സൂക്ഷിച്ചു പ്രാർഥനാനിരതമാകാറുണ്ട് അനേകം വിശ്വാസികൾക്കൊപ്പം അയാളും. എന്നാൽ, കണ്ടുമുട്ടുന്ന മരണം രുചിച്ച ദേഹങ്ങളേറെയും ചതഞ്ഞരഞ്ഞതും മുങ്ങിമരിച്ചതും തൂങ്ങി പിടഞ്ഞൊടുങ്ങിയതുമാകുന്നു. മരിച്ചിട്ടും കണ്ടെത്താൻ ദിവസങ്ങൾ കഴിഞ്ഞവയാണ് ഏറെയും. അതിനാൽ അവശേഷിക്കുന്ന കണ്ണുകൾ ആത്മാവിനെ സ്വീകരിച്ച മാലാഖമാരെ പിന്തുടർന്ന് അസ്തമിച്ചു പോയിട്ടുണ്ടാകും. ദേഹം ചീർത്തു വീർത്തതായിരിക്കും. എന്നാൽ, കോശത്തിൽ സൂക്ഷിച്ച ജലകണികകളെല്ലാം ചോർന്നു പോയിട്ടുള്ളതിനാൽ ദേഹത്തിന്റെ ഭാരം നഷ്ടപ്പെട്ടിരിക്കും. ദേഹം വില്ലിച്ചു നിൽക്കും. അതിനാൽ ഒറ്റക്ക് എടുത്തു കിടത്താൻ കഴിയും.

54 വയസ്സ്;
താങ്ങിയെടുത്തത് 3117
മൃതദേഹങ്ങൾ

54 വയസ്സിനുള്ളിൽ 3117 മൃതദേഹങ്ങൾ ഇരു കൈകൾകൊണ്ടു താങ്ങിയെടുത്ത മഠത്തിൽ അബ്ദുൽ അസീസിനുമാത്രമേ മരണത്തെക്കുറിച്ച് ഇത്രയും ദയാവായ്‌പോടെ സംസാരിക്കാൻ കഴിയുകയുള്ളൂ…
മോർച്ചറിയിലും ശ്മശാനത്തിലും തൊഴിലെടുക്കുന്നവർ ഇതിലുമേറെ മൃതദേഹങ്ങൾ കൈകാര്യംചെയ്തിട്ടുണ്ടാകും. അതൊക്കെ തൊഴിലിന്റെ ഭാഗമായ കൃത്യമാണെങ്കിൽ അസീസിന്റെ കർമം ചില്ലിക്കാശു പ്രതിഫലം പറ്റാതെ മൃതദേഹങ്ങളോട് ജീവിച്ചിരിക്കുന്നവൻ കാണിക്കുന്ന ഏറ്റവും ഹൃദയസ്പൃക്കായ അന്തിമോപചാരമാകുന്നു.
ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങി അഴുകിപ്പോയവർ, തൂങ്ങിമരിച്ച് ദിവസങ്ങൾ കഴിഞ്ഞു മാത്രം കണ്ടെത്തപ്പെടുന്നവർ, വാഹനാപകടങ്ങളിൽ ചിന്നിച്ചിതറിപ്പോയവർ, പൊള്ളലേറ്റു വെന്തൊടുങ്ങിപ്പോയവർ…എല്ലാവർക്കും അന്ത്യയാത്രയൊരുക്കാൻ പോലീസ് അസീസിന്റെ വരവുകാത്തിരിക്കും.

ജീർണിച്ച മൃതദേഹങ്ങൾ കൈകാര്യം ചെയ്യാൻ എത്തുന്നവരെക്കുറിച്ച് സമൂഹത്തിന് ഒരു ധാരണയുണ്ട്. മദ്യപിച്ചു ലക്കുകെട്ട ഏതോ ബഹിഷ്‌കൃതനെ കാത്തു ജനക്കൂട്ടം കണ്ണും നട്ടിരിക്കും. അപ്പോൾ ഒളവണ്ണയിൽ നിന്ന് കെ എൽ 11- 8 ജി 3737ഹാർലി ഡേവിഡ്‌സൺ ബൈക്കിൽ ആ ശുഭ്ര വസ്ത്രധാരി വന്നിറങ്ങും. പോലീസും ജനക്കൂട്ടവും അയാൾക്ക് വഴിയൊരുക്കും. രാഷ്ട്രീയക്കാരനു ചേർന്ന വെള്ളവസ്്ത്രങ്ങൾ അഴിച്ചുവെച്ച് ഉറച്ച അടിവസ്്ത്രങ്ങളോടെ അയാൾ അസഹ്യമായ ദുർഗന്ധം വമിക്കുന്ന മൃതദേഹത്തെ ഇരു കൈകളിലും ഏറ്റെടുത്തു നിലത്തു വിരിച്ച പ്ലാസ്റ്റിക്കിൽ കിടത്തും.
ആരുടെയോ അച്ഛനോ അമ്മയോ അനുജനോ അനുജത്തിയോ ആയിരുന്ന ആ ദേഹത്തിൽ നിന്നു വെളുത്ത പുഴുക്കൾ പുളക്കുന്നുണ്ടാകും. ഏവർക്കും പ്രിയപ്പെട്ടതായിരുന്ന ആ ദേഹം ഒന്നുകിൽ അഴുക്കുചാലിലായിരിക്കും. അല്ലെങ്കിൽ ഏതോ കെട്ടിടത്തിന്റെ കഴുക്കോലിലോ മരച്ചില്ലയിലോ ആകാം. എവിടെയായാലും അസീസ് മൂക്കു കെട്ടുകപോലും ചെയ്യാതെ അവിടെയെത്തും.
ആഴവും ഉയരവും അയാൾക്കു പ്രശ്‌നമല്ല. ദുർഗന്ധവും പുഴുക്കളും അയാളെ അകറ്റുകയില്ല…ഭാരവും ഭീതിയും അലട്ടുന്നേയില്ല… അതിനെല്ലാം അസീസിനു കാരണങ്ങളുമുണ്ട്.

എട്ടാം വയസ്സിൽ ഉപ്പ മരിച്ച ശേഷം കുടുംബം പുലർത്താൻ ചെയ്ത തൊഴിലുകൾ തന്നെയാണ് ഈ സാഹസങ്ങൾക്കെല്ലാം അയാളെ സജ്ജനാക്കിയത്. അഞ്ച് സഹോദരങ്ങളിൽ രണ്ട് അനുജന്മാരെ അന്ന് യതീം ഖാനയിൽ ചേർത്തെങ്കിലും കുടുംബം മുന്നോട്ടു വലിഞ്ഞില്ല. മൂന്നാംക്ലാസിൽ പഠനം നിർത്തി കോഴിക്കോട് പന്തീരാങ്കാവിൽ നിന്നു കുന്നത്തു പാലത്തേക്കു തക്കാളിപ്പെട്ടി ചുമന്നു തുടങ്ങിയ തൊഴിൽ അങ്ങനെ വളർന്നു. ചാലിയാറിൽ മണൽ വാരാൻ ഇറങ്ങി ആഴങ്ങളോടും വെള്ളത്തോടും പൊരുത്തപ്പെട്ടു. ചാണകം കടത്താൻ പോയി ദുർഗന്ധവും പുഴുക്കളും അറപ്പില്ലാത്ത വസ്തുക്കളായി. കിണറുപണിയും മരം കയറ്റവും തുടങ്ങി വലിയങ്ങാടിയിലെ റാളിവലിക്കൽ വരെ അതിജീവനത്തിന്റെ അത്യധ്വാനങ്ങളേറെ. സെൻട്രൽ മാർക്കറ്റിൽ നിന്നും പാളയത്തുനിന്നും ശേഖരിച്ച മീനും പച്ചക്കറികളും വലിയങ്ങാടിയിൽ നിന്നുള്ള അരിയും അരവയർ നിറച്ച കാലമുണ്ടായിരുന്നു. വളർന്നപ്പോൾ കരാർ പണികളെടുത്തും ലേബർ സപ്ലൈ തുടങ്ങിയും കരപറ്റി. ഇന്ന് വലിയ വീടും വാഹനങ്ങളും ബിസിനസ്സും പ്രൗഢിയും പ്രതാപവുമുണ്ട്. ഒളവണ്ണ പഞ്ചായത്ത് മെമ്പറാണ്. എന്നാലും മൃതദേഹങ്ങൾ എടുക്കാനുള്ള വിളിവന്നാൽ ഏതാഘോഷ വേദിയിലാണെങ്കിലും അപ്പോൾ അവിടെ നിന്നിറങ്ങും. ജീവൻ വെടിഞ്ഞ ആ ദേഹത്തെ മണ്ണിനടിയിലേക്ക് യാത്രയാക്കുന്നതിനുള്ള കർമങ്ങളിൽ മുഴുകിയെ പിന്നെ വിശ്രമമുള്ളൂ.

ഹൃദയത്തെ പിടിച്ചുലച്ച മരണക്കാഴ്ചകൾ

ജീർണിച്ച ദേഹങ്ങളെ ഒറ്റക്കു കൈകാര്യം ചെയ്യുമ്പോൾ കാഴ്ചക്കാരായ നൂറുക്കണക്കിനു പേരിൽ നിന്ന് ഒരാളും ഒരു കൈ സഹായിക്കില്ല. അവർ കരുതുന്നത് പോലീസിൽ നിന്നു വലിയ പണം പറ്റിയായിരിക്കും അസീസ് ഈ പണി ചെയ്യുന്നത് എന്നായിരിക്കും. അങ്ങനെ തന്നെ തെറ്റിദ്ധരിക്കുന്നതിലൊന്നും അസീസിന് വൈമനസ്യമില്ല. ഒരു നല്ല കർമം ചെയ്താൽ അന്നുലഭിക്കുന്ന ഉറക്കത്തിന്റെ ശാന്തതയേക്കാൾ വലിയതൊനനുമില്ലെന്ന് അയാൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. വഴിവക്കിലെ ഒരു മുള്ളെങ്കിലും എടുത്തുമാറ്റാതെ ഒരു ദിവസവും കൊഴിഞ്ഞു പോകുന്നില്ലെന്ന് അസീസ് പറയുന്നു.

ഉറക്കം ഒരു ചെറിയ മരണമാണെന്ന ഖുർആൻ വചനം അയാൾ ഓർത്തുവെക്കുന്നു. തീർച്ചയായും ചിന്തിക്കുമ്പോൾ അയാൾക്കു അനേകം ദൃഷ്്ടാന്തങ്ങൾ ലഭിക്കുന്നു. ആ ചിന്തയാലാണ് ഓരോ ഉറക്കത്തിന്റെ അന്ത്യത്തിലും പടച്ചവൻ തിരിച്ചു നൽകിയ ജീവന്റെ അംശം നന്മ ചെയ്യാനായി അയാൾ വിനിയോഗിക്കുന്നത്.
അമ്മയെ കാണാനില്ലെന്ന പരാതി കേട്ട് കിണറ്റിൽ തിരയാനിറങ്ങിയപ്പോൾ ആദ്യം കൈയിൽ തടഞ്ഞ കുഞ്ഞിക്കൈ നൽകിയ നടുക്കം ഉള്ളിൽ ഇപ്പോഴുമുണ്ട്. രണ്ടാമതു മുങ്ങിയപ്പോൾ മറ്റൊരു കുഞ്ഞിന്റെ കൈ…ഒടുവിൽ അമ്മ…രണ്ടുമക്കളോടൊപ്പമാണ് അമ്മ ജീവനൊടുക്കിയത്…അങ്ങനെ നടുക്കുന്നതും ഹൃദയത്തെ പിടിച്ചുലച്ചതുമായ എത്രയോ മരണങ്ങൾക്കും ഇക്കാലയളവിനുള്ളിൽ അസീസ് സാക്ഷ്യം വഹിച്ചു.
പത്ത് വർഷം മുന്പ് ചാലിയത്തുനിന്നു പരപ്പനങ്ങാടിയിലേക്ക് മത്സ്യം കയറ്റിപ്പോയ പിക്കപ്പ് വാൻ ഓട്ടോറിക്ഷയിൽ ഇടിച്ചു കുടുംബത്തിലെ ഏഴുപേർ മരിച്ച സംഭവത്തിൽ മോർച്ചറിയിൽ സൂക്ഷിച്ച ഒന്നര വയസ്സുകാരന്റെ ദേഹം അടുത്ത ദിവസം പോസ്റ്റ്‌മോർട്ടത്തിനെടുത്തു കിടത്തിയ രംഗം ഓർക്കുമ്പോൾ ഇപ്പോഴും അസീസിന്റെ കണ്ണുകൾ നിറയും.

നീല ജീൻസ്, വെള്ള ടീഷർട്ട്, ഓവർ കോട്ട്, വെള്ള ഷൂ, വാച്ച് എല്ലാ ധരിച്ച കുട്ടിയുടെ ദേഹത്തിന് ഒരു ഉലച്ചിൽ പോലും പറ്റിയിരുന്നില്ല. അവൻ ഒരു ഭാഗത്തേക്കു തിരിഞ്ഞു പുഞ്ചിരിക്കുന്നതുപോലെയായിരുന്നു മൃതദേഹം കിടന്നത്…മോർച്ചറിയിൽ ഉണ്ടായിരുന്നവരെല്ലാം ആ കാഴ്ചകണ്ടു കരഞ്ഞുപോയിരുന്നു…അങ്ങനെ മനസ്സിൽ നിന്നു മായാത്ത ദേഹങ്ങൾ അനവധിയുണ്ട്. എന്നാൽ, ഒരു ദേഹവും തന്റെ ഉറക്കത്തെ തട്ടിയുണർത്താൻ ഇതുവരെ വന്നിട്ടില്ല.
ഒരു മഴക്കാലത്ത് കൂലിപ്പണി ചെയ്തുകൊണ്ടിരിക്കെ അടുത്ത വീട്ടിലെക്കുട്ടി നിറഞ്ഞൊഴുകുന്ന തോട്ടിൽ വീണ് ഒഴുകിപ്പോയി. കൂട്ടക്കരച്ചിൽ കേട്ട് ഓടിയെത്തിയ 17കാരൻ കുത്തൊഴുക്കിലേക്ക് എടുത്തു ചാടി കുട്ടിയെ കരക്കെത്തിച്ചു. അടുത്ത ദിവസം പണിക്കു വന്നപ്പോൾ നാട്ടുകാരുടെ വക നൽകിയ ഉച്ചയൂൺ പുതിയൊരു അസീസിനെ സൃഷ്ടിക്കുകയായിരുന്നു.

കടലുണ്ടി തീവണ്ടി അപകടം, പൂക്കിപ്പറമ്പ് ബസ്സപകടം, കുറ്റ്യാടി മരുതോങ്കര, പശുക്കടവ്, കരിഞ്ചോലമല ഉരുൾപൊട്ടലുകൾ, കോഴിക്കോട് മിഠായിത്തെരുവ് തീപ്പിടിത്തം, നിപ്പാ ഭീതി മുതൽ ഓഖി ദുരന്തം വരെ കൂട്ടമരണങ്ങളുടെ നാളുകളിലെല്ലാം മൃതദേഹങ്ങൾക്കൊപ്പം അസീസ് ഉണ്ടായിരുന്നു. ഓഖിയിൽ കുളച്ചലിൽ നിന്നും തിരുവനന്തപുരത്തുനിന്നും ഒഴുകിപ്പോയ മൃതദേഹങ്ങളെല്ലാം അടുത്തത് ബേപ്പൂരായിരുന്നു. അന്നും ഓരോ ദേഹവും ഏറ്റുവാങ്ങാൻ തീരത്ത് അസീസുണ്ടായിരുന്നു.
ശരീരത്തിന് ആവതുള്ള കാലത്ത് അന്യർക്കുവേണ്ടി ആവുന്നതു ചെയ്യുകയെന്ന തീരുമാനം 17-ാം വയസ്സിലെ ആദ്യ രക്ഷാപ്രവർത്തനം മുതൽ കൈക്കൊണ്ടു. പ്രസരിപ്പുള്ള കാലത്ത് ഒന്നിനേയും വിലവെക്കാതെ നടന്ന് 50 വയസ്സുകഴിയുമ്പോൾ അമ്പലക്കമ്മിറ്റിയിലും പള്ളിക്കമ്മിറ്റിയിലുമെല്ലാം മുന്നാളായി നിന്നതുകൊണ്ടുമാത്രം ശാന്തമായ മരണം ലഭിക്കുമോ എന്നു ചിന്തിക്കുമ്പോഴാണ് സഹജീവി സ്‌നേഹത്തിന്റെ വാതിൽ തുറന്നുപിടിക്കാൻ കഴിയുന്നതെന്ന് അസീസ് പറയുന്നു.
ബൈക്കിൽ കൈയുറയും കാലുറയും അടിവസ്്ത്രങ്ങളും കരുതിയാണ് എന്നും യാത്ര… എപ്പോഴും ഒരു വിളി വന്നേക്കാം. ഒളവണ്ണ നാഗത്തും പാടത്ത് മഠത്തിൽ അബ്ദുൽ അസീസ് ഇറങ്ങിപ്പോകുന്നത് ഓരോ ദേഹങ്ങളെ മണ്ണിനുള്ളിലേക്ക് തിരിച്ചയക്കാനുള്ള പ്രകൃതിയുടെ നിയോഗം നിർവഹിക്കാനാണെന്നു ഭാര്യ ഹൈറുന്നിസക്ക് അറിയാം. ഉപ്പയുടെ ഈ മനുഷ്യ കാരുണ്യ പ്രവർത്തനത്തിൽ അഭിമാനം കൊള്ളുന്നവരാണ് മക്കൾ ഇർഫാനും സർഫീനയും ഹർഷാദും.

എം ബിജുശങ്കർ
• bijunews1@gmail.com

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്