Connect with us

National

ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടറും ഉപ മുഖ്യമന്ത്രിയായി ദുഷ്യന്ത് ചൗതാലയും അധികാരമേറ്റു

Published

|

Last Updated

ചണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രിയായി ബി ജെ പി നേതാവ് മനോഹര്‍ ലാല്‍ ഖട്ടറും ഉപ മുഖ്യമന്ത്രിയായി ജന്‍നായക് ജനതാ പാര്‍ട്ടി (ജെ ജെ പി) നേതാവ് ദുഷ്യന്ത് ചൗതാലയും സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഗവര്‍ണര്‍ സത്യദേവ് നരെയ്ന്‍ ആര്യയാണ് ചണ്ഡീഗഢ് രാജ്ഭവനില്‍ ഇന്ന് ഉച്ചക്കു ശേഷം നടന്ന ചടങ്ങില്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. അധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതിക്കേസില്‍ തീഹാര്‍ ജയിലിലടക്കപ്പെട്ടിരുന്ന ദുഷ്യന്തിന്റെ പിതാവ് അജയിയും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്തു. രണ്ടാഴ്ചത്തെ താത്കാലിക ജാമ്യത്തിലാണ് അജയ് പുറത്തിറങ്ങിയത്.

നിയമസഭാ കക്ഷി നേതാവായി ഖട്ടറിനെ തിരഞ്ഞെടുത്ത ശേഷം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ശനിയാഴ്ച ഗവര്‍ണറെ കാണുകയായിരുന്നു. ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാറിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള കത്ത് ദുഷ്യന്ത് ഗവര്‍ണര്‍ക്ക് നല്‍കുകയും ചെയ്തു. 90 അംഗ സഭയില്‍ ബി ജെ പിക്ക് 40 സീറ്റുകളാണുള്ളത്. ജെ ജെ പിക്ക് 10ഉം. ജെ ജെ പിക്കു പുറമെ ഏഴ് സ്വതന്ത്രര്‍ കൂടി പിന്തുണ അറിയിച്ചതോടെ സഖ്യത്തിന് 57 എം എല്‍ എമാരുടെ പിന്തുണയായി. 2014ല്‍ ബി ജെ പി 47 സീറ്റുകള്‍ നേടിയിരുന്നു.

Latest