Connect with us

Sports

കേരളത്തിൽ ക്രിക്കറ്റ് സ്റ്റേഡിയത്തിനുള്ള ശ്രമം തുടരും: കൊച്ചിക്ക് ആദ്യ പരിഗണന- ജയേഷ് ജോർജ്

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുമെന്ന് ബി സി സി ഐ ജോയിന്റ്സെക്രട്ടറി ജയേഷ് ജോർജ്. സ്വന്തമായി സ്റ്റേഡിയം നിർമിക്കുമ്പോൾ കൊച്ചിക്കാണ് ആദ്യ പരിഗണനയെന്നും എറണാകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ അദ്ദേഹം വ്യക്തമാക്കി.

ഇടക്കൊച്ചിയിൽ സ്റ്റേഡിയത്തിനായി വാങ്ങിയ സ്ഥലത്ത് നിർമിക്കാൻ പറ്റിയില്ലങ്കിൽ മറ്റ് സാധ്യതകൾ തേടും. ടെസ്റ്റ് മത്സരങ്ങൾ കാര്യവട്ടത്തേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

കലൂർ നെഹ്‌റു സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക് പ്രധാന്യം നൽകും. കെ സി എയുടെ ആസ്ഥാനം തിരുവനന്തപുരത്തും അന്താരാഷ്ട്ര സ്റ്റേഡിയം കൊച്ചിയിലുമാകണമെന്ന് എസ് കെ നായർ അധ്യക്ഷനായിരുന്ന കാലത്ത് തന്നെ തീരുമാനിച്ചതാണ്. അനാവശ്യ വിവാദങ്ങളുണ്ടായതിനാൽ കൊച്ചിയിൽ ഇപ്പോൾ മത്സരം നടത്താൻ കഴിയാത്ത സ്ഥിതിയാണ്.
ഫുട്‌ബോളും ക്രിക്കറ്റും കളിക്കുന്ന സ്റ്റേഡിയങ്ങൾ ഇന്ത്യയിൽ തന്നെയുണ്ട്. ഇക്കാര്യം ജി സി ഡി എ ചെയർമാനുമായി ചർച്ച ചെയ്യും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സി ഇ ഒയുമായി സംസാരിച്ചിരുന്നു. അവർക്ക് എതിർപ്പില്ലെങ്കിലും ഐ എസ് എൽ മത്സരങ്ങൾ ആറ് മാസമായി നീണ്ടതാണ് ഒരു തടസ്സം. കെ സി എയുടെ കൈവശമിരുന്നപ്പോൾ അന്താരാഷ്ട്ര മത്സരങ്ങളും ഫസ്റ്റ് ക്ലാസ് മത്സരങ്ങളുമായി സ്റ്റേഡിയം സജീവമായിരുന്നു.

ഐ എസ് എല്ലിന്റെ ഒമ്പത് മത്സരങ്ങളെ ഒരു വർഷം നടക്കുന്നുള്ളൂ. ബാക്കി ദിവസങ്ങളിൽ സ്റ്റേഡിയം വെറുതെ കിടക്കുകയാണ്. കാര്യവട്ടം സ്റ്റേഡിയം കെ സി എക്ക് വാങ്ങാമെങ്കിലും ഇത് സാമ്പത്തികമായി ലാഭകരമാകുമോയെന്ന് സംശയമാണ്. വാണിജ്യ സ്ഥാപനങ്ങളും മറ്റുമുള്ളതിനാൽ കമ്പനികൾക്കാണ് കൂടുതൽ യോജ്യം.

ആരു വാങ്ങിയാലും മത്സരങ്ങൾ നടത്തുന്നതിന് തടസ്സമുണ്ടാകില്ല. അഞ്ച് കേന്ദ്രങ്ങളിൽ മാത്രം ടെസ്റ്റ് നടത്തിയാൽ മതിയെന്ന് വിരാട് കോലി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കൂടുതൽ കേന്ദ്രങ്ങളിൽ നടത്തണമെന്നാണ് തന്റെ അഭിപ്രായം. ഇന്ത്യയിലെ ആദ്യത്തെ ഡേ- നൈറ്റ് ടെസ്റ്റ് കൊൽക്കത്തയിൽ നടന്നേക്കും. ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇതിന് മുൻകൈയെടുക്കുന്നുണ്ട്. സുപ്രീം കോടതി നിയോഗിച്ച വിനോദ് റായ് സമിതിയുടെ ശിപാർശകൾ പൂർണമായും നടപ്പാക്കാൻ സാധിക്കില്ല.

സംസ്ഥാന ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് സമിതിയിൽ അംഗമാകാൻ മാനദണ്ഡം 30 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരം കളിച്ചിരിക്കണമെന്നും വിരമിച്ച് അഞ്ച് വർഷം പൂർത്തിയാകണമെന്നുമാണ്. എന്നാൽ കേരളത്തിൽ ഈ മാനദണ്ഡപ്രകാരം മൂന്നോ നാലോ പേർ മാത്രമാണുള്ളത്. ഇതടക്കമുള്ള പല നിർദേശങ്ങളും അപ്രായോഗികമാണ്. ഇക്കാര്യം ബി സി സി ഐ ചർച്ച ചെയ്തിരുന്നു. സുപ്രീം കോടതിയിൽ വിനോദ് റായ് ശിപാർശകളിലെ അപാകതകൾ ചൂണ്ടിക്കാട്ടാൻ ബി സി സി ഐ മുൻകൈയെടുക്കുമെന്നും അദേഹം പറഞ്ഞു.

Latest