Connect with us

Gulf

കന്നി യാത്രയില്‍ പ്രവാസികളുടെ നൊമ്പരം തൊട്ടറിഞ്ഞ് റവന്യൂ മന്ത്രി

Published

|

Last Updated

അബൂദബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ജനസംവാദ പരിപാടിയില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ സംസാരിക്കുന്നു

അബൂദബി: ആദ്യ യാത്രയില്‍ തന്നെ പ്രവാസികളെ കൈയിലെടുത്ത് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ജീവിതത്തില്‍ ആദ്യമായാണ് മന്ത്രി ഇന്ത്യക്ക് പുറത്ത് യാത്ര ചെയ്യുന്നത്. യു എ ഇ യിലേക്ക് വരുന്നതിന് കഴിഞ്ഞാഴ്ചയാണ് മന്ത്രി ചന്ദ്രശേഖരന്‍ പാസ്‌പോര്‍ട്ട് എടുത്തത്. കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ജനസംവാദ പരിപാടിയില്‍ നിരവധി പരാതികളുമായി മന്ത്രിയെ കാണാന്‍ നൂറോളം പേരാണെത്തിയത്. നിയമാനുസൃതമായി തങ്ങളുടെ ഭൂമിയില്‍ ഒരു സ്വപ്നക്കൂട് പണിയാനുള്ള അവരുടെ മോഹങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്ന ഉദ്യോഗസ്ഥ ലോബിക്കെതിരെയായിരുന്നു പരാതികള്‍ ഏറെയും. പ്രവാസികളുടെ പരാതികളില്‍ ഏറെയും ന്യായമാണെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. മുഴുവന്‍ പരാതികള്‍ക്കും നാട്ടിലെത്തിയാല്‍ പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

മാധ്യമങ്ങളില്‍ പലതും ഇടത് സര്‍ക്കാറിനെ താറടിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ സര്‍ക്കാരിന്റെ നാവും ശബ്ദവുമായി മാറണമെന്ന് മന്ത്രി ആഹ്വനം ചെയ്തു. പല സര്‍ക്കാറുകളും ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുന്ന പ്രകടന പത്രിക തിരെഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മറക്കുന്നതാണ് പതിവ്, എന്നാല്‍ ഇടത് സര്‍ക്കാര്‍ മഹാഭൂരിപക്ഷവും നിറവേറ്റി കഴിഞ്ഞു. ഓരോ വര്‍ഷവും നടപ്പിലാക്കിയ വാഗ്ദാനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനപക്ഷം സമര്‍പ്പിച്ചു. ഭരണം സുതാര്യമായി നടത്തുന്ന ഇന്ത്യയിലെ ഏക സര്‍ക്കാറാണ് ഇടത് മുന്നണിയുടെതെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര സാമ്പത്തിക നയങ്ങളും ജി എസ് ടി ഏല്‍പ്പിച്ച ഇരുട്ടടിയും ആഗോള മാന്ദ്യവും അടക്കമുള്ള പ്രതിസന്ധികള്‍ക്കിടയിലും അത്ഭുതകരമായാണ് സര്‍ക്കാര്‍ മുന്നേറുന്നത്. 1.3 ലക്ഷം കോടിയുടെ ബജറ്റില്‍ 80,000 കോടിയും ശമ്പളത്തിനും പെന്‍ഷനും വായ്പകളുടെ തിരിച്ചടവിനുമായി മാറ്റിവെച്ചു കഴിഞ്ഞാല്‍ വികസനത്തിനും മറ്റും ലഭിക്കുന്നത് കഷ്ടിച്ച് 40,000 കോടി രൂപയാണെന്ന് മന്ത്രി സദസ്സിനെ ഓര്‍മിപ്പിച്ചു. അരലക്ഷം കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വികസന പദ്ധതികള്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റും. പതിനായിരം കോടി രൂപയുടെ തീരദേശ, മലയോര റോഡുകളാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. ഭരണത്തിന്റെ അടിസ്ഥാന ഘടകമായ വില്ലേജ് ഓഫീസുകളുടെ ശോചനീയാവസ്ഥ മാറ്റാന്‍ 113 കോടി രൂപയാണ് ചെലവഴിച്ചത്.

അബൂദബി ശക്തി തിയേറ്റേഴ്‌സ് പ്രസിഡന്റ് അഡ്വ. അന്‍സാരിയുടെ അധ്യക്ഷതയില്‍ കെ എസ് സി യില്‍ നടന്ന ജനസംവാദത്തില്‍ സെന്റര്‍ പ്രസിഡന്റ് ബീരാന്‍ കുട്ടി, മുന്‍ പ്രസിഡന്റ് പി പത്മനാഭന്‍, യുവകലാസാഹിതി യു എ ഇ ദേശീയ പ്രസിഡന്റ് ബാബു വടകര, യുവകലാ സാഹിതി സംഘടനാ സെക്രട്ടറി റോയ് വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത്, ആര്‍ ശങ്കര്‍, കെ വി കൃഷ്ണന്‍ സംബന്ധിച്ചു.