Connect with us

Kerala

മഅ്ദനിയുടെ വിചാരണ പൂർത്തിയാക്കാൻ ഇടപെടണമെന്ന് ഗവർണറോട് മുസ്‌ലിം നേതാക്കൾ

Published

|

Last Updated

തിരുവനന്തപുരം: പി ഡി പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ കേസ് വിചാരണ ഉടൻ പൂർത്തിയാക്കുന്നതിനും അദ്ദേഹത്തിന് നീതി ലഭ്യമാക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികൾ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ സന്ദർശിച്ചു. പണ്ഡിതനും രാഷ്ട്രീയ മനുഷ്യാവകാശ പ്രവർത്തകനുമായ അബ്ദുന്നാസിർ മഅ്ദനി കഴിഞ്ഞ രണ്ട് ദശകങ്ങളായി നീതിനിഷേധവും മനുഷ്യാവകാശലംഘനവും നേരിടുകയാണെന്ന് കാണിച്ച് പ്രതിനിധികൾ ഗവർണർക്ക് നിവേദനം നൽകിയിരുന്നു.

മഅദ്നി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് നേരിടുന്നതെന്നും നേതാക്കൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നേരത്തേ മഅ്ദനിക്ക് ജാമ്യം അനുവദിച്ച വേളയിൽ വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കമെന്ന് സുപ്രീം കോടതിക്ക് കർണാടക സർക്കാർ നൽകിയ ഉറപ്പു ലംഘിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞു. ഈ സാഹചര്യത്തിൽ ബെംഗളൂരുവിൽ കഴിയുന്ന അബ്ദുന്നാസിർ മഅ്ദനിയുടെ കേസ് വിചാരണ വേഗത്തിലാക്കി നീതി ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് വിവിധ മുസ്‌ലിം സംഘടനാനേതാക്കൾ ഒപ്പിട്ട നിവേദനത്തിൽ അഭ്യർഥിച്ചു.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, ടി പി അബ്ദുല്ല കോയ മദനി, എം ഐ അബ്ദുൽ അസീസ്, ഡോ. അബ്ദുൽഹകീം അസ്ഹരി കാന്തപുരം, ചേലക്കുളം അബുൽ ബുഷ്‌റാ മൗലവി, കെ പി അബൂബക്കർ ഹസ്‌റത്ത,് കടക്കൽ അബ്ദുൽ അസീസ് മൗലവി, മമ്പാട് നജീബ് മൗലവി, സി പി കുഞ്ഞിമുഹമ്മദ്, ഡോ. ഫസൽ ഗഫൂർ, വി എ സെയ്ദു മുഹമ്മദ്, എ സൈഫുദീൻ ഹാജി, ഹാഫിസ് അബ്ദുശുക്കൂർ ഖാസിമി, സയ്യിദ് മുത്തുക്കോയ തങ്ങൾ, വി പി ശുഹൈബ് മൗലവി, പാച്ചല്ലൂർ അബ്ദുസലീം മൗലവി, പി എം എസ് എ ആറ്റക്കോയ തങ്ങൾ, അഹമ്മദ് കബീർ മൗലവി, അബ്ദുൽ ഹമീദ് മൗലവി തുടങ്ങിയവർ നിവേദനത്തിൽ ഒപ്പ് വെച്ചിട്ടുണ്ട്.