Connect with us

Editorial

വാളയാര്‍: വീഴ്ച കണ്ണുതുറപ്പിക്കണം

Published

|

Last Updated

വാളയാര്‍ പീഡന കേസ് കോടതിയില്‍ തള്ളിപ്പോകാനിടയാക്കിയത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. പ്രോസിക്യൂഷന്റെയും പോലീസിന്റെയും കുറ്റകരമായ വീഴ്ചയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്ന ആരോപണവുമായി പലരും രംഗത്തു വന്നിട്ടുണ്ട്. സഹോദരിമാര്‍ ലൈംഗിക പീഡനത്തിനു ശേഷം കൊല്ലപ്പെട്ടതാണെന്ന് സാഹചര്യത്തെളിവുകളുണ്ടായിട്ടും ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസ് ശ്രമിച്ചതെന്നും ആരോപണമുണ്ട്. അമ്മയുടെയും ഡോക്ടറുടെയും മൊഴികളിലെ ലൈംഗിക പീഡന സൂചന, ഒരു കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ എന്നിവ ഉണ്ടായിട്ടും ആ വഴിക്ക് അന്വേഷണമുണ്ടായില്ലെന്നും ആരോപിക്കപ്പെടുന്നു. പ്രതികള്‍ക്ക് വേണ്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ കോടതിയില്‍ ഹാജരായതും കടുത്ത വിമര്‍ശനം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.

2017 ജനുവരി, മാര്‍ച്ച് മാസങ്ങളില്‍ പതിമൂന്നും ഒമ്പതും വയസ്സായ രണ്ട് സഹോദരിമാരെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതാണ് കേസിനാധാരമായ സംഭവം. ആദ്യ പെണ്‍കുട്ടിയുടെ മരണത്തിനു 40 ദിവസങ്ങള്‍ക്കു ശേഷമാണ് രണ്ടാമത്തെ കുട്ടി മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. മൂത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് നേരില്‍ കണ്ടതായി കുട്ടിയുടെ അമ്മ മൊഴി നല്‍കുകയും ചെയ്തിരുന്നു. കുട്ടികളുടെ ബന്ധുക്കളും പിതാവിന്റെ സുഹൃത്തുക്കളും അടക്കമുള്ളവരാണ് പ്രതിസ്ഥാനത്തുള്ളത്. പ്രതികളുടെ മേല്‍ ചുമത്തപ്പെട്ട കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പാലക്കാട് പോക്‌സോ കോടതി അവരെ വെറുതെ വിടുകയായിരുന്നു.
സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ (പോക്‌സോ കേസുകള്‍) വന്‍തോതില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പോക്‌സോ നിയമം വന്നതിനു തൊട്ടടുത്ത വര്‍ഷം 2013ല്‍ 1016 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നതെങ്കില്‍ 2018ല്‍ 3179 ആയി കുത്തനെ ഉയര്‍ന്നു കേസുകളുടെ എണ്ണം. 2014ല്‍ 1402, 2015ല്‍ 1583, 2016ല്‍ 2122, 2017ല്‍ 2697 എന്നിങ്ങനെയാണ് പോലീസ് രേഖ അനുസരിച്ചുള്ള കേസുകളുടെ എണ്ണം. പ്രതികളില്‍ പലരും സ്വന്തക്കാരോ ബന്ധക്കാരോ കുടുംബ സുഹൃത്തുക്കളോ ആയതിനാല്‍ നല്ലൊരു പങ്കും പുറംലോകമറിയാതെ പോകുന്നുമുണ്ട്. കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നെങ്കിലും ദേശീയതലത്തില്‍ ശിക്ഷിക്കപ്പെടുന്നതിന്റെ പകുതിയോളമേ പോക്‌സോ കേസുകളില്‍ കേരളത്തില്‍ ശിക്ഷിക്കപ്പെടുന്നുള്ളൂവെന്ന് നാഷണല്‍ ക്രൈം ബ്യൂറോ റെക്കോര്‍ഡ്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2016ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ ദേശീയതലത്തില്‍ 30.7 ശതമാനം കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ 16.7 ശതമാനത്തിലൊതുങ്ങി. ഇതേ വര്‍ഷം രാജ്യത്താകെ 22,736 പോക്‌സോ കേസുകളാണ് കോടതിയില്‍ തീര്‍പ്പായത്. അവയില്‍ 6,991 പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. ഇതേ വര്‍ഷം കേരളത്തിലെ കോടതികളില്‍ 510 കേസുകളില്‍ വിസ്താരം പൂര്‍ത്തിയായി വിധി പറഞ്ഞപ്പോള്‍ ശിക്ഷ ലഭിച്ചത് 85 എണ്ണത്തില്‍ മാത്രവും. പ്രതികളുമായുള്ള പോലീസിന്റെ ഒത്തുകളിയാണ് കേസ് തള്ളിപ്പോകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്.

കേസുകള്‍ കോടതികളില്‍ തീര്‍പ്പാകുന്നതിന് കാലതാമസം നേരിടുന്നുണ്ട്. പോക്‌സോ നിയമം നിലവില്‍ വന്ന 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പോലും കെട്ടിക്കിടക്കുന്നുണ്ട് സംസ്ഥാനത്തെ വിവിധ കോടതികളില്‍. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കാനുള്ള കാലതാമസം, പ്രോസിക്യൂഷന്റെ മെല്ലെപ്പോക്ക് നയം തുടങ്ങി നിരവധി കാരണങ്ങളുണ്ട് ഇതിന്. ഈ കാലതാമസം കേസിനെ പ്രതികൂലമായി ബാധിക്കാനിടയാക്കുന്നു. കേസ് നീണ്ടു പോകുമ്പോള്‍ ഇരകള്‍ എങ്ങനെയെങ്കിലും കോടതി നടപടികളില്‍ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന മാനസികാവസ്ഥയിലെത്തുകയും നിയമ നടപടികളോട് സഹകരിക്കാന്‍ വിമുഖത കാട്ടുകയും ചെയ്യുന്നതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. പോക്‌സോ കേസുകള്‍ വിചാരണ ചെയ്യാന്‍ എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് ചുരുക്കം ജില്ലകളില്‍ മാത്രമാണ് പ്രത്യേക കോടതികളുള്ളത്. കുറഞ്ഞത് മൂന്ന് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവു ശിക്ഷയും, ഇരക്ക് മരണം സംഭവിച്ചാല്‍ വധശിക്ഷയും വ്യവസ്ഥ ചെയ്യുന്നുണ്ട് കുട്ടികള്‍ക്കെതിരായ പീഡനക്കേസുകളില്‍.

വാളയാര്‍ സംഭവത്തില്‍ മാത്രമല്ല, സംസ്ഥാനത്ത് നടന്ന പല പീഡന കേസുകളിലും പ്രതികള്‍ക്കായി പോലീസ് ഒത്തുകളിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. വടക്കാഞ്ചേരി പീഡനക്കേസ്, കൊച്ചി നാവിക ആസ്ഥാനത്തെ പീഡനക്കേസ്, പത്തനംതിട്ടയില്‍ ഭിന്നശേഷിയുള്ള പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച കേസ്, കൊച്ചിയില്‍ സാത്താന്‍ സേവയുടെ മറവില്‍ നടന്ന പീഡനക്കേസ്, മലപ്പുറം മങ്കടയില്‍ രണ്ട് സഹോദരിമാര്‍ക്ക് നേരെ നടന്ന പീഡനം തുടങ്ങിയവ ചിലതുമാത്രം. ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ചും കേസ് രജിസ്‌ട്രേഷന്‍ മനഃപൂര്‍വം താമസിപ്പിച്ചും തെളിവുകളും ശാസ്ത്രീയ റിപ്പോര്‍ട്ടുകളുമുള്ള കേസുകളില്‍ പോലും നിസ്സാര വകുപ്പുകള്‍ ചുമത്തിയും ഇര മാനസിക രോഗിയാണെന്ന് വരുത്തിത്തീര്‍ത്തും മറ്റുമാണ് കേസ് ദുര്‍ബലമാക്കുന്നത്. പീഡന വിവരമറിഞ്ഞാല്‍ 24 മണിക്കൂറിനകം കേസെടുക്കണമെന്നാണ് നിയമം. എന്നാല്‍ പല സംഭവങ്ങളിലും ദിവസങ്ങള്‍ക്കു ശേഷം, അതും പ്രതിഷേധം ഉയരുമ്പോഴാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് നിയമ മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ആവശ്യമായ നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കുകയുണ്ടായി. ഇത് സ്വാഗതാര്‍ഹമാണ്. ആവശ്യമെങ്കില്‍ കേസ് ഒരു സ്വതന്ത്ര അന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരേണ്ടതുണ്ട്.