Connect with us

Editorial

ആരോഗ്യ കേരളം; താണ്ടാൻ ഏറെ ദൂരം

Published

|

Last Updated

നിതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചതിനു പിന്നാലെ ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച പുരോഗതിയിലും മികവിലും അഭിനന്ദനം അറിയിച്ചു കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർധൻ സംസ്ഥാന സർക്കാറിനു കത്തയച്ചിരിക്കുന്നു. ഈ നേട്ടത്തിന് മുൻ വർഷത്തേക്കാൾ കൂടുതൽ ഫണ്ട് (ഏകദേശം നൂറ് കോടി രൂപ) ഈ വർഷം സംസ്ഥാനത്തിനു അനുവദിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ലോക ബേങ്ക് എന്നിവയുടെ സഹകരണത്തോടെ കഴിഞ്ഞ വർഷം മുതലാണ് നിതി ആയോഗ്, ദേശീയ ആരോഗ്യ സൂചിക തയ്യാറാക്കാൻ തുടങ്ങിയത്. ആരോഗ്യ കേന്ദ്രങ്ങളുടെയും വെൽനെസ് സെന്ററുകളുടെയും നടത്തിപ്പ്, ആരോഗ്യ പരിപാലനം, ശുചിത്വ നിലവാരം, ആശുപത്രികളുടെ പ്രവർത്തനം, ശിശു ജനന മരണ നിരക്ക് കുറക്കൽ തുടങ്ങിയവയാണ് റിപ്പോർട്ടിനു ആധാരമാക്കുന്നത്. 2015-16 മുതൽ 2017 – 18 വരെയുള്ള കാലയളവാണ് ഈ വർഷത്തെ റിപ്പോർട്ടിന് പരിഗണിച്ചത്. കഴിഞ്ഞ വർഷവും സൂചികയിൽ കേരളം തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്.
മന്ത്രി ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടതു പോലെ ആരോഗ്യ രംഗത്ത് സംസ്ഥാനം നടപ്പാക്കി വരുന്ന വിവിധ പദ്ധതികൾക്കുള്ള അംഗീകാരം കൂടിയാണ് നിതി ആയോഗ് റിപ്പോർട്ടിൽ പ്രഥമ സ്ഥാനത്തെത്താനായതും കേന്ദ്രത്തിന്റെ അഭിനന്ദനവും. കാലാകാലങ്ങളിൽ സംസ്ഥാനം ഭരിച്ച ജനകീയ സർക്കാറുകളുടെ ശ്രമഫലമായി ആരോഗ്യ പരിപാലന രംഗത്ത് വികസിത രാജ്യങ്ങളോട് കിടപിടിക്കത്തക്ക പുരോഗതി കൈവരിക്കാൻ സംസ്ഥാനത്തിനായിട്ടുണ്ട്. അതേസമയം നിർമാർജനം ചെയ്യപ്പെട്ടുവെന്നു വിശ്വസിക്കപ്പെട്ടിരുന്ന രോഗങ്ങളുടെ തിരിച്ചുവരവ്, പുതിയ രോഗങ്ങളുടെ കടന്നുവരവ്, ജീവിത ശൈലീരോഗങ്ങളുടെ വർധനവ്, ലഹരിപദാർഥങ്ങളുടെ ഉപയോഗം, വർധിച്ചുവരുന്ന ആത്മഹത്യകൾ തുടങ്ങി, പൊതുജനാരോഗ്യ രംഗത്തെ നേട്ടങ്ങൾ തകിടം മറിക്കുന്ന ചില പ്രവണതകൾ സംസ്ഥാനത്ത് വർധിച്ചു വരുന്ന കാര്യം സർക്കാറും ആരോഗ്യ മേഖലയും ഗൗരവത്തോടെ കാണേണ്ടതുണ്ട്. കേരളത്തിലുൾപ്പെടെ ഭൂതലത്തിന്റെ സിംഹഭാഗത്തുനിന്നും ഏതാണ്ട് ഉന്മൂലനം ചെയ്യപ്പെട്ടുവെന്നു കരുതപ്പെട്ട മലമ്പനി തുടങ്ങിയ രോഗങ്ങൾ ഇന്നു തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. കൂടാതെ നിപ്പാ വൈറസ്, വെസ്റ്റ്‌നൈൽ വൈറസ്, എച്ച്1 എൻ1, ജപ്പാൻജ്വരം തുടങ്ങി പല തരത്തിലുള്ള പുതിയവ കടന്നു വരികയുമാണ്. ഓരോ മഴക്കാലവും അപരിചിതമായ രോഗങ്ങളുമായാണ് കടന്നു വരുന്നത്. ഇത്തരം രോഗങ്ങളും അവയെ തുടർന്നുള്ള മരണങ്ങളും ജനങ്ങളുടെ ഉറക്കം കെടുത്തുകയും ആരോഗ്യ രംഗത്ത് ആശങ്കകളും വെല്ലുവിളികളും ഉയർത്തുകയും ചെയ്യുന്നു.

തീവ്രശ്രമത്തിലൂടെ രോഗങ്ങൾ നിർമാർജനം ചെയ്തതു കൊണ്ടായില്ല, അവ മടങ്ങിവരാതിരിക്കാൻ പ്രതിരോധ ശേഷിയുള്ള അന്തരീക്ഷം സംജാതമാക്കേണ്ടതുണ്ട്. വ്യക്തിശുചീകരണത്തിലും പരിസര ശുചീകരണത്തിലുമുള്ള ശ്രദ്ധക്കുറവാണ് നാടുവിട്ട രോഗങ്ങൾ മടങ്ങി വരാൻ പ്രധാന കാരണം. പരിസരങ്ങൾ സദാ ശുചീകരിച്ചും വെള്ളക്കെട്ടുകൾ ഒഴിവാക്കിയും കൊതുക് വളർച്ച തടയേണ്ടതിന്റെ അനിവാര്യതയെപ്പറ്റി ആരോഗ്യ പ്രവർത്തകർ വീടുകൾ തോറും കയറിയിറങ്ങി ആളുകളെ ബോധവാന്മാരാക്കുന്നുണ്ടെങ്കിലും നല്ലൊരു വിഭാഗവും ഇന്നും അത്തരം കാര്യങ്ങളിൽ അശ്രദ്ധരാണ്. തെറ്റായ ആഹാര രീതിയാണ് ജീവിതശൈലീ രോഗങ്ങളുടെ വർധനക്ക് കാരണം. ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം, രക്തസമ്മർദം, കൊളസ്‌ട്രോൾ തുടങ്ങി നിരവധി ജീവിതശൈലീ രോഗങ്ങൾ കൊണ്ടു പ്രയാസപ്പെടുകയാണ് കേരളീയ സമൂഹം. ദേശീയ ശരാശരിയേക്കാൾ എത്രയോ കൂടുതലാണ് സംസ്ഥാനത്ത് ഇത്തരം രോഗികളുടെ എണ്ണം. കൗമാരപ്രായക്കാരും യുവാക്കളുമടക്കം നിരവധി പേരാണ് ദിനംപ്രതി ഹൃദയാഘാതത്തെ തുടർന്നു മരിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാന മരണ കാരണം ഹൃദ്രോഗവും രണ്ടാമത്തേത് പക്ഷാഘാതവുമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. മുൻ കാലങ്ങളിൽ അപൂർവമായി മാത്രം സംഭവിച്ചിരുന്ന ഹൃദയാഘാതം ഒരു സാംക്രമിക രോഗം കണക്കെയാണ് ഇന്നു സമൂഹത്തെ ബാധിച്ചിരിക്കുന്നത്.

ആരോഗ്യരംഗത്തെ മികവിന് സർക്കാർ ആശുപത്രികളുടെ പ്രവർത്തനവും മികവ് പുലർത്തേണ്ടതുണ്ട്. ജനങ്ങളുടെ ആരോഗ്യപരിപാലനം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന ബോധത്തിലാണ് സംസ്ഥാനത്ത് സർക്കാർ ആശുപത്രികൾ പ്രവർത്തിക്കുന്നത്. എന്നാൽ ചികിത്സാ രംഗത്തെ നൂതനവളർച്ചക്കും പുരോഗതിക്കുമനുസരിച്ചു നമ്മുടെ സർക്കാർ ആശുപത്രികൾ ഉയരുന്നില്ല. മിക്ക ആശുപത്രികളിലും സൗകര്യങ്ങൾ പരിമിതമാണ്. മരുന്ന് കമ്പനികളും സ്വകാര്യലാബുകളുമായുള്ള ഡോക്ടർമാരുടെ അവിശുദ്ധ കൂട്ടുകെട്ട് രോഗികൾക്ക് സർക്കാർ ആശുപത്രികളിലെ ചികിത്സയും ചെലവേറിയതാക്കിത്തീർക്കുന്നു. ഇത് സാധാരണക്കാർ കൂടി സർക്കാർ ആശുപത്രികളെ കൈയൊഴിഞ്ഞു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ ഇടവരുത്തുന്നുണ്ട്. പൊതുചികിത്സാ മേഖലയിലെ ഇത്തരം ദുഷ്പ്രവണതകൾ അവസാനിപ്പിക്കാൻ ഭരണ കൂടത്തിന്റെ ശക്തമായ ഇടപെടൽ ആവശ്യമാണ്. കേവലം ശാരീരികമായ രോഗമുക്തി മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണ് ആരോഗ്യമെന്നതാണ് ലോകാരോഗ്യ സംഘടന നിർവചിച്ചിരിക്കുന്നത്. ഡോക്ടർ, ആശുപത്രി, നഴ്‌സ്, മരുന്ന് എന്ന സമവാക്യത്തിനപ്പുറം ശുദ്ധവായു, ശുദ്ധമായ കുടിവെ ള്ളം, വൃത്തിയുള്ള വീടും പരിസരവും, വൃത്തിയുള്ള തൊഴിൽ സ്ഥലം, വൃത്തിയുള്ള സമൂഹം എന്നിവ കൂടിയതാണ് സമൂഹത്തിന്റെ ആരോഗ്യാവസ്ഥ. പകർച്ചവ്യാധികളുടെയും പകർച്ചേതര വ്യാധികളുടെയും ആധിക്യത്തിൽ നിന്നു മുക്തമായി ആരോഗ്യ കേരളമെന്ന സ്വപ്‌നം സാർഥകമാകണമെങ്കിൽ പുതിയ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചതു കൊണ്ടു മാത്രമായില്ല, മെച്ചപ്പെട്ട ആരോഗ്യ സംസ്‌കാരം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞു സമൂഹം അവരുടെ ജീവിതശൈലിയിലും ശുചീകരണ മേഖലയിലും മാറ്റം വരുത്തുക കൂടി ചെയ്യേണ്ടതുണ്ട്.