Connect with us

National

മഹാരാഷ്ട്രയില്‍ ബി ജെ പി നേതൃത്വത്തില്‍ തന്നെ സര്‍ക്കാര്‍ വരുമെന്ന് ഫഡ്‌നാവിസ്; പ്രതിസന്ധി രൂക്ഷം

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് ബി ജെ പി, ശിവസേന കക്ഷികള്‍ തമ്മില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം ദീപാവലിക്കു ശേഷം ശക്തമായ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടണമെന്ന കടുത്ത നിലപാടില്‍ സഖ്യ കക്ഷിയായ ശിവസേന ഉറച്ചു നില്‍ക്കുന്നതിനിടെയാണ് അവര്‍ക്ക് പരോക്ഷ മറുപടിയെന്ന രൂപത്തിലുള്ള ഫഡ്‌നാവിസിന്റെ പ്രതികരണം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 105 സീറ്റുകളാണ് ബി ജെ പിയുടെ കൈവശമുള്ളത്. 56 സീറ്റുകളാണ് ശിവസേനക്കു ലഭിച്ചത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ 144 സീറ്റുകളുടെ ഭൂരിപക്ഷം വേണമെന്നിരിക്കെ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ നിലപാട് ബി ജെ പിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇതിനു പുറമെ, മന്ത്രി സ്ഥാനങ്ങള്‍ പകുതി തങ്ങള്‍ക്കു നല്‍കണമെന്ന ആവശ്യവും ശിവസേന മുന്നോട്ടു വച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ എഴുതി നല്‍കണമെന്നും ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്.
ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശനിയാഴ്ച നടന്ന ശിവസേനാ എം എല്‍ എമാരുടെ യോഗത്തിലുയര്‍ന്ന നിര്‍ദേശം. ഇത് നടക്കില്ലെന്ന് സൂചന നല്‍കുന്നതാണ് ഫഡ്‌നാവിസിന്റെ അഭിപ്രായ പ്രകടനം.

---- facebook comment plugin here -----

Latest