Connect with us

Articles

കേരളമല്ല ബിഹാർ എന്നതിനാൽ

Published

|

Last Updated

2015 മെയ് മാസത്തിൽ പാറ്റ്‌നാ- എറണാകുളം തീവണ്ടിയിൽ ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ പഠിക്കാനെത്തിയ അനാഥ ബാല്യങ്ങളുടെ കഞ്ഞിച്ചട്ടിയിൽ ബാലനീതി നിയമത്തിന്റെ ഉരുളൻ കല്ലിട്ട് നമ്മൾ സാമൂഹിക ക്ഷേമവും നിയമപാലനവും ഉറപ്പുവരുത്തി ഏതാണ്ട് അഞ്ച് കൊല്ലത്തോടടുക്കുമ്പോഴാണ് ബിഹാർ സർക്കാർ സുപ്രീം കോടതിയിലും സി ബി ഐ ഹൈക്കോടതിയിലും ഇത് സംബന്ധിച്ച് റിപ്പോർട്ട് കൊടുത്തിരിക്കുന്നത്. സംഭവത്തിൽ ആരോപിക്കുകയും കേസെടുക്കുകയും ചെയ്തിരുന്ന “കുട്ടിക്കടത്ത്” ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു ബി ജെ പി സഖ്യം ഭരിക്കുന്ന ബിഹാർ സർക്കാർ. രക്ഷിതാക്കൾ സൗജന്യ വിദ്യാഭ്യാസത്തിനയച്ച കുട്ടികളെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നാണ് അവർ സുപ്രീം കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. യാതൊരു വിധ തട്ടിപ്പോ ചൂഷണമോ ഈ കേസിൽ ഉണ്ടായിട്ടില്ലെന്നു മാത്രമല്ല തങ്ങളുടെ മക്കൾക്ക് നല്ലൊരു ഭാവി പ്രതീക്ഷിച്ച രക്ഷിതാക്കളുടെ സ്വപ്‌നങ്ങൾ കൂടിയാണ് ഇത്തരമൊരു അനാവശ്യ ഇടപെടലിലൂടെ ഇല്ലാതായതെന്ന് സി ബി ഐയും കണ്ടെത്തിയിരിക്കുന്നു. കേസ് അവസാനിപ്പിക്കുകയാണെന്നും സി ബി ഐ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ്.

സംഭവം കുട്ടിക്കടത്തായിരുന്നില്ലെന്നും സൗജന്യ വിദ്യാഭ്യാസം ലക്ഷ്യമിട്ടായിരുന്നു കുട്ടികൾ യാത്ര ചെയ്തതെന്നും യതീംഖാനയിൽ നിന്ന് സൗജന്യ ഭക്ഷണവും പഠനോപകരണങ്ങളും മറ്റ് സൗകര്യങ്ങളും നൽകിയിരുന്നെന്നും പാറ്റ്‌നയിലെ ശിശുക്ഷേമ സമിതിയുടെ അന്വേഷണത്തിൽ വ്യക്തമായതായാണ് ജനതാദൾ യുണൈറ്റഡ് പ്രതിനിധിയായ രാംസേവക് സിംഗിന്റെ നേതൃത്വത്തിലുള്ള ബിഹാർ സാമൂഹിക ക്ഷേമ വകുപ്പ് അറിയിച്ചത്. യതീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്റെ മുൻകൈയിൽ അന്നത്തെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയെ കണ്ട് വൻ സമ്മർദം ചെലുത്തിയത് കൂടി ഓർക്കുമ്പോഴാണ് ബിഹാർ സർക്കാറിന്റെയും അന്വേഷണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സി ബി ഐയുടെയും റിപ്പോർട്ടുകൾ ശ്രദ്ധേയമാകുന്നത്. കേരളത്തിലെ ശിശുക്ഷേമ സമിതി ചെയർമാന്റെയും റെയിൽവേ പോലീസിന്റെയും അന്നത്തെ സാമൂഹിക ക്ഷേമ, ആഭ്യന്തര വകുപ്പുകളുടെയും സംഭവത്തിലെ നിലപാടുകളെയും ഉദ്ദേശ്യശുദ്ധിയെ തന്നെയും സംശയത്തിലാക്കുന്നതാണ് ഈ റിപ്പോർട്ടുകൾ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

2015 മെയ് 24നാണ് 229 പെൺകുട്ടികളടക്കം 455 വിദ്യാർഥികളെ കൂടെയുള്ള നാല് അധ്യാപകരോടും സഹായികളോടും ഒപ്പം പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പാലക്കാട് ശിശുക്ഷേമ സമിതിയുടെ ചെയർമാനായിരുന്ന “ഫാദർ” കൈമാറിയ കത്താണ് കേസിലേക്ക് നയിച്ചത്. കുറവ് വരുത്തിയില്ല; കൊണ്ടുവന്നവർക്കെതിരെ പാലക്കാട് റെയിൽവേ പോലീസ് സ്‌റ്റേഷനിൽ ഐ പി സി 370(5) പ്രകാരം കുട്ടിക്കടത്തിന് തന്നെ കേസ് രജിസ്റ്റർ ചെയ്തു. പോരാത്തതിന് ഐ പി സി 420/465/468 പ്രകാരം വഞ്ചനാ കുറ്റം, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ കേരള ക്രൈംബ്രാഞ്ച് കൂട്ടിച്ചേർക്കുകയും ചെയ്തു.

അതല്ല രസം, കുട്ടികളുടെ ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട പർവേസ് ആലം തന്റെ സുഹൃത്തായ യതീംഖാന ജീവനക്കാരൻ ആലംഗീറിന്റെ കൂടെ കേരളം കാണാൻ വന്നതായിരുന്നു. ആ പാവത്താനും കിടന്നു ജാമ്യമില്ലാതെ ഒമ്പത് മാസത്തോളം ജയിലിൽ. അറസ്റ്റ് ചെയ്യപ്പെട്ട ഇദ്‌രീസ് അൻസാരി 2011 മുതൽ ഭാര്യയോടൊപ്പം യത്തീംഖാനയിൽ പാചകക്കാരനായി ജോലി ചെയ്യുന്ന ആളാണ്. ഇവരുടെ മകൻ ഷക്കീൽ ഇവിടെ പഠിക്കുകയും ചെയ്യുന്നു. കൂട്ടികളുടെ കൂടെയായതിനാൽ ആ മനുഷ്യനും കൂട്ടിലായി.

കേരളത്തിലെ അനാഥാലയത്തിൽ പഠിച്ചിരുന്ന വിദ്യാർഥികൾ വേനലവധിക്ക് നാട്ടിൽ വന്നപ്പോൾ അവരിൽ കണ്ട മാറ്റങ്ങളാണ് തങ്ങളുടെ കുട്ടികളെ സ്ഥാപനത്തിലേക്ക് അയക്കാൻ ബിഹാറിലെയും ഝാർഖണ്ഡിലെയും രക്ഷിതാക്കളെ പ്രേരിപ്പിച്ചത്. രുചിയുള്ള ഭക്ഷണവും നല്ല വിദ്യാഭ്യാസവും താമസ സൗകര്യവുമൊക്കെ ആ പാവങ്ങൾക്ക് വലിയ പ്രലോഭനം തന്നെയല്ലേ? മൂന്ന് നേരത്തെ ഭക്ഷണത്തിനു പുറമേ ദിവസവും രണ്ട് നേരം ചായയും പലഹാരങ്ങളും കുട്ടികൾക്ക് കൊടുക്കുന്നുണ്ടെന്നൊക്കെ കേട്ടപ്പോൾ പിന്നെ പറയാനുണ്ടോ? അങ്ങനെയുള്ള പുറപ്പാടാണ് പാലക്കാട്ട് വെച്ചു പ്രശ്‌നത്തിലായത്. ഇതോടെ യതീംഖാനകൾക്കെതിരെ പൊതുവേയും മുക്കം മുസ്‌ലിം ഓർഫനേജിനെതിരെ വിശേഷിച്ചും വലിയ കോലാഹലങ്ങൾ നടന്നു. മനുഷ്യക്കടത്തിന്റെ കേന്ദ്രങ്ങളായി യതീംഖാനകളും മുസ്‌ലിം സ്ഥാപനങ്ങളും മുദ്ര കുത്തപ്പെട്ടു. അനാഥകളെ സംരക്ഷിക്കണം എന്ന് താത്പര്യമുള്ളവർ മനുഷ്യക്കടത്തു നടത്താൻ മെനക്കെടാതെ ഝാർഖണ്ഡിലും ബിഹാറിലും പോയി സ്ഥാപനങ്ങൾ തുടങ്ങാൻ നോക്കണമെന്ന് പറഞ്ഞു അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കച്ചവടം മുട്ടിപ്പോകാതിരിക്കാൻ വേണ്ടിയാണ് ഇത്തരം സ്ഥാപനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മനുഷ്യക്കടത്ത് നടത്തുന്നതെന്നൊക്കെ പറഞ്ഞത് പോലീസ് തലപ്പത്തുള്ള ഒരാൾ മാത്രമായിരുന്നില്ല; സമുദായത്തിന്റെ നെഞ്ചിൽ ചവിട്ടി പൊതു മുസ്‌ലിംകളായി അഭിനയിക്കാനുള്ള അവസരത്തിന് വേണ്ടി മത്സരിക്കുന്നവരെല്ലാം ആവേശഭരിതരായി ഈ ഭാഷ്യം ഏറ്റു പാടി.
ഇമ്മാതിരിയൊരു വിഷയം കിട്ടിയപ്പോൾ മാധ്യമങ്ങൾ എപ്പോൾ ജോറാക്കി എന്ന് ചോദിച്ചാൽ മതിയല്ലോ.

കുട്ടിക്കടത്ത് മാത്രമല്ല, തീവ്രവാദം, പീഡനം തുടങ്ങി സ്ഥിരം ചേരുവകൾ ചേർക്കാനും അവർ അമാന്തിച്ചില്ല. സംഗതിയുടെ “ഗൗരവം” കണക്കിലെടുത്താണല്ലോ അന്വേഷണം സി ബി ഐക്ക് കൈമാറിയത്. അത്രത്തോളമെത്തിയിരുന്നു അന്ന് കാര്യങ്ങൾ. സംഭവവുമായി ബന്ധപ്പെട്ടവരെ മനുഷ്യക്കടത്തിന് 370 ചുമത്തണമെന്ന് അന്നത്തെ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീർ തന്നെ നേരിട്ടു പറഞ്ഞതോടെ പൊതുബോധം തിടം വെച്ചു. ഫാദർ ജോസ് പോളിനും ശോഭാ സുരേന്ദ്രനും കാര്യങ്ങൾ എളുപ്പമായി. ചെന്നിത്തല പ്രസ്താവന നടത്തുന്നതിന്റെ രാഷ്ട്രീയ ലാക്ക് മനസ്സിലാക്കാൻ പ്രയാസമില്ല. എന്നാൽ സമുദായത്തിന്റെ മുറിവിൽ കുത്തി പൊതു സ്വീകാര്യനാകുന്നതിന്റെ സുഖവും സൗകര്യവും ആയിരിക്കണം മുനീറിന്റെ നിലപാടിന്റെ ഉന്നം. അത് ആരും ചോദിക്കാനില്ലാത്ത ഉത്തരേന്ത്യയിലെ യതീം കുട്ടികളുടെ ചെലവിലായാൽ ആർക്കെന്തു ചേതം. ഇതേ ശിശുക്ഷേമ സമിതിയുടെ വയനാട്ടിലെ ചെയർമാനായ “ഫാദറും” സമിതി അംഗമായ “സിസ്റ്ററും” ചേർന്നു കൊട്ടിയൂർ പീഡനക്കേസിലെ പ്രധാന പ്രതിയായ മറ്റൊരു പുരോഹിതനെ രക്ഷിക്കാൻ നടത്തിയ നീക്കങ്ങൾ പക്ഷേ ആരുടേയും പൊതുബോധത്തെ അലോസരപ്പെടുത്തിയില്ല.

അതൊക്കെ ചരിത്രം. ഇപ്പോഴിതാ അന്ന് യതീംഖാനകളെ കുറിച്ചു പ്രചരിപ്പിച്ചതെല്ലാം കളവായിരുന്നു വെന്ന് സി ബി ഐ തന്നെ അന്വേഷിച്ച് കണ്ടെത്തിയിരിക്കുന്നു. തങ്ങളുടെ മക്കൾക്ക് നല്ലൊരു ഭാവി പ്രതീക്ഷിച്ച രക്ഷിതാക്കളുടെ സ്വപ്‌നങ്ങൾ കൂടിയാണ് ഇത്തരമൊരു അനാവശ്യ ഇടപെടലിലൂടെ ഉദ്യോഗസ്ഥർ തല്ലിക്കെടുത്തിയതെന്ന് സി ബി ഐ വ്യക്തമാക്കുന്നു. സാമൂഹിക നീതിയെ കുറിച്ച് എം കെ മുനീറിനും രമേശ് ചെന്നിത്തലക്കുമുള്ള നാട്യങ്ങളല്ല, സ്വന്തം മികവ് ഉയർത്തിക്കാട്ടാൻ മലയാളികൾ പലപ്പോഴും പുച്ഛിക്കാറുള്ള ബിഹാറികൾക്കുള്ളത് എന്നു കൂടി വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ടുകൾ. ഈ ഘട്ടത്തിലാണ് മനുഷ്യരുടെ ഓർമ ശക്തിയെയും സാമാന്യ ബുദ്ധിയെയും വെല്ലുവിളിച്ചുകൊണ്ട് എം കെ മുനീർ പുതിയ പ്രസ്താവനയുമായി രംഗത്തു വരുന്നത്.

പഠനാവശ്യാർഥം കേരളത്തിലെ യതീംഖാനകളിലേക്ക് വിദ്യാർഥികൾ വന്ന സംഭവത്തെ ദുഷ്ടലാക്കോടെ പ്രചരിപ്പിച്ചവർ സമൂഹത്തോട് മാപ്പ് പറയണമെന്നാണ് അന്നത്തെ സാമൂഹിക നീതിവകുപ്പ് മന്ത്രിയായിരുന്ന പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീർ ആവശ്യപ്പെട്ടിരിക്കുന്നത്. “വിശ്വോത്തര മാതൃകകളായ കേരളത്തിലെ അനാഥാലയങ്ങളെ ഭീകരകേന്ദ്രങ്ങളായി മുദ്രകുത്തിയും സത്യസന്ധവും നീതിയുക്തവുമായി വിഷയത്തിൽ ഇടപെട്ട യു ഡി എഫ് സർക്കാറിനെ കരിവാരിത്തേച്ചും എൽ ഡി എഫും ഒരു വിഭാഗം മാധ്യമങ്ങളും നടത്തിയ കുപ്രചാരണങ്ങൾ എത്രത്തോളം മുൻവിധി നിറഞ്ഞതായിരുന്നു എന്ന് ഓർക്കുന്നത് നല്ലതാണ്. മറ്റൊരു സംസ്ഥാനത്ത് നിന്ന് കുട്ടികളെ കൂട്ടത്തോടെ കൊണ്ടുവരുമ്പോൾ ഇത് വിദ്യാഭ്യാസ ആവശ്യാർഥമാണെന്ന് വ്യക്തമാക്കുന്ന അവിടുത്തെ സി ഡബ്ല്യു സിയുടെ കത്ത് അനിവാര്യമായിരുന്നു.

മാതാപിതാക്കളുൾപ്പെടെയുള്ളവരുടെ അടുത്ത് അതുണ്ടായിരുന്നില്ലെന്ന സാങ്കേതിക പ്രശ്‌നത്തിന് അപ്പുറം സാമാന്യ ബോധമുള്ളവർക്കെല്ലാം നിജസ്ഥിതി അറിയാമായിരുന്നു.” മുനീർ തുടരുന്നു. മാത്രമല്ല, ബിഹാർ സർക്കാറിന്റെയും സി ബി ഐയുടെയും റിപ്പോർട്ട് സാമൂഹിക ക്ഷേമ വകുപ്പിന്റെ അക്കാലത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണെന്നാണ് മുനീർ തള്ളുന്നത്.

ആത്മവഞ്ചനയെന്ന് ഈ വാക്കുകളെ വിളിച്ചാൽ ആ വാക്ക് പോലും അത് സഹിക്കുമെന്ന് തോന്നുന്നില്ല. ഈ കോലാഹലമെല്ലാം നടക്കുമ്പോൾ ഏത് സർക്കാറായിരുന്നു ഇവിടെ ഉണ്ടായിരുന്നത്? ആരായിരുന്നു ഇവിടുത്തെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സാമൂഹിക നീതി വകുപ്പ് മന്ത്രിയും? സി എച്ച് മുഹമ്മദ് കോയയുടെ മകൻ സാമൂഹിക ക്ഷേമവകുപ്പിന്റെ തലപ്പത്തിരിക്കുമ്പോഴാണ് ഒരു സമുദായവും അവർക്കിടയിലെ ദരിദ്രരിൽ ദരിദ്രരായ അനാഥകളും ഇവ്വിധം പൊതുസമൂഹത്തിൽ വേട്ടയാടപ്പെട്ടത് എന്ന കാര്യം ആരുടെ മറവിയിലേക്ക് തള്ളാനാണ് അദ്ദേഹം ശ്രമിക്കുന്നത്? മുക്കം യതീംഖാനയിലേക്കു കൊണ്ടുവന്നവരുടെ പേരിൽ സ്‌ട്രോംഗായ, ത്രീ സെവന്റി ഇട്ടിട്ട് തന്നെ കേസെടുക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പച്ചയായി പറഞ്ഞ മനത്താംകണ്ടി മുനീർ എന്ന മനുഷ്യനാണ് ഇതൊക്കെയും പറയുന്നത്!

സാമൂഹികക്ഷേമ വകുപ്പിലെ പാലക്കാട്ടെ ഉദ്യോഗസ്ഥരോട് മന്ത്രിക്ക് നേരിട്ട് സംസാരിച്ചു വ്യക്തത വരുത്തി പരിഹരിക്കാൻ കഴിയുമായിരുന്ന ഒരു വിഷയത്തിലാണ് കേരളത്തിലെ മുസ്‌ലിം സമുദായവും അവർ പൊന്നുപോലെ നോക്കി നടത്തുന്ന യതീംഖാനകളും വലിയ വില നൽകേണ്ടിവന്നത്. സാമൂഹിക ക്ഷേമ വകുപ്പിനെയും പോലീസിനെയും വിട്ട് ഈ അനാഥ അഗതികളെ വേട്ടയാടിയ ശേഷം ഇപ്പോൾ സത്യം പുറത്ത് വന്നപ്പോൾ അക്കാലത്ത് ഞാനീ നാട്ടുകാരനായിരുന്നില്ല എന്ന് നടിക്കുകയല്ല, എം കെ മുനീർ ചെയ്യുന്നത്. സംഭവത്തിൽ ഒരു വ്യാജ പ്രതിയെ സൃഷ്ടിച്ച് അതിന് നേരെ ഇപ്പോഴും കല്ലെറിയുകയാണ്. മുസ്‌ലിം സമുദായ സംഘടനകളോട് മനുഷ്യക്കടത്തിന് മെനക്കെടാതെ നോർത്ത് ഇന്ത്യയിൽ പോയി സ്ഥാപനങ്ങൾ തുടങ്ങാൻ നോക്കണമെന്ന് പറഞ്ഞു എരിതീയിൽ എണ്ണപാർന്ന അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ബിഹാർ സർക്കാറിന്റെ പുതിയ റിപ്പോർട്ട് വന്ന സമയത്ത് സ്വന്തം മകന് വേണ്ടി നോർത്ത് ഇന്ത്യയിൽ പോയി ലോബിയിംഗ് നടത്തി എന്ന ആരോപണത്തിനു മറുപടി പറയാൻ ഓടി നടക്കുകയായിരുന്നു എന്നത് വിധിയുടെ മറ്റൊരു വൈപരീത്യം. സ്വന്തം മക്കളുടെ സുരക്ഷിതമായ വിദ്യാഭ്യാസത്തിനും തൊഴിലിനും ഒരു രക്ഷിതാവ് നടത്തുന്ന കരുതലും ആ കരുതൽ മറ്റുള്ളവർ ഒരു വഴിവിട്ട നീക്കമായി കാണുന്നതിലെ മനോവേദനയും നേരിട്ടനുഭവിച്ചതു കൊണ്ടായിരിക്കാം എം കെ മുനീറിനെ പോലെ പഴയ പിഴവുകളെ ഒരലങ്കാരമായി കൊണ്ടുനടക്കാൻ രമേശ് ചെന്നിത്തല മെനക്കെടാതിരുന്നത്.

ഇത്രയും കൂടി: “സി എച്ചിന്റെ കുടുംബത്തിന് ധന സഹായം” എന്ന ഒരു പഴയ പത്രവാർത്തയിൽ ഇങ്ങനെ രേഖപ്പെട്ടു കിടക്കുന്നു. “സി എച്ചിന്റെ മകൻ മുനീറിന് ഇന്ത്യയിലെ എവിടെയും വിദ്യാഭ്യാസം നടത്താനുള്ള ചെലവിന് പുറമേ പ്രതിമാസം 100 ക വീതം പോക്കറ്റ് മണിയും നൽകും. കർണാടകയിലെ മെഡിക്കൽ കോളജിൽ പഠിക്കുകയാണ് മുനീർ. കേരളത്തിലെ മെഡിക്കൽ കോളജിലേക്ക് ആ വിദ്യാർഥിയെ മാറ്റുവാനും തീരുമാനിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി കരുണാകരനാണ് ഈ തീരുമാനങ്ങൾ വെളിപ്പെടുത്തിയത്. മന്ത്രിയായിരിക്കെ മുമ്പ് മൃതിയടഞ്ഞ കെ ടി ജോർജിന്റെയും ടി കെ ദിവാകരന്റെയും മറ്റും കുടുംബാംഗങ്ങൾക്ക് നൽകിയ ആനുകൂല്യങ്ങൾ കീഴ്‌വഴക്കമാക്കിയാണ് സി എച്ചിന്റെ കുടുംബത്തിനും ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു”.

പിതാവ് മരണപ്പെട്ട ഒരു കുട്ടിയോട് അന്ന് കേരളം കാണിച്ച കരുതലിന്റെ ഒരംശമെങ്കിലും ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ പഠിക്കാനെത്തിയ അനാഥ ബാല്യങ്ങളോട് എം കെ മുനീറിന് ഉണ്ടായിരുന്നെങ്കിൽ ആ അനാഥർ, അഗതികൾ ഇപ്പോഴും ഇങ്ങനെ വെയിലത്തും മഴയത്തും നിൽക്കേണ്ടി വരുമായിരുന്നില്ല.

Latest