Connect with us

Kerala

വാളയാറില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം: നിയമസഭ പിരിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: വാളയാറില്‍ പ്രയാപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പിഡിനത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ അന്വേഷണത്തിലെ വീഴ്ച തുറന്നുകാട്ടി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബഹളം രൂക്ഷമായതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതികളെ കോടതി കുറ്റവിമുക്തമാക്കിയത് പോലീസ് അന്വേഷണത്തിലെ വീഴ്ച മൂലമാണെന്നും സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ എം എല്‍ എ ഷാഫി പറമ്പില്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു.  പ്രതികളെ രക്ഷിക്കാന്‍ സി പി എം ഇടപെട്ടതായി ഷാഫി പറമ്പില്‍ ആരോപിച്ചു. കേസില്‍ ഇരകള്‍ക്ക് നീതി ലഭിക്കാന്‍ പുറത്ത് നിന്നുള്ള ഒരു അന്വേഷണ ഏജന്‍സി വരണം. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും ഷാഫി ആവശ്യപ്പെട്ടു.

ഇതിന് മുഖ്യമന്ത്രി മറുപടിയും നല്‍കി. സി ബി ഐ അന്വേഷണമോ, പുനരന്വേഷണമോ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണ്. കേസില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രമുഖ അഭിഭാഷകനെ കേസിനായി ഹാജരാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ എന്നും ഇരകള്‍ക്കൊപ്പമാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയ വിത്യാസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയോടെ അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ ഇന്ന് തന്നെ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവെക്കുകയായിരുന്നു. ബഹളം രൂക്ഷമായതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

രാവിലെ ആരംഭിച്ച സഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാനത്ത് നടന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളില്‍ ജയിച്ച പുതു അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. അരൂരില്‍ അട്ടിമറി വിജയം നേടിയ ഷാനിമോള്‍ ഉസ്മാന്‍, മഞ്ചേശ്വരത്ത് നിന്ന് ജയിച്ച എം സി ഖമറുദ്ദീന്‍, എറണാകുളത്ത് നിന്നുള്ള ടി ജെ വിനോദ്കുമാര്‍ എന്നിവര്‍ ദൈവനാമത്തിലും കോന്നിയില്‍ നിന്നും വട്ടിയൂര്‍കാവില്‍ നിന്നും ചരിത്ര വിജയം നേടിയ ഇടത് അംഗങ്ങളായ കെ യു ജനീഷ്‌കുമാറും വി കെ പ്രശാന്ത് എന്നിവര്‍ ദൃഢപ്രതിജ്ഞയുമാണ് എടുത്തത്. കന്നഡയില്‍ സത്യപ്രതിജ്ഞ ചെയ്ത് കമറുദ്ദീന്‍ ശ്രദ്ധേയമായി.

സഭ ചേര്‍ന്ന ഉടന്‍ ചോദ്യോത്തരവേളക്കുശേഷം അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മുന്‍ മന്ത്രി ദാമോദരന്‍ കാളാശ്ശേരി എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിച്ചതിന് ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. കോന്നിയില്‍ നിന്ന് വിജയിച്ച കെ യു ജനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പാലായില്‍ ജയിച്ച മാണി സി കാപ്പന്‍ നേരത്തേ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും സഭയില്‍ അദ്ദേഹത്തിന്റെ ആദ്യ ദിനമായിരുന്നു ഇന്ന്.

 

Latest