Connect with us

Eranakulam

ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ബഹുജന അടിത്തറ ശക്തിപ്പെടുത്താൻ സി പി എം

Published

|

Last Updated

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ രാഷ്ട്രീയാന്തരീക്ഷം അഞ്ച് ഉപതിരഞ്ഞെടുപ്പുകൾ കൊണ്ട് മാറ്റിയെടുത്ത സി പി എം ജനകീയാടിത്തറ വിപുലമാക്കുന്നു.തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളുടെ മുന്നോടിയായി രാഷ്ട്രീയ കാലാവസ്ഥ പരമാവധി അനുകൂലമാക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. നേരത്തേ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി അംഗീകരിച്ച് നടപ്പാക്കിയ തെറ്റ്തിരുത്തൽ രേഖയിലെ നിർദേശങ്ങളടക്കം കൃത്യമായി നടപ്പാക്കാൻ വഴി കണ്ട് കൊണ്ടാണ് ഇനി സി പി എമ്മിന്റെ തുടർ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുക.

ചോർന്ന വോട്ടുകൾ തിരിച്ചെത്തിക്കാനും കൈവന്നവ നിലനിർത്താനുമൊക്കെയുള്ള രാഷ്ട്രീയ അടവ് തന്ത്രങ്ങളിലാണ് ഇനി സി പി എം കണ്ണുവെക്കുക. അടിക്കടിയുള്ള കോൺഗ്രസ് നേതാക്കളുടെ കാലുമാറ്റങ്ങൾ സൃഷ്ടിക്കുന്ന വിശ്വാസ്യതാനഷ്ടം, ദേശീയതലത്തിലെ കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടുകൾ എന്നിവയും വിവിധ വികസന പദ്ധതികളിലൂടെ സംസ്ഥാനത്ത് ഇടത് സർക്കാർ ഉണ്ടാക്കിയെടുത്ത സ്വാധീനവുമെല്ലാമാണ് വോട്ടർമാരെ സ്വാധീനിച്ച പ്രധാന ഘടകങ്ങളെന്നാണ് പാർട്ടി നേതൃത്വത്തിന്റെ പ്രഥമിക കണക്ക്കൂട്ടൽ. നിലവിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ഓരോ മണ്ഡലങ്ങളിലെയും ബൂത്ത് തലത്തിലുള്ള കണക്കുകളടക്കം പരിശോധനക്ക് വിധേയമാക്കിയപ്പോൾ നല്ല തോതിലുള്ള വോട്ട് വിഹിതമാണ് സി പിഎമ്മിന് ലഭിച്ചിട്ടുള്ളത്.

2016ൽ 32.45 ശതമാനവും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 27.52 ശതമാനവുമായിരുന്ന എറണാകുളം മണ്ഡലത്തിലെ വോട്ട് വിഹിതം 37.96 ശതമാനമാക്കി വർധിപ്പിക്കാൻ കഴിഞ്ഞതും കോന്നിയിലും വട്ടിയൂർക്കാവിലും യു ഡി എഫ് കേന്ദ്രങ്ങളിൽ നിന്ന് വോട്ട് വാരിക്കൂട്ടാൻ കഴിഞ്ഞതുമെല്ലാം വലിയ നേട്ടമായിത്തന്നെയാണ് സി പി എം കണക്ക് കൂട്ടുന്നത്.

ഒരു തിരഞ്ഞെടുപ്പിലെ തിരിച്ചടി കൊണ്ട് തകരുന്ന സംഘടനാ സംവിധാനമല്ല സി പി എമ്മിന്റേതെന്ന് തെളിയിക്കുന്ന നേട്ടമാണ് ഇക്കുറിയുണ്ടായതെന്ന് വിലയിരുത്തുമ്പോൾ തന്നെ അരൂരിലുൾപ്പെടെ പരാജയം നേരിട്ടയിടങ്ങളിൽ വോട്ട് ചോർച്ചയുടെ കാരണങ്ങൾ തലനാരിഴ കീറി പരിശോധിക്കാനുള്ള നടപടിയും ഇതിനകം തുടങ്ങിയിട്ടുണ്ട്. അതേ സമയം, 2014 മുതൽ ഇങ്ങോട്ടുള്ള വിവിധ തിരഞ്ഞെടുപ്പുകളിൽ എൻ ഡി എ അതിന്റെ സ്വാധീനം ക്രമമായി ഉയർത്തിയത് ആശങ്കക്കിടയാക്കിയിരുന്നെങ്കിലും ഇത് ആപേക്ഷികമാണെന്നാണ് പാർട്ടിയുടെ കണക്ക്കൂട്ടൽ. എൻ ഡി എക്ക് അങ്ങനെയൊരു സ്ഥിരം ശക്തി കേരളത്തിൽ സാധ്യമല്ലെന്ന് പുതിയ വോട്ടുകണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 11 ലക്ഷം പേർ പുതുതായി അംഗങ്ങളായെന്ന് പ്രഖ്യാപിച്ച ബി ജെ പിക്ക് നാല് മാസത്തിനിടെ നഷ്ടമായത് അര ലക്ഷത്തിലേറെ വോട്ടുകളാണെന്നത് മാത്രം ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടാവുന്നതാണെന്ന് ഇടത് നേതാക്കൾ പറയുന്നു.

എങ്കിലും ബി ജെ പി യുടെ വളർച്ചയെ കരുതിയിരിക്കുകയും അവരുടെ നയങ്ങൾക്ക് എതിരെ പ്രചാരണം നടത്തുകയും ചെയ്യണമെന്ന പാർട്ടി രേഖയിലെ നിർദേശങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കാനാണ് സി പി എം ആലോചിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പോരാട്ടമല്ല നടന്നതെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ തിരഞ്ഞെടുപ്പിൽ സർക്കാറിന്റെ ജനകീയ പദ്ധതികളൊന്നും ഏശാതെ പോയിരുന്നു. എന്നാൽ ഇത്തവണ എതിരാളികളെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രചാരണങ്ങൾ തീർത്തുമൊഴിവാക്കി സർക്കാറിന്റെ വികസന പദ്ധതികൾ മാത്രം മുൻ നിർത്തിയുള്ള പ്രചാരണമാണ് നടത്തിയത്. അത് ലക്ഷ്യം കണ്ടുവെന്ന് തന്നെയാണ് വിലയിരുത്തൽ.
എട്ട് മാസത്തിനുശേഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും മുൻ തിരഞ്ഞെടുപ്പുകളിൽ നഷ്ടമായ വോട്ട് മുന്നണിക്ക് നേടാനാകണം. ഇതിനുള്ള തിരുത്തലും സമീപനവുമാണ് പാർട്ടി അംഗങ്ങളിലുണ്ടാകേണ്ടതെന്ന് നേരത്തേ പാർട്ടി കമ്മിറ്റികളിൽ അഭിപ്രായമുയർന്നിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ജനങ്ങളുടെ പരാതികൾക്ക് ചെവികൊടുക്കണമെന്ന് പാർട്ടി തിരുത്തൽ നിർദേശമുയർത്തിയിരുന്നു. വരും നാളുകളിൽ ഇത്തരം കാര്യങ്ങളിൽക്കൂടി കൂടുതൽ ശ്രദ്ധ പതിപ്പിക്കനാണ് നേതൃത്വത്തിന്റെ ആലോചന.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി