Connect with us

Kannur

യൂത്ത് കോൺഗ്രസിൽ വീതംവെപ്പ്:  അധ്യക്ഷനും പത്ത് ജില്ലാ പ്രസിഡന്റുമാരും എ ഗ്രൂപ്പിന്

Published

|

Last Updated

കണ്ണൂർ: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് വേണ്ടെന്ന് തീരുമാനിച്ചതോടെ സ്ഥാനങ്ങൾ വീതം വെക്കാൻ നേതാക്കൾ തമ്മിൽ ധാരണ. സംസ്ഥാന പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിലെ ശാഫി പറമ്പിലിനും വൈസ് പ്രസിഡന്റ് സ്ഥാനം ഐ വിഭാഗത്തിലെ ശബരിനാഥിനും നൽകാനാണ് ഗ്രൂപ്പ് നേതൃത്വങ്ങൾ ധാരണയിലെത്തിയിരിക്കുന്നത്. 14 ജില്ലാ കമ്മിറ്റികളിൽ പത്തെണ്ണം എ ഗ്രൂപ്പിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ യൂത്ത് കോൺഗ്രസിന് സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലം കമ്മിറ്റികളാണുണ്ടായിരുന്നത്. 15 ലോക്‌സഭാ മണ്ഡലം കമ്മിറ്റികൾ എ ഗ്രൂപ്പ് കൈവശം വെച്ചപ്പോൾ അഞ്ച് മണ്ഡലം കമ്മിറ്റികൾ മാത്രമാണ് ഐ ഗ്രൂപ്പിനുണ്ടായിരുന്നത്.
ലോക്‌സഭാ മണ്ഡലം കമ്മിറ്റി പരീക്ഷണം പരാജയമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കമ്മിറ്റികൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.

നിലവിൽ 20 ൽ 15 കമ്മിറ്റികൾ എ ഗ്രൂപ്പിനായതിനാൽ ജില്ലാ കമ്മിറ്റികളിൽ പത്തെണ്ണം തങ്ങൾക്ക് വേണമെന്നാണ് അവരുടെ നിലപാട്. എണ്ണം കൂടുതൽ വേണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ട്. സംഘടനാ തിരഞ്ഞെടുപ്പിന് യൂത്ത് കോൺഗ്രസ് നേതാക്കൾ തയ്യാറാണെങ്കിലും കേരളത്തിലെ പാർട്ടി നേതൃത്വമാണ് തടസ്സമെന്ന് നേതാക്കൾ പറയുന്നു.
സംഘടനാ തിരഞ്ഞെടുപ്പിനായി എല്ലാ ഒരുക്കങ്ങളും കേരളത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയെങ്കിലും പാർട്ടിയിലെ ഗ്രൂപ്പ് തലവന്മാർ അട്ടിമറിച്ച് ഒത്തു തീർപ്പുണ്ടാക്കുകയായിരുന്നു. ഓരോ തവണയും ഓരോ കാരണം പറഞ്ഞ് മാറ്റിവെപ്പിക്കുകയായിരുന്നുവത്രേ. തിരഞ്ഞെടുപ്പ് നടന്നാൽ ഗ്രൂപ്പ് പോര് മൂർഛിക്കുമെന്നായിരുന്നു അവരുടെ ആശങ്ക.

എന്നാൽ തിരഞ്ഞെടുപ്പ് നടന്നാൽ എ ഗ്രൂപ്പിന് ശക്തമായ മേൽക്കൈ ലഭിക്കുമെന്നതിനാൽ ഐ ഗ്രൂപ്പാണ് വീതം വെപ്പിന് നീക്കം നടത്തിയതെന്നാണ് ആരോപണം. ഡീൻ കുര്യാക്കോസ് പ്രസിഡന്റായ സംസ്ഥാന കമ്മിറ്റി നിലവിൽ വന്ന് ഏഴ് വർഷം പിന്നിട്ടിരിക്കുകയാണ്. പാർലിമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ഡീൻ രാജിവെച്ചിരുന്നുവെങ്കിലും പുനഃസംഘടിപ്പിക്കാൻ തയ്യാറായില്ല. ഇത് ഫലത്തിൽ യൂത്ത് കോൺഗ്രസിനെ നിർജീവമാക്കുകയായിരുന്നു.
സംഘടനാ തിരഞ്ഞെടുപ്പിനായി കേരളത്തിൽ നിന്ന് ദേശീയ കമ്മിറ്റി പിരിച്ചെടുത്തത് ആറര കോടിയിലേറെ രൂപയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് യൂത്ത് കോൺഗ്രസിൽ അംഗത്വ വിതരണം നടന്നത്.

ആറ് ലക്ഷത്തിലേറെ പേരാണ് നൂറ് രൂപ അടച്ച് അന്ന് അംഗത്വമെടുത്തത്. ദേശീയ നേതൃത്വത്തിന് ഈയിനത്തിൽ ലഭിച്ചത് ആറര കോടിയിലേറെ രൂപയാണ്. സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രൂപ്പ് മാനേജർമാർ ചെലവിട്ടത് ലക്ഷങ്ങൾ വരും. സംഘടനാ തിരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെക്കാൻ തീരുമാനിച്ചതിന് പിന്നാലെ ഭാരവാഹികളെ നിശ്ചയിക്കാനുള്ള അഭിരുചി പരീക്ഷ നടത്തിയിരുന്നു. ജൂലൈ മാസമായിരുന്നു രണ്ട് ദിവസം നീണ്ടു നിന്ന പരീക്ഷ. എന്നാൽ പരീക്ഷ കഴിഞ്ഞ് ലിസ്റ്റുമായി ദേശീയ സെക്രട്ടറി രവീന്ദ്ര ദാസ് സ്ഥലം വിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനമൊന്നുമായില്ല. പാർട്ടി നേതൃത്വത്തിന് മുടക്ക് കാരണങ്ങളൊന്നും പറയാനില്ലെങ്കിൽ യൂത്ത് കോൺഗ്രസിന് പുതിയ പ്രസിഡന്റ് ഉടൻ നിയമിതനാകും.

Latest