Connect with us

Kerala

അതിവേഗ റെയിൽപാത നടപ്പാക്കുക ഹരിത പദ്ധതിയായി

Published

|

Last Updated

കൊച്ചി: നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ട് എത്തിച്ചേരുന്ന അർധ അതിവേഗ റെയിൽപാതയുടെ നിർമാണം നൂറ് ശതമാനം ഹരിത മാനദണ്ഡങ്ങളനുസരിച്ച് നടപ്പാക്കാൻ ധാരണയായി. കോൺക്രീറ്റ്, ഉരുക്ക് എന്നിവ നിർമാണത്തിനായി പുനരുപയോഗിക്കും. തറനിരത്തുന്നതിന് നിർമാണാവശിഷ്ടങ്ങളാണ് ഉപയോഗിക്കുക. ഇന്ത്യൻ ഹരിത നിർമാണ കൗൺസിലിന്റെ മാനദണ്ഡത്തിലുള്ള യന്ത്രസാമഗ്രികൾ ഉപയോഗിച്ചാകും നിർമാണമെന്ന് കെ ആർ ഡി സി എൽ. എം ഡി. വി അജിത് കുമാർ പറഞ്ഞു.
പദ്ധതി പൂർണമായും പരിസ്ഥിതി സൗഹൃദമാക്കുന്നതിന് അഹമ്മദാബാദ് ഐ ഐ എമ്മുമായി കെ ആർ ഡി സി എൽ ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്.

പദ്ധതി യാഥാർഥ്യമാകുന്നതോടെ ബസുകളടക്കമുള്ള വാഹനങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണം ഗണ്യമായി കുറയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2028ൽ കേരളത്തിലുണ്ടാകുമെന്ന് കരുതപ്പെടുന്ന 2,37,663 ടൺ കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. 2051ൽ അതിവേഗപാതക്ക് ഏറ്റെടുക്കാൻ കഴിയുന്ന കാർബൺ നിർമാർജനം 3,81,899 ടൺ ആയിരിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. അർധ അതിവേഗ റെയിൽ ഇടനാഴി പദ്ധതി 2024ൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

നഗരങ്ങളിൽ പാത മേൽപ്പാലങ്ങളിലൂടെയാണ് കടന്നുപോകുക. 1,200 ഹെക്ടറാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ആകാശ സർവേയുടെ അടിസ്ഥാനത്തിലായിരിക്കും അലൈൻമെന്റ് തീരുമാനിക്കുക. സർവേക്കുള്ള അനുമതി പ്രതിരോധ മന്ത്രാലയം ഇതിനകം നൽകി കഴിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം മുതൽ തിരൂർ വരെ പുതിയ അലൈൻമെന്റിലൂടെയാകും അർധ അതിവേഗ പാത കടന്നുപോകുക. തിരൂർ മുതൽ നിലവിലുള്ള പാതക്ക് സമാന്തരമായിട്ടാകും സിൽവർ ലൈൻ. എല്ലാ അഞ്ഞൂറ് മീറ്ററിലും റോഡിനായി അടിപ്പാതകൾ ഉണ്ടാകും.
2028ൽ 82,266 യാത്രികരെയാണ് ശരാശരി ഒരു ദിനം പ്രതീക്ഷിക്കുന്നതെന്ന് വി അജിത് കുമാർ പറഞ്ഞു. 2040ൽ അത് 1,16,681ഉം, 2051 ൽ 1,47,120 ഉം ആകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിവേഗ റെയിൽ പാതയുടെ നിർമാണ സമയത്ത് അമ്പതിനായിരം എന്ന നിലയിലും പൂർത്തിയാകുമ്പോൾ 11,000 എന്നിങ്ങനെയും തൊഴിലവസരങ്ങളൊരുക്കാൻ കഴിയുമെന്നും അധികൃതർ കണക്കുകൂട്ടുന്നുണ്ട്. സാധ്യതാപഠനം നടത്തിയ പാരീസ് ആസ്ഥാനമായ സിസ്ട്രയാണ് പദ്ധതിയുടെ കൺസൾട്ടന്റ്.

ആദ്യ മുപ്പത് വർഷത്തേക്ക് 5.6 ശതമാനവും അമ്പത് വർഷത്തിൽ 8.1 ശതമാനവും റിട്ടേൺ ലഭിക്കും.
തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് കാസർകോട് വരെ 532 കിലോമീറ്ററിൽ റെയിൽപാതയിലൂടെ മണിക്കൂറിൽ ഇരുനൂറ് കിലോമീറ്റർ വരെ വേഗത്തിലാണ് ട്രെയിൻ സഞ്ചരിക്കുക. ആദ്യഘട്ടത്തിൽ ഒമ്പത് ബോഗിയുണ്ടാകും, പിന്നീടിത് പന്ത്രണ്ട് വരെയാക്കും. 11 ജില്ലയിലൂടെ കടന്നുപോകുന്ന പാതയിൽ പത്ത് സ്റ്റേഷനുകളാണുണ്ടാകുക. തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമെ കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് സ്റ്റേഷനുകൾ.

കൊച്ചി മെട്രോയുമായി ബന്ധിപ്പിക്കും

കൊച്ചി: സംസ്ഥാന സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന തിരുവനന്തപുരം- കാസർകോട് അതിവേഗ റെയിൽപാത കൊച്ചി കാക്കനാട്ടെ നിർദിഷ്ട മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. സിൽവർ ലൈൻ എന്നറിയപ്പെടുന്ന ഈ അർധ അതിവേഗപാത കൊച്ചി മെട്രോയുമായി ബന്ധിപ്പിക്കുന്നതിലൂടെ ദീർഘദൂര യാത്രക്കാർക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എളുപ്പം എത്തിപ്പെടാനാകും.

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം വിഭാവനം ചെയ്തിട്ടുള്ളത്. ഇതു കൂടാതെ കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിൽ നിന്ന് മറൈൻഡ്രൈവ്- ബോട്ടുജെട്ടി വഴി ജോസ് ജംഗ്ഷനിലെ ലൈനിലേക്ക് എത്തിച്ചേരുന്ന ഇട ലൈനും സർക്കാറിന്റെ പരിഗണനയിലുണ്ടെന്ന് ടോം ജോസ് പറഞ്ഞു.