Connect with us

National

ആദ്യം 25 അടി, ഇപ്പോള്‍ 100 അടി താഴ്ചയില്‍; കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

Published

|

Last Updated

ചെന്നൈ: തമിഴ്നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമം 24 മണിക്കൂര്‍ പിന്നിട്ടിട്ടും തുടരുന്നു. നേരത്തെ 25 അടി താഴ്ചയിലുണ്ടായിരുന്ന കുട്ടി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടെ കൂടുതല്‍ താഴ്ചയിലേക്ക് പതിച്ചു. സമാന്തരമായി കുഴിയെടുക്കുന്നതിനിടയിലാണ് കുട്ടി കൂടുതല്‍ താഴ്ചയിലേക്കെത്തിയത്. നിലവില്‍ 100 അടിയോളം താഴ്ചയിലാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈഡ്രോളിക് സംവിധാനവും കുഴല്‍ക്കിണറിലേക്ക് കയര്‍ ഇറക്കി കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമവും പരാജയപ്പെടുകയായിരുന്നു.

തിരുച്ചിറപ്പള്ളി-നാടുകാട്ടുപ്പട്ടിയില്‍ സ്വദേശിയായ ബ്രിട്ടോയുടെ മകന്‍ സുജിത്ത് വില്‍സണ്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ വീട്ടുമുറ്റത്ത് കുഴല്‍ക്കിണറിനായി എടുത്ത കുഴിയില്‍ വീണത്. ദേശീയ ദുരന്തനിവാരണസേന അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയെങ്കിലും കുട്ടിയെ പുറത്തെടുക്കാനായില്ല. ചെളിവീഴുന്നതും നനവുള്ളതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ടെന്നും നേരത്തെ കുട്ടിയുടെ കരച്ചില്‍ കേട്ടിരുന്നെങ്കിലും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു.

കിണറ്റിലേക്ക് ഓക്‌സിജന്‍ നല്‍കി വരുന്നുണ്ട്. ഏകദേശം അറുപതടിയോളം താഴ്ച വരെ മൈക്രോ ക്യാമറ എത്തിച്ച് കുട്ടിയെ നിരീക്ഷിക്കുന്നുണ്ട്. ഇതിലൂടെ കുട്ടി ശ്വസിക്കുന്നത് അറിയാന്‍ സാധിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി അയല്‍ജില്ലകളില്‍നിന്നും കൂടുതല്‍ വിദഗ്ധസംഘങ്ങള്‍ എത്തിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി വിജയഭാസ്‌കര്‍ പറഞ്ഞു.