Connect with us

Kerala

കരമനയിലെ ദുരൂഹ മരണങ്ങള്‍; പ്രത്യേകാന്വേഷണത്തിന് തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: കരമനയിലെ കാലടിയില്‍ നടന്ന ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസ് പ്രത്യേക സംഘം അന്വേഷിക്കും. തിങ്കളാഴ്ച മുതല്‍ അന്വേഷണം തുടങ്ങും. മരണങ്ങള്‍ക്കു പുറമെ ഭൂമി കൈമാറ്റം സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളും അന്വേഷണ പരിധിയില്‍ വരും.

തിരുവനന്തപുരം കരമന കുളത്തറ ഉമാ മന്ദിരത്തില്‍ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖി അമ്മ, മക്കള്‍ ജയബാലകൃഷ്ണന്‍ നായര്‍, ജയപ്രകാശ് എന്ന ദേവു, ജയശ്രീ, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരന്‍ നാരായണന്‍ നായര്‍, മകന്‍ ജയമാധവന്‍ നായര്‍ എന്നിവരുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയതോടെയാണ് പോലീസ് കേസെടുത്തത്. കൂടത്തായി മോഡലില്‍ നിശ്ചിത ഇടവേളകളിലാണ് ഇവിടെയും മരണങ്ങള്‍ സംഭവിച്ചത്.

2015ല്‍ ജയപ്രകാശ്, 2017ല്‍ ജയമാധവന്‍ നായര്‍ എന്നിവരുടെ മരണങ്ങളാണ് ആദ്യം വിശദമായി അന്വേഷിക്കുക. തുടര്‍ന്ന് കുടുംബത്തില്‍ നടന്ന ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട റവന്യൂ, കോടതി രേഖകള്‍ ശേഖരിച്ച് പരിശോധിക്കും. ജയമാധവന്‍ നായരുടെ ആന്തരികാവയവങ്ങളുടെ പരിശോധന നടന്നിരുന്നുവെങ്കിലും റിപ്പോര്‍ട്ട് ശേഖരിച്ചിരുന്നില്ല. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പോലീസ് കത്ത് നല്‍കും.

കൂട്ടുകുടുംബത്തിലെ 30 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കുടുംബാംഗമല്ലാത്തയാള്‍ക്ക് കൈമാറ്റം ചെയ്തിട്ടുണ്ട്. കാലടിയിലെ 65 സെന്റ് സ്ഥലവും വീടുമാണ് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്ക് കൈമാറിക്കൊണ്ട് വില്‍പത്രം എഴുതിയിട്ടുള്ളത്. വില്‍പത്രം തയാറാക്കിയതില്‍ ക്രമക്കേടുണ്ടെന്ന് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Latest