Connect with us

National

വ്യോമപാത നിഷേധിച്ച സംഭവം: ഇന്ത്യ അന്താരാഷ്ട്ര സിവില്‍ ഏവിയേഷനെ സമീപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: സഊദി സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവിഐപി വിമാനത്തിന് വ്യോമപാത നിഷേധിച്ച പാക്കിസ്ഥാന്റെ നടപടിക്ക് എതിരെ ഇന്ത്യ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനെ (ഐസിഎഒ) സമീപിച്ചു. ഐസിഎഒ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് മറ്റ് രാജ്യങ്ങള്‍ ഓവര്‍ഫ്‌ലൈറ്റ് ക്ലിയറന്‍സുകള്‍ തേടുകയും അനുവദിക്കുകയും ചെയ്യുന്നത്.

നല്ല നിലയില്‍ മുന്നോട്ടുപോകുന്ന അന്താരാഷ്ട്ര സമ്പ്രദായത്തില്‍ നിന്ന് വ്യതിചലിക്കാനുള്ള തീരുമാനം പാക്കിസ്ഥാന്‍ പുനര്‍വിചിന്തനം ചെയ്യണമെന്ന് ഇന്ത്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകപക്ഷീയമായ നടപടി സ്വീകരിക്കുന്നതിന് കാരണങ്ങളെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി നല്‍കരുതെന്ന് പാകിസ്ഥാന്‍ തീരുമാനിച്ചതായി വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയാണ് ഇന്നലെ അറിയിച്ചത്. കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എതിരെ പാക്കിസ്ഥാന്‍ ഇന്നലെ കരിദിനം ആചരിച്ചിരുന്നു.

പാക്കിസ്ഥാന്‍ ഇന്ത്യന്‍ നേതാക്കള്‍ക്ക് വ്യോമപാത നിഷേധിക്കുന്നത് ഇതാദ്യമല്ല. യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദിക്ക് യുഎസിലേക്ക് പോകുന്നതിന് വ്യോമമേഖല ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം സെപ്റ്റംബറില്‍ പാകിസ്ഥാന്‍ നിരസിച്ചിരുന്നു. അതേമാസം തന്നെ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഐസ്‌ലന്‍ഡിലേക്ക് പോകുന്നതിനായി വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയും പാകിസ്ഥാന്‍ നിരസിച്ചു.

ബാലക്കോട്ടിലെ ജയ്ശ്ഇ മുഹമ്മദ് തീവ്രവാദ ക്യാമ്പിനു നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി പൂര്‍ണ്ണമായും അടച്ചിരുന്നു. മാര്‍ച്ച് 27 ന് ന്യൂഡല്‍ഹി, ബാങ്കോക്ക്, ക്വാലാലംപൂര്‍ എന്നിവ ഒഴികെയുള്ള എല്ലാ വിമാനങ്ങള്‍ക്കുമായി വ്യോമാതിര്‍ത്തി തുറന്നു. ഇന്ത്യയിലേക്കുള്ള വിമാനത്തിനുള്ള നിരോധനം പിന്നീട് മെയ് 30 വരെ നീട്ടി. ജൂലൈ 16 ന് എല്ലാ സിവിലിയന്‍ ഗതാഗതത്തിനും വ്യോമമേഖല പൂര്‍ണ്ണമായും തുറന്നു. എസ്‌സിഒ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദിക്ക് ബിഷ്‌കെക്കിലേക്ക് പോകുന്നതിനായി ജൂണില്‍ പാകിസ്ഥാന്‍ വ്യോമമേഖല തുറന്നു നല്‍കിയെങ്കിലും ഇന്ത്യ അത് ഉപയോഗിച്ചിരുന്നില്ല.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ ഇന്ത്യ റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് ആഭ്യന്തര കാര്യമാണെന്നും യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടതായും ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തോട് വ്യക്തമായി വ്യക്തമാക്കിയിരുന്നു.