Connect with us

Articles

നീതിപീഠത്തെയും വരുതിക്ക് നിര്‍ത്തുമോ?

Published

|

Last Updated

ഭരണഘടനയുടെ 99ാം ഭേദഗതി സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് റദ്ദാക്കി നാല് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കൊളീജിയം സംവിധാനത്തിന് പകരം നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ്സ് കമ്മീഷന്‍ സ്ഥാപിക്കാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ഒന്നിനെതിരെ നാലിന്റെ ഭൂരിപക്ഷ വിധിയിലാണ് ഭരണഘടനാ ബഞ്ച് റദ്ദാക്കിയത്.

സുപ്രീം കോടതി കൊളീജിയം ഒരു കുറ്റമറ്റ സംവിധാനമല്ലെന്ന് കരുതിയാല്‍ പോലും നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ്‌സ് കമ്മീഷന്‍ അതിനുള്ള ബദല്‍ ആകുന്നില്ല. യോഗ്യരായ പലരെയും മാറ്റി നിര്‍ത്തുന്നു, സ്വജനപക്ഷപാതം, നിയമനങ്ങളില്‍ ബോധപൂര്‍വമായ കാലവിളംബം വരുത്തല്‍ തുടങ്ങി കൊളീജിയം സംവിധാനത്തിനെതിരെ ഉന്നയിക്കാറുള്ള ആക്ഷേപങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ബോധ്യമാകുന്ന യാഥാര്‍ഥ്യം കൊളീജിയം ശിപാര്‍ശ കൊണ്ട് പന്തുതട്ടി കളിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ കൂടെ പോരായ്മകളാണ് കൊളീജിയത്തില്‍ പഴിചാരാറുള്ളത് എന്നതാണ്.
നടേപറഞ്ഞ ഭരണഘടനാ ഭേദഗതി റദ്ദാക്കിയതില്‍ നീതിന്യായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജഡ്ജിമാരുടെ നിയമനത്തില്‍ ജുഡീഷ്യറിക്ക് മേധാവിത്തം വേണമെന്ന് വിധിയെഴുതിയതിനൊപ്പം നിയമന നടപടി ക്രമങ്ങളില്‍ കാലോചിത പരിഷ്‌കരണങ്ങള്‍ കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കേണ്ട പ്രസ്തുത പരിഷ്‌കരണങ്ങളുടെ സ്ഥിതി എന്തെന്ന് വിശകലനം ചെയ്യുക മാത്രമാണ് ഈ കുറിപ്പ്.

നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ്സ് കമ്മീഷന്‍ സ്ഥാപിക്കാനുള്ള ഭരണഘടനാ ഭേദഗതി റദ്ദാക്കിയതില്‍ പിന്നെ നിയമന നടപടി ക്രമങ്ങളിലെ പരിഷ്‌കരണങ്ങളില്‍ എക്‌സിക്യൂട്ടീവ് അശേഷം താത്പര്യം കാണിച്ചില്ല. ഭരണഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചിരുന്നെങ്കില്‍ അത് നീതിന്യായ ചരിത്രത്തില്‍ നിര്‍ണായക വഴിത്തിരിവാകുകയും ഭരണകൂട ദുഷ്ടലാക്ക് വിജയിക്കുകയും ചെയ്യുമായിരുന്നു. അത് നടക്കാതെ വന്നപ്പോള്‍ പരിഷ്‌കരണങ്ങളെക്കുറിച്ച് ഒരക്ഷരം ഉരിയാടേണ്ടെന്ന് മോദി സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴാണ് രണ്ട് മാസങ്ങള്‍ക്ക് ശേഷം, നടപടി ക്രമങ്ങള്‍ അന്തിമമായി രൂപപ്പെടുത്താന്‍ മതിയായ മാര്‍ഗനിര്‍ദേശങ്ങള്‍ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ചത്.

സുതാര്യതയിലൂന്നുകയും സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ന്യായാധിപരുടെ നിയമനത്തിന് മാനദണ്ഡമായ യോഗ്യത, നിയമന പ്രക്രിയ തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും സ്ഥിരം സെക്രട്ടേറിയറ്റ് സംവിധാനം, നാമനിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യാന്‍ അനുയോജ്യ മാര്‍ഗം തുടങ്ങിയവയായിരുന്നു സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തിന്റെ ഉള്ളടക്കം. എന്നാല്‍ മറ്റൊരു ദിശയിലായിരുന്നു എക്‌സിക്യൂട്ടീവിന്റെ സഞ്ചാരം. വിധേയത്വവും വണക്കവും കാംക്ഷിക്കുന്ന പരമാധികാരികള്‍ക്ക്, അത് നടപ്പില്ലെങ്കില്‍ പിന്നെ ചെയ്യാനുള്ളത് കുറുക്കുവഴി തേടലാണ്. ഭരണഘടനാ ഭേദഗതി റദ്ദാക്കിയപ്പോള്‍ പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചതും അതിനാലാണ്. തദ്വിഷയികമായി അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ സബ്മിഷന്‍ സമര്‍പ്പിച്ചിരുന്നു.

പിന്നീട് 2016 മാര്‍ച്ചില്‍ ജുഡീഷ്യല്‍ നിയമനങ്ങളുടെ പുതുക്കിയ നടപടി ക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ചു. പുതിയ ചട്ടത്തില്‍ സവിശേഷ പ്രാധാന്യമുള്ള ചില സംഗതികള്‍ ഉള്‍പ്പെടുത്തിയതിലൊന്ന് നടപ്പു ഭരണകൂടത്തിന്റെ മുഖ്യ കച്ചിത്തുരുമ്പ് തന്നെയാണ്. ദേശസുരക്ഷയെ മുന്‍നിര്‍ത്തി കൊളീജിയം ശിപാര്‍ശ തള്ളാം എന്ന നിര്‍ദേശത്തിനു മേല്‍ നിയമ രംഗത്ത് വലിയ ചര്‍ച്ചകള്‍ നടന്നു. തങ്ങളുടെ സമ്പൂര്‍ണാധിപത്യത്തിന് പിടിതരാതെ മാറി നില്‍ക്കുന്ന ജുഡീഷ്യറിയെ എത്ര ഉദാസീനമായാണ് ഭരണകൂടം സമീപിക്കുന്നതെന്ന് തെളിയിക്കുകയായിരുന്നു പ്രസ്തുത നിര്‍ദേശം. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ സ്ഥാനക്കയറ്റ സ്ഥലം മാറ്റങ്ങളില്‍ “ദേശ വിരുദ്ധത”യുടെ വിളയാട്ടം നിയമജ്ഞര്‍ക്കൊന്നും കാണാന്‍ കഴിഞ്ഞില്ല. അതേസമയം, ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ദേശസുരക്ഷയെന്ന വജ്രായുധം നല്‍കുന്ന പ്രിവിലേജ് മറ്റൊന്നിനുമില്ലതാനും. ഭരണഘടനാവിരുദ്ധവും ജനാധിപത്യ, മതനിരപേക്ഷ, ഫെഡറല്‍ മൂല്യങ്ങളോട് കടകവിരുദ്ധവുമായ എത്രയേറെ നീക്കങ്ങള്‍ നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ട്. യു എ പി എ ഭേദഗതി, രാജ്യദ്രോഹക്കുറ്റങ്ങളാദി കരിനിയമങ്ങളും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലും പൗരത്വ നിയമവുമെല്ലാം ഒളിപ്പിച്ചു വെക്കാന്‍ പോന്ന മാന്ത്രികച്ചെപ്പാണ് ദേശ സുരക്ഷ. ഏത് വിമര്‍ശനത്തെയും ഒരൊറ്റ മറുവാക്കു കൊണ്ട് മലര്‍ത്തിയടിക്കാന്‍ പറ്റുമെങ്കില്‍ ജുഡീഷ്യറിയിലും അതുതന്നെ പഥ്യം. പക്ഷേ, ക്ഷണിക വൈകാരികതയുടെ തുറുപ്പു ചീട്ട് കോടതി അംഗീകരിച്ചില്ല. ദേശസുരക്ഷാ നിര്‍ദേശത്തോടൊപ്പം ജുഡീഷ്യല്‍ നിയമനങ്ങളില്‍ അറ്റോര്‍ണി ജനറലും ഓരോ സംസ്ഥാനത്തെയും അഡ്വക്കറ്റ് ജനറലും അഭിപ്രായം പറയണം, റിട്ട. ജഡ്ജിമാരുടെയും അഭിപ്രായം തേടണം തുടങ്ങി കൊളീജിയത്തെ അപ്രസക്തമാക്കുന്ന നിബന്ധനകളായിരുന്നു കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച നടപടി ക്രമങ്ങളിലുണ്ടായിരുന്നത്. സുപ്രീം കോടതി അത് തള്ളുകയും ചെയ്തു.

ന്യായാസനങ്ങളില്‍ പരാതി കേള്‍ക്കാന്‍ ന്യായാധിപരില്ല എന്നതായിരുന്നു ഇക്കളികളുടെ മറുപുറം. സുപ്രീം കോടതി കൊളീജിയം ശിപാര്‍ശകളോട് സര്‍ക്കാര്‍ മുഖം തിരിച്ചപ്പോള്‍ നേരത്തേ തന്നെ ലക്ഷക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്ന കോടതികളില്‍ വീണ്ടും വ്യവഹാരങ്ങള്‍ കുന്നുകൂടി. ന്യായാധിപരില്‍ പലരും അധിക ജോലിഭാരത്താല്‍ പ്രയാസപ്പെട്ടു. അതിലൊന്നും ഭരണകൂടം അഴഞ്ഞില്ല. അങ്ങനെയിരിക്കെ, “നിയമന സംബന്ധമായി 75 ജഡ്ജിമാരുടെ പേര് നിര്‍ദേശിച്ചു. അവര്‍ അംഗീകരിച്ചില്ല. എന്തുകൊണ്ടാണ്, എവിടെയാണ് ഈ ഫയലുകള്‍ കെട്ടിക്കിടക്കുന്നതെന്ന്” ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അറ്റോര്‍ണി ജനറലിനോട് പ്രതികരിക്കുന്നത് വരെയെത്തി കാര്യങ്ങള്‍.

ടി എസ് ഠാക്കൂറിന്റെ പിന്‍ഗാമിയായെത്തിയ ചീഫ് ജസ്റ്റിസ് ജെ എസ് ഖഹാര്‍ നീതിന്യായ വഴിയിലൂടെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം നടത്തി. ജുഡീഷ്യറിയിലെ ഒഴിവുകള്‍ നികത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജികളില്‍ തീര്‍പ്പു കണ്ടെത്തുകയായിരുന്നു അതിനുള്ള മാര്‍ഗം. എന്നാല്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി അതിനെ എതിര്‍ത്തു. ജുഡീഷ്യറിയുടെ ഭരണപരമായ ഇടപെടലിലൂടെ മാത്രമേ പൊതു താത്പര്യ ഹരജികളില്‍ അത്തരമൊരു നീക്കം നടത്താന്‍ പാടുള്ളൂ എന്നായിരുന്നു വിസമ്മതത്തിന് ഹേതുവായിപ്പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ ആ നീക്കത്തിന്റെയും മുനയൊടിച്ചത് മാത്രമായിരുന്നു ഫലം.

2017 മെയ് മാസത്തില്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖഹാറിന്റെ നേതൃത്വത്തില്‍ നിയമന നടപടി ക്രമങ്ങള്‍ അന്തിമമായി രൂപപ്പെടുത്തിയെങ്കിലും വിഷയം പഠിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം. തുടര്‍ന്ന് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പാര്‍ലിമെന്റില്‍ ഇതു സംബന്ധമായ ചോദ്യം നേരിട്ട കേന്ദ്ര മന്ത്രി പി പി ചൗധരി, നടപടി ക്രമങ്ങളുടെ അന്തിമ തീര്‍പ്പിന് കൂടുതല്‍ സമയമെടുക്കുമെന്നും പറഞ്ഞു.

നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ്‌സ് കമ്മീഷനുവേണ്ടി തയ്യാറാക്കിയ ഭരണഘടനാ ഭേദഗതി സുപ്രീം കോടതി റദ്ദാക്കിയതിന് പിറകെ ആരംഭിച്ച ഒളിച്ചു കളിയാണ് “വിജയകരമായ” നാല് വര്‍ഷം തികച്ചിരിക്കുന്നത്. പരിഷ്‌കരിച്ച നടപടിക്രമം നടപ്പാക്കിയാല്‍ കൊളീജിയം ശിപാര്‍ശകളില്‍ സമയാനുസൃതം തീരുമാനമെടുക്കേണ്ടിവരും എന്നതു തന്നെയാണ് മോദി സര്‍ക്കാറിനെ പിന്നോട്ടു വലിക്കുന്നത്. അതിനാല്‍ കേള്‍ക്കാത്ത മട്ടില്‍ ഭരണകൂടം അതിന്റെ പരുത്ത പുറംതോടു കൊണ്ട് പരമാധികാര വേഷ്ടി അണിയുകയായിരുന്നു ഇത്രയും കാലം. “ലെറ്റ് ജസ്റ്റിസ് ബി ഡണ്‍ ദൊ ദി ഹെവന്‍സ് ഫാള്‍” അഥവാ ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകണം എന്ന നിയമ തത്വം മുറുകെ പിടിക്കുന്ന ജനാധിപത്യ ഭരണക്രമത്തിലാണ് ഇതൊക്കെ അരങ്ങു തകര്‍ക്കുന്നത് എന്നതില്‍ അതിശയോക്തി തോന്നാതെ പോകുന്നത് മാറിയ ഇന്ത്യന്‍ സാഹചര്യത്തിലായതു കൊണ്ടാകാം.

Latest