Connect with us

Kerala

വാളയാര്‍ പീഡനം: പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി പോലീസ്

Published

|

Last Updated

പാലക്കാട്: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി അന്വേഷണ സംഘം. ഇതിന് നിയമോപദേശം ലഭിച്ചതായും വിധി പകര്‍പ്പ് കിട്ടിയാലുടന്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും തൃശൂര്‍ റെയ്ഞ്ച് ഡി ഐ ജി. എസ് സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു. കേസന്വേഷണത്തില്‍ പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2017 ജനുവരി ഒന്നിനും മാര്‍ച്ച് നാലിനുമായാണ് 13, ഒമ്പത് വയസുള്ള സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു മുമ്പ് ഇരുവരും ലൈംഗിക പീഡനത്തിന് വിധേയരായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരില്‍ യഥാക്രമം ഒന്ന്, രണ്ട്, നാല് പ്രതികളായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം മധു, ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെക്കല്‍ വീട്ടില്‍ ഷിബു, വി മധു എന്നിവരെ പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി (പോക്‌സോ) വെറുതെ വിടുകയായിരുന്നു. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഇത്. പ്രതികളില്‍ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ സെപ്തംബര്‍ 30ന് കോടതി വെറുതെ വിട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്തയാളാണ് കേസിലെ അഞ്ചാം പ്രതി.

അതിനിടെ, പോലീസിന്റെ അപ്പീലില്‍ വിശ്വാസമില്ലെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നവരോടൊപ്പം നില്‍ക്കുമെന്നും കുട്ടികളുടെ മാതാവ് പറഞ്ഞു.

---- facebook comment plugin here -----

Latest